Connect with us

Editorial

ഹേമ കമ്മീഷന്‍ റിപോര്‍ട്ടിനെ ആര്‍ക്കാണ് ഭയം?

സിനിമാ മേഖലയിലെ വിവേചനവും ചൂഷണവും ഹേമ കമ്മീഷന്‍ മുമ്പാകെ തുറന്നു പറഞ്ഞവരോടും പൊതുസമൂഹത്തോടുമുള്ള നീതികേടും വഞ്ചനയുമാണ് റിപോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യം.

Published

|

Last Updated

ഹേമ കമ്മീഷന്‍ റിപോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. റിപോര്‍ട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇന്നലെ പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലായിരുന്നു സിനിമാ പ്രവര്‍ത്തകന്റെ ഹരജിയിന്മേല്‍ കോടതി വിധി. റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയെ ലംഘിക്കുമെന്നും മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒരു സിനിമാ നിര്‍മാതാവ് കോടതിയെ സമീപിച്ചത്.

ആരുടെയും സ്വകാര്യതയെ ബാധിക്കാത്ത വിധം, അത്തരം ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് റിപോര്‍ട്ടിലെ ഏതെല്ലാം ഭാഗങ്ങള്‍ പ്രസിദ്ധീകരിക്കാമെന്നും ഏതെല്ലാം മാറ്റിവെക്കണമെന്നും പരിശോധിക്കാനായി സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ അധികാരപ്പെടുത്തിയിരുന്നു. കമ്മിറ്റി വിശദമായി പരിശോധിച്ച് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി ബാക്കി 233 പേജുകള്‍ പുറത്തുവിടാമെന്ന് അറിയിക്കുകയും ചെയ്തു. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. ഇത്രയും ശ്രദ്ധാപൂര്‍വം പുറത്തുവിടുന്ന റിപോര്‍ട്ടിനെ പോലും സിനിമാ മേഖലയിലെ ചിലര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?

കൊടിയ ചൂഷണവും ലിംഗവിവേചനവും തട്ടിപ്പും വേണ്ടാത്തരങ്ങളും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട് സിനിമാ മേഖലയിലെന്നത് പരസ്യമായ രഹസ്യമാണ്. വലിയ സ്വീകാര്യത ലഭിക്കാത്ത ചില സിനിമകള്‍ വന്‍കലക്്ഷന്‍ നേടി 100 കോടി ക്ലബില്‍ സ്ഥാനം പിടിച്ചതായി പ്രചരിപ്പിച്ച്, അതിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് സിനിമാ ലോകത്ത് പതിവാണ്. അടുത്തിടെ ഒരു സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം കോടതിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. സിനിമാ മേഖലയുടെ മറ്റൊരു വശമാണ് ലൈംഗിക ചൂഷണമെന്ന് ഒരു യൂ ട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ തമിഴിലെ പ്രമുഖ നിര്‍മാതാവ് കെ രാജന്‍ തുറന്നടിച്ചപ്പോള്‍ അതിനെതിരെ രംഗത്തു വന്നിരുന്നു പലരും. എന്നാല്‍ സിനിമയില്‍ പുതിയ നടിമാര്‍ക്ക് ചാന്‍സ് കിട്ടണമെങ്കില്‍ സംവിധായകനും നിര്‍മാതാവിനും വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയാണെന്ന് ചില നടിമാര്‍ വെളിപ്പെടുത്തുകയുണ്ടായി. മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് ബന്ധപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തിയതാണ്. നടന്മാര്‍, നടിമാര്‍ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകര്‍ ലഹരിക്കേസില്‍ പോലീസ് പിടിയിലാകുകയും ചെയ്തു.

2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത് സിനിമാ ലോകത്തെ സ്ത്രീചൂഷണത്തിലേക്കും അതിക്രമത്തിലേക്കും വ്യക്തമായി വിരല്‍ ചൂണ്ടുന്നുണ്ട്. ഇതാണ് ഹേമ കമ്മീഷന്‍ രൂപവത്കരിക്കാനുണ്ടായ സാഹചര്യം. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന സ്ത്രീകളുടെ സംഘടന (ഡബ്ല്യു സി സി), മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 2017 ജൂലൈയില്‍ സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഉത്തരവിറക്കിയത്.

രണ്ടര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനു ശേഷം 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും സ്ഥിരീകരിക്കുന്ന റിപോര്‍ട്ട്, അതിലെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന രേഖകളും സ്‌ക്രീന്‍ഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് സര്‍ക്കാറിന് കൈമാറിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഒരു ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുകയുമുണ്ടായി കമ്മീഷന്‍. എന്നാല്‍ കമ്മീഷനെ നിയോഗിക്കാന്‍ കാണിച്ച താത്പര്യം തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ കാണിച്ചില്ല. റിപോര്‍ട്ട് പുറത്തുവന്നാല്‍ സിനിമാരംഗത്തെ പല പ്രമുഖരുടെയും പ്രതിച്ഛായ തകരുമെന്നതിനാല്‍, അവരുടെ സമ്മര്‍ദമാണ് സര്‍ക്കാറിന്റെ മെല്ലെപ്പോക്കിനു കാരണമെന്നാണ് പറയപ്പെടുന്നത്. റിപോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ ഡബ്ല്യു സി സി അടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഏറ്റവുമൊടുവില്‍ മാധ്യമ പ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും വിവരാവകാശ കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് ജൂലൈ 25നകം റിപോര്‍ട്ട് പുറത്തുവിടണമെന്ന കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ബുധനാഴ്ച റിപോര്‍ട്ട് പരസ്യപ്പെടുത്താന്‍ സന്നദ്ധമായത്.

സിനിമാ മേഖലയിലെ വിവേചനവും ചൂഷണവും ഹേമ കമ്മീഷന്‍ മുമ്പാകെ തുറന്നു പറഞ്ഞവരോടും പൊതുസമൂഹത്തോടുമുള്ള നീതികേടും വഞ്ചനയുമാണ് റിപോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്ക് സര്‍ക്കാര്‍ കാണിക്കുന്ന വൈമുഖ്യം. തുടര്‍നടപടികളിലൂടെ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവര്‍ എല്ലാ കാര്യങ്ങളും കമ്മീഷന്‍ മുമ്പാകെ തുറന്നു പറഞ്ഞത്. മേഖലയിലെ നിരവധി പേര്‍ ചലച്ചിത്ര വ്യവസായത്തിലെ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നു കമ്മീഷന്‍ മുമ്പാകെ. മൊഴി നല്‍കിയവരുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് റിപോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് വാദിക്കുന്നവര്‍ മുന്‍വെക്കുന്ന ന്യായം. എന്നാല്‍ മൊഴി നല്‍കിയവര്‍ അത് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ടിട്ടില്ല. അവര്‍ക്ക് പ്രശ്നമില്ലെങ്കില്‍ ആര്‍ക്കാണ് ഭീതി? ആര്‍ക്കു വേണ്ടിയാണ് സ്റ്റേ സമ്പാദിച്ചത്. റിപോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാത്തതിനെക്കുറിച്ച് നേരത്തേ സഭയില്‍ ചോദ്യം വന്നപ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സര്‍ക്കാര്‍. കുറ്റവാളികളെ രക്ഷിക്കുകയും ഇരകള്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാറിന്റെ ഈ നിലപാട്. സിനിമാ മേഖലയിലെ അധോലോക സാമ്രാജ്യം അങ്ങനെ തന്നെ തുടരട്ടെ എന്നാണോ സര്‍ക്കാറും ജുഡീഷ്യറിയും ആഗ്രഹിക്കുന്നത്?

 

Latest