Connect with us

Editorial

റെയില്‍വേ വികസനത്തിന് ആരാണ് തടസ്സം?

കഴിഞ്ഞ 30 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു കിലോമീറ്റര്‍ പാത പോലും യാത്രാ ട്രെയിനുകള്‍ക്കായി കമ്മീഷന്‍ ചെയ്തിട്ടില്ലെന്നത് കേരളത്തോടുള്ള റെയില്‍വേയുടെ വിവേചനത്തിന്റെയും അവഗണനയുടെയും ആഴം വ്യക്തമാക്കുന്നു.

Published

|

Last Updated

കേരളത്തിലെ റെയില്‍ വികസനത്തിന് തടസ്സം സംസ്ഥാന സര്‍ക്കാറാണെന്ന ആരോപണം ആവര്‍ത്തിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍ വികസനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രം 2,104 കോടി രൂപ അനുവദിച്ചിട്ടും ആവശ്യമായതിന്റെ 13 ശതമാനം മാത്രം ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തതെന്നാണ് അശ്വിനി വൈഷ്ണവ് പറയുന്നത്. 470 ഹെക്ടര്‍ വേണ്ടിടത്ത് 64 ഹെക്ടര്‍ മാത്രമാണത്രെ ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് അദ്ദേഹം. അങ്കമാലി-ശബരി റെയില്‍ പാതയെക്കുറിച്ചുള്ള അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിനുള്ള മറുപടിക്കിടെ കഴിഞ്ഞ ജൂലൈയില്‍ ലോക്സഭയിലും ഉന്നയിച്ചിരുന്നു കേന്ദ്ര മന്ത്രി ഇതേ ആരോപണം. അതേസമയം സംസ്ഥാനത്തെ റെയില്‍വേ പദ്ധതിക്കാവശ്യമായ ഭൂമിയുടെ 65 ശതമാനവും ഏറ്റെടുത്ത് നല്‍കിക്കഴിഞ്ഞുവെന്നാണ് കേരളത്തിന്റെ വിശദീകരണം. 1,312 കോടി രൂപ ചെലവിട്ടാണ് കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനാവശ്യമായ ഭൂമി ഏറ്റെടുത്തത്. കേന്ദ്രത്തിന്റെ വാദം ബാലിശവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കേരളത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തോടുള്ള കേന്ദ്ര റെയില്‍വേയുടെ അവഗണനക്കും വിവേചനത്തിനും മറയിടാനുള്ള അടവാണോ റെയില്‍വേ മന്ത്രിയുടെ പ്രസ്താവനയെന്ന് സന്ദേഹിക്കേണ്ടതുണ്ട്. ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന സംസ്ഥാനമാണ് കേരളം. 2023-24 വര്‍ഷത്തില്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് 1,576 കോടി രൂപയും തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് 2,149 കോടി രൂപയുമാണ് റെയില്‍വേ നേടിയത്. ഇതേ സാമ്പത്തിക വര്‍ഷം ദക്ഷിണേന്ത്യയില്‍ മികച്ച വരുമാനമുണ്ടാക്കിയ 25 റെയില്‍വേ സ്റ്റേഷനുകളുടെ പട്ടിക കഴിഞ്ഞ ഏപ്രിലില്‍ റെയില്‍വേ പ്രസിദ്ധീകരിച്ചപ്പോള്‍ 11ഉം കേരളത്തിലായിരുന്നു. റെയില്‍വേയുടെ ചരക്ക് വരുമാനത്തില്‍ 20 ശതമാനവും യാത്രാ വരുമാനത്തില്‍ 12 ശതമാനവും കേരളത്തില്‍ വര്‍ധന ഉണ്ടായതായി ബജറ്റ് സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കുകയുമുണ്ടായി. അതേസമയം രാജ്യത്ത് റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനവും കേരളമാണ്. സംസ്ഥാനത്തിനകത്തെ യാത്രക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കുമായി പതിനായിരക്കണക്കിനു കേരളീയരാണ് ദിനംപ്രതി ട്രെയിനുകളെ ആശ്രയിക്കുന്നത്. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതും ബോഗികളുടെ എണ്ണക്കുറവും കാരണം സൂചികുത്താനിടമില്ലാത്ത വിധം തിങ്ങിനിറഞ്ഞാണ് കേരളീയരുടെ ട്രെയിന്‍ യാത്ര.

വിവിധ കാലങ്ങളിലായി കേരളം പുതിയ പാതകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനായി പാതകളുടെ ഇരട്ടിപ്പും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും പലപ്പോഴും കേന്ദ്രം മുഖം തിരിക്കാറാണ് പതിവ്. മറ്റു പല സംസ്ഥാനങ്ങള്‍ക്കും റെയില്‍വേ ബജറ്റില്‍ വാരിക്കോരി നല്‍കുമ്പോള്‍ പരിമിതമായ തുകയാണ് കേരളത്തിന് അനുവദിക്കുന്നത്. 2023ലെ ബജറ്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടകക്ക് 7,559 കോടി രൂപയും തമിഴ്നാടിന് 6,362 കോടിയും തെലങ്കാനക്ക് 5,336 കോടിയും ആന്ധ്രാപ്രദേശിനു 9,151 കോടിയും അനുവദിച്ചപ്പോള്‍ കേരളത്തിന് അനുവദിച്ചത് 2,033 കോടിയായിരുന്നു. ആന്ധ്രയില്‍ 72,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ റെയില്‍വേ മന്ത്രാലയം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അടുത്തിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തിയത്.

കേരളത്തിന് അനുവദിച്ച പദ്ധതികളുടെ നടത്തിപ്പില്‍ കേന്ദ്രം വരുത്തുന്ന കാലതാമസം കാരണം എസ്റ്റിമേറ്റ് തുക പുതുക്കേണ്ടി വരികയും ഇതുമൂലം ബാധ്യത കുത്തനെ ഉയരുകയും ചെയ്യുന്നു. 1997ല്‍ അനുവദിച്ചതാണ് അങ്കമാലി-ശബരി പാത. അന്ന് 1,000 കോടിയില്‍ താഴെയായിരുന്നു എസ്റ്റിമേറ്റ് തുക. ഇടക്കാലത്ത് പദ്ധതി ഉപേക്ഷിക്കാനുള്ള ശ്രമവും നടന്നു. സമ്മര്‍ദത്തിനൊടുവില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം സമ്മതം മൂളിയെങ്കിലും എസ്റ്റിമേറ്റ് തുകയുടെ പകുതി കേരളം വഹിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ച സാഹചര്യത്തില്‍ പദ്ധതിക്ക് തുക കണ്ടെത്താന്‍ പ്രയാസമാണെന്നും കടമെടുപ്പ് പരിധിയില്‍ ഇളവ് ചെയ്താല്‍ മാത്രമേ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാനാകുകയുള്ളൂവെന്നുമാണ് കേരളത്തിന്റെ നിലപാട്. പദ്ധതി പ്രവര്‍ത്തനത്തില്‍ വന്ന കാലതാമസം മൂലം പുതുക്കിയ എസ്റ്റിമേറ്റ് തുക 4,000 കോടിക്കടുത്ത് വരും.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ കേരളത്തില്‍ ഒരു കിലോമീറ്റര്‍ പാത പോലും യാത്രാ ട്രെയിനുകള്‍ക്കായി കമ്മീഷന്‍ ചെയ്തിട്ടില്ലെന്നത് കേരളത്തോടുള്ള റെയില്‍വേയുടെ വിവേചനത്തിന്റെയും അവഗണനയുടെയും ആഴം വ്യക്തമാക്കുന്നു. 1944ല്‍ തൃശൂരിനും ഗുരുവായൂരിനുമിടയിലാണ് കേരളത്തില്‍ റെയില്‍വേ കമ്മീഷന്‍ ചെയ്ത യാത്രാ ട്രെയിനുകള്‍ക്കുള്ള അവസാനത്തെ പാത. കേരളം സമര്‍പ്പിച്ച നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു, കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പദ്ധതികള്‍ അനിശ്ചിതാവസ്ഥയിലാണ്. വളവ് നികത്തല്‍, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ ട്രെയിനുകള്‍ ഓടിക്കുമെന്നാണ് ഇതിനിടെ റെയില്‍വേ മന്ത്രി പറഞ്ഞത്. എന്നാല്‍ ഇത്തരം ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടി നീക്കിവെച്ചത് 365 കോടിയായി വെട്ടിച്ചുരുക്കുകയും ചെയ്തു. 1,516 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഷൊര്‍ണൂര്‍-എറണാകുളം മൂന്നാം പാതക്ക് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചതും ചെറിയ തുക മാത്രമാണ്.

 

---- facebook comment plugin here -----

Latest