Connect with us

തെളിയോളം

മരം വീഴുന്നിടത്ത് പുല്ല് നിവർന്നു നിൽക്കും

നമ്മൾ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, വിമർശിക്കപ്പെടുമ്പോൾ നമ്മുടെ നേരെ ഒരു പുലി കുതിച്ചു ചാടുന്ന പ്രതീതിയാണ് ഉണ്ടാവുക. എന്നാൽ മറ്റു വിധത്തിൽ അതിനോട് നാം പ്രതികരിക്കാൻ സ്വയം പരിശീലിക്കുന്നതിലൂടെ സാധ്യമാകുന്ന വളർച്ച നമ്മെ അതിശയിപ്പിക്കും. വിയോജിക്കാനും വിമർശനം കേൾക്കാനും തുടങ്ങും മുമ്പ് ഒന്നറിയുക. കപ്പൽ ഏറ്റവും സുരക്ഷിതമായത് തുറമുഖത്താണ്, എന്നാൽ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കാനല്ല കപ്പൽ നിർമിക്കപ്പെടുന്നത്.

Published

|

Last Updated

കൊടുങ്കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണേക്കാം. എന്നാൽ ചെറിയ പുൽക്കൊടികൾ ഏത് കാറ്റിനു ശേഷവും നിവർന്നു തന്നെ നിൽക്കുന്നതു കാണാം. അടിച്ചു വീശുന്ന കാറ്റിനെ സ്വീകരിച്ചും ഉൾക്കൊണ്ടും പ്രതിരോധിക്കുന്ന പുൽനാമ്പുകളുടെ ശൈലിയാണ് അവക്ക് പുതുജീവൻ സമ്മാനിക്കുന്നത്. നമുക്ക് നേരെ വരുന്ന വിമർശനങ്ങളോടും വിയോജിപ്പുകളോടും ഈ രീതി സ്വീകരിച്ചാൽ എങ്ങനെയുണ്ടാകും?

പരസ്പരവിരുദ്ധമായ ആശയങ്ങളും വിയോജിപ്പുകളും മൂലമുണ്ടാകുന്ന സംഘർഷം പലർ ഒന്നിച്ചിരിക്കുന്നിടത്ത് സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസങ്ങളും അനുബന്ധ സംഘർഷങ്ങളും പൂർണമായും ഒഴിവാക്കാൻ എവിടെയും സാധ്യമല്ല. വളർച്ചയെപ്പറ്റി ചിന്തിക്കുന്ന നേതൃത്വങ്ങൾ ഇത്തരം സംഘർഷങ്ങൾ നന്നായി കൈകാര്യം ചെയ്ത് അതിനെ ഗുണകരമായി പ്രയോജനപ്പെടുത്തും. ഉത്പാദനപരമായ വിയോജിപ്പിന്റെയും സംവാദത്തിന്റെയും പ്രശ്‌ന പരിഹാരത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾ തുറന്ന ആശയവിനിമയവും നവീകരണവുമാണ് പ്രാപ്തമാക്കുന്നത്.

രണ്ടുപേർ ഒരേ ചിന്തയുള്ളവരാണെന്നു പറഞ്ഞാൽ അവരിൽ ആരോ ഒരാൾ ചിന്തിക്കുന്നില്ല എന്നാണർഥമെന്ന് ഒരു ചൊല്ലുണ്ട്. “ചിന്തയുടെ തുടക്കം വിയോജിപ്പിലാണ്, മറ്റുള്ളവരുമായി മാത്രമല്ല, നമ്മോടും’ എന്ന എറിക് ഹോഫറുടെ വാക്കുകൾ ശ്രദ്ധേയമാണ്. വിയോജിക്കാൻ അവസരം തുറന്നുകൊടുക്കുക എന്നത് ചുരുക്കം ചിലരുടെ അപൂർവ ഗുണമായാണ് കണ്ടുവരുന്നത്. നമ്മുടെ മനസ്സ് വിമർശനത്തെ പലപ്പോഴും ഒരു കടന്നുകയറ്റമായി കാണുന്നു എന്നതാണ് സത്യം. “നമ്മോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നമുക്ക് പെട്ടെന്ന് സ്വീകാര്യമായിരിക്കില്ല, പക്ഷേ, അത്തരക്കാർ നമുക്ക് ഏറെ ഗുണങ്ങൾ സമ്മാനിക്കും. മനുഷ്യശരീരത്തിലെ വേദനയുടെ അതേ പ്രവർത്തനം ഇത് നിറവേറ്റുന്നു.

അനാരോഗ്യകരമായ അവസ്ഥകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു’. വിയോജിപ്പും വിമർശനങ്ങളും എങ്ങനെ കാണണം എന്ന് വിൻസ്റ്റൺ ചർച്ചിൽ മനോഹരമായി സംഗ്രഹിച്ച വാക്കുകളാണിത്. ഒരു ജീവനക്കാരൻ വളരെ കൂടുതൽ കഠിനാധ്വാനം ചെയ്യുന്നവനായിട്ടും ഉദ്ദേശിച്ച റിസൾട്ട് കിട്ടാതെ വന്നാൽ നിർദയവും പ്രയോജനകരമല്ലാത്തതുമായ വിമർശന വാക്കുകൾ ഇതുപോലെ വരാം, “നിനക്ക് ഒരിക്കലും അത് നന്നായി ചെയ്യാനാവില്ല, എന്തൊരു വല്ലാത്ത ദുരന്തമാണ് നീ?’ എന്നാൽ സൃഷ്ടിപരമായ വിമർശനം ഇതുപോലെയായിരിക്കും: “പുതിയ ടൂളുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ നിങ്ങൾ ശരിക്കും കുറച്ചു കൂടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ദുർബലമായ ടൂളുകൾ കാരണം നിങ്ങൾക്ക് ഇന്ന് നിരവധി ഉയർന്ന സാധ്യതകൾ നഷ്ടപ്പെട്ടു’ ഇത് വിയോജിക്കുന്നതിന്റെ ഒരു ധനാത്മക രീതിയാണ്. കേൾക്കുന്നയാളിൽ ശക്തി നിറക്കുന്നതും എന്നാൽ തിരുത്താൻ പ്രചോദിപ്പിക്കുന്നതുമായ ഈ ശൈലിയാണ് വിമർശിക്കുന്നയാൾക്ക് അനുയോജ്യം.

വിമർശിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതിനേക്കാൾ അവ സ്വീകരിക്കാനുള്ള മനോഗതിയാണ് കൂടുതൽ നല്ലത്. കാരണം പലപ്പോഴും നമ്മുടെ ചില തെറ്റുകൾ നമ്മുടെ സ്വന്തം കണ്ണുകൊണ്ട് കാണാൻ കഴിയില്ല. വിമർശനങ്ങൾ നൽകുമ്പോൾ നമ്മിൽ മിക്കവർക്കും കുറ്റബോധം തോന്നുകയും സ്വീകരിക്കുമ്പോൾ ഇരയാക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് പലപ്പോഴും നാം സുരക്ഷിതമായി പരസ്പരം ഇടപഴകാനുള്ള പ്രവണതയാണ് ഉണ്ടാവാറ്. അഥവാ നമ്മൾ മനസ്സിലാക്കിയ ഒരാളുടെ പിഴവ് പറയാതെ ഇടപഴകുകയും ഉപരിപ്ലവവും പരസ്പരം ആഹ്ലാദകരവുമായ സംഭാഷണങ്ങൾ മാത്രം നടത്തുകയും ചെയ്ത് മുന്നോട്ടു പോകും.

നമ്മൾ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി, വിമർശിക്കപ്പെടുമ്പോൾ നമ്മുടെ നേരെ ഒരു പുലി കുതിച്ചു ചാടുന്ന പ്രതീതിയാണ് ഉണ്ടാവുക. എന്നാൽ മറ്റു വിധത്തിൽ അതിനോട് നാം പ്രതികരിക്കാൻ സ്വയം പരിശീലിക്കുന്നതിലൂടെ സാധ്യമാകുന്ന വളർച്ച നമ്മെ അതിശയിപ്പിക്കും. വിയോജിക്കാനും വിമർശനം കേൾക്കാനും തുടങ്ങും മുമ്പ് ഒന്നറിയുക. കപ്പൽ ഏറ്റവും സുരക്ഷിതമായത് തുറമുഖത്താണ്, എന്നാൽ തുറമുഖത്ത് നങ്കൂരമിട്ട് കിടക്കാനല്ല കപ്പൽ നിർമിക്കപ്പെടുന്നത്.

---- facebook comment plugin here -----

Latest