Connect with us

Editors Pick

വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏത്?

ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗ്ഗമാണ് വിമാന യാത്ര. 2019ൽ ആഗോളതലത്തില്‍ 70 ദശലക്ഷം വിമാനസർവീസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതില്‍ എട്ട് അപകടങ്ങളിലായി 257 പേർ മാത്രമാണ് മരിച്ചതെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.

Published

|

Last Updated

ഒരു വിമാനയാത്ര ബുക്ക് ചെയ്യുമ്പോള്‍, ഏത് സീറ്റാണ് അടിയന്തിര സാഹചര്യങ്ങളില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല അല്ലേ? എന്നാൽ ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ഭൂരിഭാഗം ആളുകളും ലെഗ് റൂം പോലെയുള്ള സൗകര്യമോ ടോയ്ലറ്റുകളിലേക്ക് എളുപ്പത്തില്‍ പോകാന്‍പ്പറ്റിയ സൗകര്യമോ നോക്കിയാണ് സീറ്റുകൾ ബുക്ക് ചെയ്യുന്നത്. പതിവ് യാത്രക്കാരാണെങ്കിൽ, കഴിയുന്നത്ര മുൻവശത്താകും സീറ്റ് തിരഞ്ഞെടുക്കുക. ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍ വേഗത്തില്‍ ഇറങ്ങാനാകുമെന്നതാണ് ഇതിന് കാരണം.

എന്നാൽ വ്യോമയാന വിദ്ഗധർ പറയുന്നത് അനുസരിച്ച് വിമാനത്തിലെ അവസാന നിരയിലെ മധ്യഭാഗത്തെ സീറ്റുകളാണ് കൂടുതൽ സുരക്ഷിതം. 1989-ല്‍ അയോവയിലെ സിയോക്സ് സിറ്റിയില്‍ യുണൈറ്റഡ് ഫ്‌ലൈറ്റ് 232-അപകടത്തില്‍പ്പെട്ടപ്പോള്‍ 269 യാത്രക്കാരിൽ 184 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസിന് പിന്നില്‍ യാത്ര ചെയ്തവരാണ്. 35 വര്‍ഷത്തെ വിമാനാപകട ഡാറ്റ പരിശോധിച്ചാല്‍ വിമാനത്തിന്റെ മധ്യ പിന്‍ സീറ്റുകളില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണെന്നും കാണാം.

ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗ്ഗമാണ് വിമാന യാത്ര. 2019ൽ ആഗോളതലത്തില്‍ 70 ദശലക്ഷം വിമാനസർവീസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതില്‍ എട്ട് അപകടങ്ങളിലായി 257 പേർ മാത്രമാണ് മരിച്ചതെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. യുഎസ് നാഷണല്‍ സേഫ്റ്റി കൗണ്‍സിലിന്റെ സെന്‍സസ് ഡാറ്റയനുസരിച്ച്, വിമാനത്തില്‍ മരിക്കാനുള്ള സാധ്യത 2,05,552 ല്‍ 1 മാത്രമാണ്. കാറപകടങ്ങളിൽ ഇത് 102ൽ ഒന്നാണ് എന്ന് ഓർക്കുക.

വിമാനങ്ങള്‍ തമ്മില്‍ നേരിയ വ്യത്യാസം വരാന്‍ സാധ്യതയുള്ളത് എയര്‍ സ്പീഡിലാണ്. എന്നിരുന്നാലും, പറക്കലിന്റെ ഭൗതികശാസ്ത്രം എല്ലാ വിമാനങ്ങളിലും ഏറെക്കുറെ സമാനമാണ്. സാധാരണയായി വലിയ വിമാനങ്ങള്‍ക്ക് കൂടുതല്‍ ഘടനാപരമായ വസ്തുക്കള്‍ ഉണ്ടായിരിക്കും. അതിനാല്‍ ഉയരത്തില്‍ സമ്മര്‍ദ്ദം നേരിടാന്‍ സാധ്യത കൂടുതലാണ്. സീറ്റ് ബെല്‍റ്റുകള്‍ മുറുകെ പിടിക്കാന്‍ ക്യാബിന്‍ ക്രൂ നമ്മെ ഓര്‍മ്മിപ്പിക്കുന്നതിന്റെ പ്രധാന കാരണം ക്രാഷ് റിസ്‌ക് കൊണ്ടല്ല. മറിച്ച് ഉയര്‍ന്ന ഉയരത്തില്‍ എപ്പോള്‍ വേണമെങ്കിലും അനുഭവപ്പെടാവുന്ന വായു പ്രവാഹം കൊണ്ടാണ്. ഈ കാലാവസ്ഥ വിമാനങ്ങള്‍ക്ക് വലിയ തോതില്‍ അപകട സാധ്യത ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ, വിമാനാപകടങ്ങളുടെ തീവ്രത അത് സംഭവിക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്ന് കൂടി ഓർക്കണം. പർവതത്തിന്റെ ചരിവിൽ തകർന്നുവീഴുന്നതും കടലിൽ തകർന്നുവീഴുന്നതും തുറസ്സായ സ്ഥലങ്ങളിൽ തകർന്നുവീഴുന്നതുമെല്ലാം വ്യത്യസ്ത രീതിയിലാണ് യാത്രക്കാരെ ബാധിക്കുക.

ചുരുക്കി പറഞ്ഞാല്‍ നിങ്ങള്‍ ഒരു വിമാനത്തില്‍ കയറുമ്പോള്‍ ഒരിക്കലും സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. സാധാരണ വാഹനം പോലെ തന്നെയാണ് വിമാനവും. ഓരോ വീമാന യാത്രയും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുക. അതാസ്വദിച്ച് തന്നെ അറിയുക.

Latest