Connect with us

Articles

ജനകീയ പ്രതിരോധങ്ങള്‍ക്ക് പ്രതിപക്ഷമെവിടെ?

അടിയന്തരാവസ്ഥാ കാലം മുതല്‍ സി എ എ വിരുദ്ധ സമരം വരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കരുത്ത് പകരുന്ന മുന്നേറ്റങ്ങളായിരുന്നു. എന്നാല്‍ ഇന്ന് രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അരക്ഷിതാവസ്ഥയില്‍ സഞ്ചരിക്കുമ്പോള്‍ ജനങ്ങളെ അണിനിരത്തി ദേശീയ തലത്തില്‍ ഒരു ജനകീയ പ്രതിരോധത്തിന് മുതിരാന്‍ പ്രതിപക്ഷ നിരയിലെ ഒരു കക്ഷിക്കും കഴിയാത്തത് ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ്.

Published

|

Last Updated

രാജ്യം ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത നടപടികള്‍ കൊണ്ട് സംഭവബഹുലമായാണ് ഇക്കഴിഞ്ഞ പാര്‍ലിമെന്റ് ശീതകാല സമ്മേളനം സമാപിച്ചത്. ഒരു സഭാ കാലയളവില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതും വിവാദ ബില്ലുകള്‍ ചര്‍ച്ചകളേതുമില്ലാതെ പാസ്സാക്കിയതുമുള്‍പ്പെടെ രാജ്യം ഒരു ഏകാധിപത്യത്തിലേക്ക് അതിവേഗം പാഞ്ഞടുക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ക്കാണ് ശീതകാല സമ്മേളനം സാക്ഷിയായത്. ഡിസംബര്‍ 13ന് ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 146 അംഗങ്ങളെയാണ് ഇരു സഭകളില്‍ നിന്നുമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്റെ മറവില്‍ ദോശ ചുട്ടെടുക്കും വേഗത്തില്‍ പാസ്സാക്കിയെടുത്തത് ഈ സെഷനില്‍ അവതരിപ്പിച്ച പത്തും കഴിഞ്ഞ സെഷനുകളില്‍ തീര്‍പ്പുകല്‍പ്പിക്കാതെ പോയ ഏഴുമടക്കം പതിനേഴ് ബില്ലുകള്‍. നിശ്ചയിച്ച ദിവസത്തില്‍ നിന്ന് ഒരു ദിവസം മുമ്പേ സഭ അവസാനിക്കുകയും ചെയ്തു. സര്‍ഗാത്മക സംവാദങ്ങള്‍ കൊണ്ട് കേളികേട്ട രാജ്യത്തിന്റെ പാര്‍ലിമെന്റ് സഭകള്‍ ഇപ്പോള്‍ സമ്മേളിക്കുന്നത് ബില്ലുകള്‍ പാസ്സാക്കിയെടുക്കുന്നതിന് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.

രാജ്യത്തെ മൂന്ന് ക്രിമിനല്‍ നിയമങ്ങളും പൊളിച്ചെഴുതുന്ന ബില്ലുകള്‍, തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള ബില്‍, രാജ്യസുരക്ഷ മുന്‍നിര്‍ത്തി പൗരന്മാരുടെ ഫോണ്‍ കോളുകളും ഇ-മെയില്‍, വാട്‌സ്ആപ്പ് സന്ദേശങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ അധികാരം നല്‍കുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, പോസ്റ്റല്‍ ഉരുപ്പടികളും മറ്റും അധികൃതര്‍ക്ക് തുറന്ന് പരിശോധക്കാന്‍ അനുമതി നല്‍കുന്ന പോസ്റ്റ് ഓഫീസ് ബില്‍ തുടങ്ങിയ ജനാധിപത്യ വിരുദ്ധവും പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതുമായ ബില്ലുകളാണ് ശീതകാല സമ്മേളനത്തില്‍ പാസ്സാക്കിയെടുത്തത്. പാര്‍ലിമെന്റില്‍ മാത്രമല്ല മാധ്യമങ്ങള്‍ പോലും വേണ്ടവിധം ഈ ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ വിട്ടു എന്നതാണ് ഏറെ ദുഃഖകരം. മാത്രവുമല്ല ഇത്രയും ഗുരുതരമായ, രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ പാടെ നിരാകരിക്കുന്ന നിയമങ്ങള്‍ പാസ്സാക്കിയെടുത്തിട്ടും ദേശീയ തലത്തില്‍ ഒരു ജനകീയ പ്രതിഷേധത്തിന് പ്രതിപക്ഷ പാര്‍ട്ടികളോ “ഇന്ത്യ’ മുന്നണിയോ തയ്യാറാകുന്നില്ല എന്നതും അതിശയകരമാണ്.

എന്നാല്‍, പുതുവര്‍ഷ ദിനത്തില്‍ മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ ട്രക്ക് തൊഴിലാളികള്‍ പണിമുടക്കി സമര രംഗത്തിറങ്ങിയതും തൊട്ടടുത്ത ദിവസം സമരം വിജയിച്ച് മടങ്ങിയതും വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യാതിരുന്ന ഈ സമരത്തിന് ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്സ്, ആള്‍ ഇന്ത്യാ മോട്ടോര്‍ ആന്‍ഡ് ഗുഡ്‌സ് ട്രന്‍സ്‌പോര്‍ട്ട് അസ്സോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് നേതൃത്വം നല്‍കിയത്. 95 ലക്ഷം വരുന്ന ട്രക്കുകള്‍ നിരത്തിലിറങ്ങാതെ പ്രതിഷേധിച്ച സമരത്തിന് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ പിന്തുണയുമുണ്ടായിരുന്നു. ദേശീയ- സംസ്ഥാന പാതകളില്‍ ടയര്‍ കത്തിച്ചും വാഹനങ്ങള്‍ റോഡിന് കുറുകെ നിര്‍ത്തിയിട്ടും സമരം കൊഴിപ്പിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധനക്ഷാമവും പച്ചക്കറികള്‍ അടക്കമുള്ള അവശ്യ സാധനങ്ങളുടെ ചരക്ക് നീക്കവും സ്തംഭിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ പാസ്സാക്കി ഈ മാസം 26ന് മുമ്പായി നടപ്പാക്കാനുദ്ദേശിക്കുന്ന ഭാരതീയ ന്യായ സംഹിതയിലെ വാഹനാപകടങ്ങളിലെ മരണവുമായി ബന്ധപ്പെട്ട ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെയാണ് ട്രക്ക് തൊഴിലാളികള്‍ സമരം ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 104ാം വകുപ്പ് പ്രകാരം അപകട മരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നും മരണത്തിന് ഇടയാക്കിയ അപകടമുണ്ടായി വിവരം ഉടന്‍ പോലീസിനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നുമാണ് അനുശാസിക്കുന്നത്. എന്നാല്‍ മുമ്പ് ഐ പി സി 304 (എ) വകുപ്പ് പ്രകാരം മരണ കാരണമാകുന്ന അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ ലഭിച്ചിരുന്നത്. അപകടങ്ങള്‍ മനപ്പൂര്‍വമുണ്ടാക്കുന്നതല്ലെന്നും ആള്‍ക്കൂട്ട മര്‍ദനം ഭയന്നാണ് ഓടിപ്പോകുന്നതെന്നും ഇത്രയും ഭീമമായ തുക പിഴയടക്കാന്‍ സാധിക്കില്ലെന്നും അവകാശപ്പെട്ടാണ് ട്രക്ക് തൊഴിലാളികള്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങിയത്. സമരം രാജ്യത്തെ ചരക്ക് നീക്കത്തെയും മറ്റും വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ഭയന്ന ഭരണകൂടം തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

സമാനമല്ലെങ്കിലും ഇതിനു മുമ്പ് നാം ഒരു സമരം കണ്ടത് രാജ്യത്തെ കര്‍ഷകരുടേതായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന മണ്ണിന്റെ മക്കളുടെ സമര പോരാട്ടം ആദ്യഘട്ടത്തില്‍ മാധ്യമങ്ങളോ ഭരണകൂടമോ മുഖവിലക്കെടുത്തിരുന്നില്ല. അതികഠിന ശൈത്യത്തെ പോലും വകവെക്കാതെ തെരുവില്‍ ഉണ്ടുറങ്ങി പോലീസിന്റെ അടിച്ചമര്‍ത്തലുകളെ ജീവന്‍ കൊടുത്ത് പ്രതിരോധിച്ചു കര്‍ഷകര്‍. ഖലിസ്ഥാന്‍ വാദികളെന്നും രാജ്യദ്രോഹികളെന്നുമുള്ള അധിക്ഷേപങ്ങളെയെല്ലാം നെഞ്ചൂക്ക് കൊണ്ട് നേരിടുകയായിരുന്നു അവര്‍. കൊവിഡ് മഹാമാരിയുടെ ഭീതിദാന്തരീക്ഷത്തിലും പിന്മാറാതെ രാജ്യത്തെ തെരുവുകള്‍ കൈയടക്കിയ കര്‍ഷകരുടെ സമര വീര്യത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ഭരണകൂട അജന്‍ഡകളെ അതത് സമയങ്ങളില്‍ ജനകീയ പ്രതിഷേധം കൊണ്ട് പ്രതിരോധിച്ച ചരിത്രമാണ് രാജ്യത്തിനുള്ളത്. അടിയന്തരാവസ്ഥാ കാലം മുതല്‍ സി എ എ വിരുദ്ധ സമരം വരെയുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കരുത്ത് പകരുന്ന മുന്നേറ്റങ്ങളായിരുന്നു. എന്നാല്‍ ഇന്ന് രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അരക്ഷിതാവസ്ഥയില്‍ സഞ്ചരിക്കുമ്പോള്‍ ജനങ്ങളെ അണിനിരത്തി ദേശീയ തലത്തില്‍ ഒരു ജനകീയ പ്രതിരോധത്തിന് മുതിരാന്‍ പ്രതിപക്ഷ നിരയിലെ ഒരു കക്ഷിക്കും കഴിയാത്തത് ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ്. വലിയ പ്രതീക്ഷയോടെ നോക്കിക്കണ്ട “ഇന്ത്യ’ സഖ്യത്തിന് പോലും ഒരു ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇതുവരെയും സാധിക്കാത്തത് അവരുടെ പരാജമായി കണക്കാക്കാനേ കഴിയൂ.
2024 രാജ്യത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചോ ആറോ മാസങ്ങള്‍ക്കകം നടക്കാനിരിക്കുകയാണ്. ഫാസിസ്റ്റ് ശക്തികള്‍ അവരുടെ ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപനത്തിനുള്ള ഒരുക്കങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സമയമാണ്. വെറുപ്പും വിദ്വേഷവും മനുഷ്യ മനസ്സുകളില്‍ പരമാവധി കുത്തി നിറക്കുന്നതില്‍ അവര്‍ കഠിന പരിശ്രമം തന്നെ നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും അവര്‍ കീഴടക്കിയിരിക്കുന്നു. മാധ്യമങ്ങള്‍ അവരുടെ നാവായി മാറിയിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തം പിന്തുണയുമായി കൂടെ തന്നെ ഉണ്ട്. ഇതിനെല്ലാം കരുത്ത് പകരുന്നത് നിഷ്‌ക്രിയ പ്രതിപക്ഷമാണെന്ന് ധരിച്ചവരുണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താനുമാകില്ല.
രാജ്യം നേരിടുന്ന ഈ പ്രതിസന്ധികളെ നേരിടുകയെന്നത് പ്രധാനമാണ്. അതിന് നേതാക്കള്‍ നടത്തുന്ന വാചാടോപം മതിയാകില്ല. പ്രതിപക്ഷ കക്ഷികള്‍ മുറിക്കകത്തിരുന്ന് ചര്‍ച്ച ചെയ്ത് പിരിയുന്നതില്‍ മാത്രമൊതുങ്ങാതെ ജനങ്ങളിലേക്കിറങ്ങുകയാണ് വേണ്ടത്. ഇനിയും സമയം വൈകിയിട്ടില്ല. പരസ്പര ഭിന്നതകള്‍ മാറ്റി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി ഭാസുരമായ രാജ്യത്തിന്റെ ഭാവിക്കായി ഒരുമിച്ചിറങ്ങേണ്ട സമയമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

---- facebook comment plugin here -----

Latest