ഈ യുദ്ധത്തിന് പിന്നിലാര്?
സ്തംഭനാവസ്ഥയിലായ തങ്ങളുടെ ആയുധക്കച്ചവടത്തിനും സമ്പദ്ഘടനക്കും ഉണര്‍വ് നല്‍കാന്‍ യുദ്ധങ്ങള്‍ ആവശ്യമാണെന്നാണ് സാമ്രാജ്യത്വ വളര്‍ച്ചയുടെ ചരിത്രവും സിദ്ധാന്തവും.
യുക്രൈനിലെ യുദ്ധം ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. മനുഷ്യരാശി ഒരു മൂന്നാം ലോകയുദ്ധത്തിന്റെ ഭീകരതയിലേക്ക് വലിച്ചിഴക്കപ്പെടുമോ എന്ന ചര്‍ച്ചകളും നിരീക്ഷണങ്ങളും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുമുണ്ട്. ശീതയുദ്ധാനന്തരം അമേരിക്കയുടേതായ ഒരു ലോകക്രമം കെട്ടിപ്പടുക്കാനുള്ള നാറ്റോയുടെയും പെന്റഗണിന്റെയും യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും വളരെ ആസൂത്രിതമായി നടന്ന അധിനിവേശ നീക്കങ്ങളുടെ തുടര്‍ച്ചയും പരിണതിയുമാണ് യുക്രൈന്‍ സംഭവങ്ങള്‍. സോവിയറ്റ് യൂനിയനെ വംശീയ പ്രസ്ഥാനങ്ങളെയും സങ്കുചിത ദേശീയ വാദത്തെയും വളര്‍ത്തിക്കൊണ്ടുവന്ന് അസ്ഥിരമാക്കുകയും ശിഥിലീകരിക്കുകയും ചെയ്ത ചരിത്രത്തോളം അതിന് വേരുകളുണ്ട്. റീഗണ്‍ ഭരണകൂടം റാണ്‍സ് കോര്‍പറേഷന്‍ പോലുള്ള സി ഐ എ പ്രോക്ത സ്ഥാപനങ്ങളെ ഉപയോഗിച്ചാണല്ലോ സോവിയറ്റ് ചെമ്പടയില്‍ വരെ നുഴഞ്ഞു കയറി വംശീയത ഇളക്കി വിട്ടത്.
അക്കാലത്ത് സോവിയറ്റ് യൂനിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും തകര്‍ച്ചയില്‍ ആഹ്ലാദചിത്തരായി, സംഘര്‍ഷങ്ങളില്ലാത്ത സമാധാനം പുലരുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകത്തെ കുറിച്ച് സ്തുതിഗീതങ്ങള്‍ പലരും പാടി നടന്നിരുന്നു. അവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് 1991ല്‍ ഇറാഖിന്റെ എണ്ണ വിഭവങ്ങള്‍ ചോര്‍ത്തുന്ന കുവൈത്തിനെതിരെ സദ്ദാം ഹുസൈന്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നത്. ഒപെക് സംഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കുവൈത്ത് കമ്പനികള്‍ നടത്തുന്ന ഖനനം നിര്‍ത്തണമെന്ന ഇറാഖിന്റെ ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കുവൈത്താക്രമണം ഉണ്ടാകുന്നത്. അതിനെ തുടര്‍ന്നാണ് അമേരിക്കന്‍ ഇടപെടലും ഒന്നും രണ്ടും ഗള്‍ഫ് യുദ്ധങ്ങളും സംഭവിക്കുന്നത്.
ഏറെക്കുറെ അതിന് സമാനമായ സംഭവങ്ങളാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിലും ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ ഏകധ്രുവ ലോകത്തിലുണ്ടായ വൈരുധ്യങ്ങളും മധ്യപൂര്‍വദേശത്തും മധ്യേഷ്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ താത്പര്യങ്ങള്‍ക്കെതിരായ ധ്രുവീകരണങ്ങളുമാണ് കിഴക്കന്‍ യൂറോപ്പിലാകെ നാറ്റോ സേനയുടെ വിപുലനത്തിനും വിന്യാസത്തിനും വേണ്ടിയുള്ള ഉപജാപങ്ങളും കുത്തിത്തിരുപ്പുകളും ത്വരിതമാക്കിയത്.
ഇറാനും ചൈനയും റഷ്യയും പോലുള്ള രാജ്യങ്ങള്‍ ചേര്‍ന്നുള്ള വ്യാപാര സഖ്യങ്ങളും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് പോലുള്ള നീക്കങ്ങളും അമേരിക്കയെ പരിഭ്രാന്തമാക്കിയിട്ടുണ്ട്. യൂറോ-റഷ്യന്‍ അതിര്‍ത്തി രാജ്യങ്ങളിലാകെ നാറ്റോ സേനാ വിന്യാസത്തിലൂടെ റഷ്യയെ വളയാനുള്ള നീക്കമാക്കി മാറ്റുകയായിരുന്നു ബൈഡന്‍. അതിനായി നവനാസി സിദ്ധാന്തങ്ങളില്‍ അഭിരമിക്കുന്ന യുക്രൈന്‍ ഭരണകൂടത്തെ കരുവാക്കുകയായിരുന്നു യു എസ് ഭരണകൂടം. യുക്രൈനെ നാറ്റോവില്‍ ചേര്‍ക്കാനുള്ള നീക്കങ്ങളും നാറ്റോ സൈനിക വിന്യാസവുമാണ് റഷ്യന്‍ ഇടപെടലുകള്‍ക്ക് അടിയന്തര പ്രകോപനമായത്.
രണ്ടാംലോക യുദ്ധാനന്തരം സോവിയറ്റ് യൂനിയനെയും സോഷ്യലിസത്തെയും യൂറോപ്പില്‍ തടയുക എന്ന ലക്ഷ്യത്തോടെ 1949ല്‍ ബ്രസല്‍സ് ആസ്ഥാനമായാണ് നാറ്റോ സഖ്യ സൈന്യം രൂപവത്കരിക്കപ്പെട്ടത്. ചൈനീസ് വിപ്ലവത്തെ തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ മനില ആസ്ഥാനമായി ഏഷ്യന്‍ നാറ്റോ തുടങ്ങാനുള്ള അമേരിക്കന്‍ നീക്കത്തെ നെഹ്‌റു ഉള്‍പ്പെടെയുള്ളവരെല്ലാം ചേര്‍ന്ന് അന്ന് പ്രതിരോധിക്കുകയായിരുന്നു.
അഫ്ഗാനിലെയും കല്ലോട് കല്ല് ചേരാതെ ശിഥിലമായിപ്പോയ യുഗോസ്ലോവിയയിലെയും ഇറാഖിലെയും അമേരിക്കന്‍ നാറ്റോ ഇപെടലുകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. സാമ്രാജ്യത്വം അവിടങ്ങളിലെല്ലാം വംശീയതയും മതഭീകരതയും വളര്‍ത്തി. ആളിക്കത്തിച്ചു. തങ്ങളുടെ ആയുധങ്ങള്‍ക്ക് അവര്‍ തന്നെ സൃഷ്ടിച്ച ഭീകര സംഘങ്ങളെ ചൂണ്ടിക്കാട്ടി വിപണി കണ്ടെത്തി.
സ്തംഭനാവസ്ഥയിലായ തങ്ങളുടെ ആയുധക്കച്ചവടത്തിനും സമ്പദ്ഘടനക്കും ഉണര്‍വ് നല്‍കാന്‍ യുദ്ധങ്ങള്‍ ആവശ്യമാണെന്നാണ് സാമ്രാജ്യത്വ വളര്‍ച്ചയുടെ ചരിത്രവും സിദ്ധാന്തവും. സാമ്രാജ്യത്വത്തിന് പുരോഗതിയെന്നാല്‍ യുദ്ധമാണ്. war is Prosperity എന്നതാണ് അവരുടെ പ്രമാണം.