International
ഗസ്സയിലെ ആശുപത്രി നശീകരണം; അപലപിച്ച് ലോകാരോഗ്യ സംഘടന
രോഗികളെ വസ്ത്രം അഴിപ്പിച്ച് അതിശൈത്യത്തിലേക്ക് ഇറക്കിവിട്ട് ഇസ്‌റാഈല്‍ ക്രൗര്യം
ഗസ്സ സിറ്റി | ഗസ്സയിലെ ആശുപത്രി ഇസ്‌റാഈല്‍ അധിനിവേശ സേന തീയിട്ട് നശിപ്പിച്ച ക്രൂര പ്രവൃത്തിയെ അപലപിച്ച് ലോകാരോഗ്യ സംഘടന. വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രിയാണ് ഇന്നലെ ഇസ്രാഈല്‍ തീയിട്ട് തകര്‍ത്തത്. തീയിടുന്നതിന് മുന്നോടിയായി ആശുപത്രിക്ക് സമീപം ബോംബിട്ട് 50 പേരെ കൊലപ്പെടുത്തിയിരുന്നു.
മെഡിക്കല്‍ സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആയിരക്കണക്കിന് ഫലസ്തീനികളുടെ മരണശിക്ഷയാണെന്നും ഈ ഭയാനകത അവസാനിപ്പിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
ഇസ്‌റാഈല്‍ സൈന്യം ആശുപത്രിയില്‍ റെയ്ഡ് നടത്തി രോഗികളെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി പൂട്ടിയ ശേഷം ലാബ് അടക്കമുള്ള മുറികള്‍ക്ക് തീയിടുകയായിരുന്നു. രോഗികളെ വസ്ത്രം അഴിപ്പിച്ച് ഗസ്സയിലെ അതിശൈത്യത്തിലേക്ക് ഇറക്കിവിടുകയും ചെയ്തിരുന്നു.