Connect with us

Editors Pick

ഇനിയിപ്പൊ ഏത്‌ ബട്ടൺ കൊടുക്കും? മണിക്കൂറുകൾക്കകം 14 മില്യണും കടന്ന്‌ യുആർ ക്രിസ്റ്റ്യാനോ

10 മില്യൺ സബ്സ്ക്രേബേഴ്സിലേക്ക് 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡാണ്‌ ക്രിസ്റ്റ്യാനോ വെറും 10 മണിക്കൂറിൽ തകർത്തത്‌.

Published

|

Last Updated

യൂട്യൂബിലും മാസ്‌ എൻട്രി നടത്തിയിരിക്കുകയാണ്‌ ഇതിഹാസ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ‘യുആർ ക്രിസ്റ്റ്യാനോ’ എന്ന ചാനൽ തുടങ്ങി 17 മണിക്കൂർ പിന്നിടുമ്പോൾ താരത്തെ സബ്സ്ക്രൈബ് ചെയ്തത് 15 മില്യണോളം പേരാണ്. ചാനൽ തുടങ്ങി ഒന്നര മണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്സ് പിന്നിട്ട താരത്തെ തേടി യൂട്യൂബിന്റെ ഗോൾഡ് പ്ലേ ബട്ടൺ എത്തി. പ്ലേ ബട്ടൺ കിട്ടിയ സന്തോഷം താരവും കുടുംബവും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

10 മില്യൺ സബ്സ്ക്രേബേഴ്സിലേക്ക് 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിൻ്റെ റെക്കോർഡാണ്‌ ക്രിസ്റ്റ്യാനോ വെറും 10 മണിക്കൂറിൽ തകർത്തത്‌. ലക്ഷണക്കണക്കിന് പേരാണ് ഓരോ നിമിഷവും താരത്തിന്‍റെ ചാനൽ സബ്‌ സ്‌ക്രൈബ് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരമാണ്‌ ക്രിസ്റ്റ്യാനോ. വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ പേരാണ് സിആർ 7നെ പിന്തുടരുന്നത്. താരത്തിന്റെ റെക്കോഡ് വേഗത്തിലുള്ള പോക്കുകണ്ട് യൂട്യൂബിനുവരെ കണ്ണുത്തള്ളിയെന്ന്‌ ആരാധകർ കുറിക്കുന്നു.

ഇനി യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന റെക്കോർഡും പോർച്ചുഗീസ്‌ താരം സ്വന്തമാക്കുമോയെന്നേ അറിയാനുള്ളൂ. 311 മില്യൺ സബ്സ്ക്രൈബേഴ്സുള്ള മിസ്റ്റർ ബീസ്റ്റാണ്‌ ഇപ്പോൾ ഒന്നാമത്‌. രണ്ടാമതുള്ള ടി സീരീസിനെ 272 മില്യൺ ആളുകൾ പിന്തുടരുന്നുണ്ട്.

ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലിൽ 19 വിഡിയോകൾ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനകം ലക്ഷക്കണക്കിന്‌ പേർ വീഡിയോകൾ കണ്ടുകഴിഞ്ഞു. യൂട്യൂബ് ചാനലില്‍ ഫുട്‌ബാള്‍ മാത്രമല്ല, കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.