Sports
കോപ്പയിലാര് വാഴും; ഫൈനൽ വിസിലിന് മണിക്കൂറുകൾ മാത്രം ബാക്കി
കോപ്പ അമേരിക്ക അർജന്റീന- കൊളംബിയ ഫൈനൽ നാളെ പുലർച്ചെ 5.30ന്
മിയാമി | തുടർച്ചയായി രണ്ടാം തവണയും ലയണൽ മെസ്സിയും സംഘവും കോപ്പ അമേരിക്ക ഫുട്‌ബോൾ കിരീടമുയർത്തുമോയെന്ന ചോദ്യത്തിന് നാളെ കാലത്ത് ഉത്തരം ലഭിക്കും. നാളെ പുലർച്ചെ 5.30ന് മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ലോക ചാമ്പ്യന്മാർ കൂടിയായ അർജന്റീന കൊളംബിയയെ നേരിടും.
16ാം കിരീടം ലക്ഷ്യമിട്ടാണ് ലയണൽ സ്കലോണി പരിശീലിപ്പിക്കുന്ന അർജന്റീന ഇറങ്ങുക. 2021ൽ നടന്ന കഴിഞ്ഞ പതിപ്പിൽ ബ്രസീലിനെ 1-0ന് തോൽപ്പിച്ചാണ് മെസ്സിപ്പട കപ്പടിച്ചത്. അർജന്റീനിയൻ ടീമിന്റെ 30ാം ഫൈനലാണിത്. 2015ന് ശേഷം നാലാമത്തേതും.
മറുവശത്ത് രണ്ടാം കിരീടമാണ് കൊളംബിയയുടെ ലക്ഷ്യം. 2001ലാണ് അവർ കിരീടമുയർത്തിയത്. മെക്‌സിക്കോയെ തോൽപ്പിച്ചായിരുന്നു കിരീടധാരണം. 1975ൽ ഫൈനൽ കളിച്ചെങ്കിലും പരാജയപ്പെട്ടു. ഇരു ടീമുകളും 42 തവണ പരസ്പരം കളിച്ചപ്പോൾ അർജന്റീന 25 കളികൾ ജയിച്ചു.
കൊളംബിയ ജയിച്ചത് ഒമ്പത്. എട്ട് കളി സമനിലയായി. അവസാന 12 മത്സരങ്ങളിൽ കൊളംബിയക്ക് ജയിക്കാനായത് ഒന്ന് മാത്രം. 2019 ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അത്.