Connect with us

Kerala

സെപ്റ്റിക് ടാങ്ക് ശുചിയാക്കുമ്പോള്‍ സ്ലാബ് കാലില്‍ വീണു; കഴുത്തോളം മാലിന്യത്തില്‍ അകപ്പെട്ട യുവാവിനെ രക്ഷിച്ചത് സാഹസികമായി

മലപ്പുറം സ്വദേശിയായ ഹരി (32) ആണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

തൃശൂര്‍|തൃശൂരില്‍ സെപ്റ്റിക് ടാങ്ക് ശുചിയാക്കുമ്പോള്‍ കഴുത്തോളം മാലിന്യത്തില്‍ അകപ്പെട്ട് യുവാവ്. മലപ്പുറം സ്വദേശിയായ ഹരി (32) ആണ് അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം യുവാവിനെ രക്ഷിച്ചത്. തൃശൂര്‍ നടത്തറ പഞ്ചായത്തിലെ ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ബേക്കറി യൂണിറ്റിന് പിന്നിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

ഏകദേശം 12 അടി താഴ്ചയുള്ള ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടയില്‍ മുകളിലിരുന്ന അഞ്ച് ഇഞ്ച് കനവും നാലടി വീതിയും നാലടി നീളവും ഉള്ള കോണ്‍ക്രീറ്റ് സ്ലാബ് ഹരിയുടെ കാലിലേക്ക് വീഴുകയായിരുന്നു. കഴുത്തോളം സെപ്റ്റിക് ടാങ്ക് വേസ്റ്റില്‍ അകപ്പെട്ട ഹരിയെ കക്കൂസ് വേസ്റ്റ് പമ്പ് ചെയ്ത് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂറോളം നീണ്ട സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കാലില്‍ കുടുങ്ങിയ സ്ലാബ് മാറ്റി. തുടര്‍ന്നാണ് സെപ്റ്റിക് ടാങ്കില്‍ നിന്നും യുവാവിനെ പുറത്തെടുത്തത്. യുവാവിനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് തൃശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ബി വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബി അനില്‍കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം ജി രാജേഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ എല്‍ എഡ്വര്‍ഡ്, എ എസ് അനില്‍ജിത്ത്, ബി രഞ്ജിത്ത്, ആര്‍ ശ്രീ ഹരി, വി ഗുരുവായൂരപ്പന്‍, എന്‍ ജയേഷ്, കെ പ്രകാശന്‍, വി വി ജിമോദ്, ഹോം ഗാര്‍ഡ് പ്രേംജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Latest