Connect with us

Kerala

എവിടെ മോദി തരംഗം?

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി ജെ പിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്തൊരിടത്തും ബി ജെ പി തരംഗമോ മോദി തരംഗമോ നിലനിൽക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇത്തവണ ഇന്ത്യ സഖ്യം ദേശീയതലത്തിൽ സർക്കാർ രൂപവത്കരിക്കും. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി ജെ പിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവർക്ക് വലിയ രീതിയിൽ ആശങ്കയുണ്ട്.

നരേന്ദ്രമോദിക്കും ബി ജെ പി നേതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തിരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി കെ ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥമുള്ള റോഡ് ഷോയിൽ പങ്കെടുത്ത ശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ. യു പി എ സഖ്യം വലിയ പ്രതിസന്ധിയിൽ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളം 19 എം പിമാരെ സമ്മാനിച്ചത്.
അതുകൊണ്ട് തന്നെ കേരളത്തോട് കോൺഗ്രസ്സിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോൺഗ്രസ്സിന്റെ ചരിത്രവും. ആ ചരിത്രവും കോൺഗ്രസ്സിന്റെ മതേതര ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികൾ. ഇത്തവണയും അതിഗംഭീര വിജയം യു ഡി എഫിന് കേരളം നൽകും. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ മത്സരിക്കാൻ അവസരം നൽകിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തിൽ തിരുവനന്തപുരത്തുകാർ വിജയിപ്പിക്കും. ബി ജെ പി സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ കേരളത്തിനോ കർണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നൽകിയതെന്ന് ശിവകുമാർ ചോദിച്ചു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താൻ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്ര മോദി നൂറിലധികം സിറ്റിംഗ് എം പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള മോദിയുടെ നീക്കം ഫലപ്രദമാകില്ല. ദക്ഷിണേന്ത്യയിൽ അവർ ഒരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്ര മന്ത്രിമാരും എം പിമാരും ഉൾപ്പെടെയുള്ള പ്രമുഖർ തോൽക്കും. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ഇന്ത്യ മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, ഡി സി സി പ്രസിഡന്റ് പാലോട് രവി, മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കെ പി സി സി വൈസ് പ്രസിഡന്റ് എൻ ശക്തൻ പങ്കെടുത്തു.