kerala model
"കേരള മോഡല്‍' ആരെയാണ് അസ്വസ്ഥമാക്കുന്നത്?
കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമാണ്. അതൊരു സാധാരണ വ്യത്യാസമല്ല. എല്ലാ രംഗത്തും കേരളം വലിയ ഉയരം തന്നെ കൈവരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അസൂയാവഹമായ നേട്ടം തന്നെ കേരളം നേടിയിട്ടുണ്ട്. ഇപ്പോള്‍ മലയാളികളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി അതിനെ നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്.
കേരളത്തെ കരിവാരിത്തേക്കാനും ഇവിടുത്തെ സാമൂഹിക ഭദ്രതയും മത-മാനവിക സൗഹാര്‍ദവും സഹവര്‍ത്തിത്വവും നശിപ്പിക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചിലര്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. കേരളത്തിന്റെ തീരദേശത്തെപ്പറ്റിയും മലപ്പുറം ജില്ലയെപ്പറ്റിയും ആരോപണങ്ങളും വിവാദങ്ങളുമൊക്കെ ഇതിന് തെളിവാണ്. ലവ് ജിഹാദ്, ഹലാല്‍ ഫുഡ്, ശിരോവസ്ത്രം, പര്‍ദ തുടങ്ങി ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട സകലതിനെയും വിവാദ വിഷയമാക്കി കുറച്ച് കാലമായി കേരളത്തിന്റെ സാമൂഹിക, മത സൗഹാര്‍ദ പരിസരത്തെ അലോസരപ്പെടുത്താനുള്ള ശ്രമങ്ങള്‍ അതിന്റെ ഭാഗമാണ്.
എന്നാല്‍ കേരളത്തിന്റെ സത്യസന്ധമായ ചരിത്രമോ? 1950 വരെ വളരെ പിന്നാക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ചിട്ടുണ്ട്. സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഐ ടി, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തെ കേരള മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹിക ശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും മാനവ വിഭവ വികസനത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഇപ്പോള്‍ വിശപ്പ് രഹിത കേരളം പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. 45 ലക്ഷം പേര്‍ക്ക് സംസ്ഥാനം പെന്‍ഷന്‍ നല്‍കുന്നുണ്ട്. സാക്ഷരത, സ്‌കൂള്‍ പ്രവേശന തോത്, കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയല്‍, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കല്‍ എന്നിവയിലെല്ലാം കേരളം മുന്നേറിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് തന്നെ കേരളം വെളിയിട വിസര്‍ജനമുക്ത സംസ്ഥാനമായി. വീടില്ലാത്ത എല്ലാവര്‍ക്കും സൗജന്യ പാര്‍പ്പിട പദ്ധതി നടപ്പാക്കിയ, രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാണിത്. തദ്ദേശ സ്വയംഭരണ മേഖലയിലും അഭിമാനാര്‍ഹമായ നേട്ടം കേരളത്തിനുണ്ട്.
ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ശരാശരി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും അന്താരാഷ്ട്ര ശ്രദ്ധ നേടിയതുമാണെന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമാണ്. സംസ്ഥാനത്തെ ശിശുമരണ നിരക്ക് ദേശീയ ശരാശരിയായ 30ന്റെ അഞ്ചിലൊന്ന് മാത്രമാണ്. ഒറ്റ അക്ക ശിശുമരണ നിരക്ക് (6) ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഒരു സമൂഹത്തിലെ മാനവ വികസനത്തിന്റെ നിര്‍ണായക സൂചകങ്ങളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതി. കൊവിഡ്-19 മഹാമാരിയെ നേരിടുന്നതില്‍ ആരോഗ്യ സംവിധാനം അവസരത്തിനൊത്ത് ഉയരാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കിയത് ശക്തമായ പൊതുജനാരോഗ്യ സംവിധാനമാണ്. സംസ്ഥാനത്തെ ആരോഗ്യ നിലവാരം വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതുമാണ്. അതുകൊണ്ടായിരിക്കുമല്ലോ ഈ അടുത്ത്, ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തെ തേടിവന്നത്.
ദേശീയ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ നേട്ടങ്ങള്‍ ആരോഗ്യ, ജനസംഖ്യാ സൂചികകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു. മാതൃമരണ അനുപാതം കേരളത്തില്‍ 43 മാത്രമാണ്. എന്നാല്‍ അഖിലേന്ത്യാ അനുപാതം 113 ആണ്. കേരളം ശിശുമരണ നിരക്ക് 2018ലെ ഏഴില്‍ നിന്ന് 2019ല്‍ ആറായി താഴ്ത്തി. കേരളത്തിലെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യം 75.3ഉം ഇന്ത്യയുടേത് 69.4ഉം ആണ്. ശരിയായ വൈദ്യസഹായം ലഭിക്കാതെ മരിക്കുന്നവരുടെ ശതമാനം ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിലൊന്ന് മാത്രമാണ് കേരളത്തില്‍.
സംവരണത്തിലും പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിലും സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തുന്നു. പട്ടിക ജാതി പട്ടിക വര്‍ഗങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രത്യേകം കോര്‍പറേഷനുകളും സംവിധാനങ്ങളുമുണ്ട്. രാജ്യത്തെ ദളിത് ആദിവാസി സഹകരണ സംഘങ്ങളുടെ എണ്ണത്തില്‍ കേരളം ഒന്നാമതാണ്. ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും പൂജ്യവും. കേവലം ഒരു ശതമാനം പോലുമില്ലാത്തവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണിത്.
പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉത്തരേന്ത്യന്‍ ലോബിയുടെ അവഗണനയും കടന്നുകയറ്റവും കാരണം അല്‍പ്പം പിറകിലാണ്. എങ്കിലും സ്വദേശത്തും വിദേശത്തുമുള്ള കലാലയങ്ങളില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മിടുക്ക് മികച്ചതാണ്. കലാ-സാഹിത്യ-കായിക- മേഖലകളിലൊക്കെയും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി നേട്ടങ്ങള്‍ മലയാള നാട് സ്വന്തമാക്കിയിട്ടുണ്ട്.
മാറിയ ലോക സാഹചര്യങ്ങളും ഇന്ത്യന്‍ സാഹചര്യങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും. മറ്റേതൊരു സംസ്ഥാനത്തേക്കാളും പുരോഗതിയുടെ കാര്യത്തില്‍ കേരളം മുന്നിലാണ്. എന്നാല്‍ ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ കേരളത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതത്തില്‍ കുറവ് വരുന്നതായാണ് കാണുന്നത്. പതിനൊന്നാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളത്തിന് ലഭിച്ച വിഹിതം 3.05 ശതമാനമായിരുന്നെങ്കില്‍ 12ാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് 2.66 ശതമാനമായി. കഴിഞ്ഞ ധനകാര്യ കമ്മീഷന്‍ വിഹിതം 2.34 ശതമാനമായി വീണ്ടും കുറഞ്ഞു. ഇങ്ങനെ ഓരോ സമയത്തും വിഹിതത്തില്‍ കുറവുണ്ടാകുന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ദോഷകരമാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കി മുന്നോട്ടുപോകുന്ന കേരളത്തിന്റെ പുരോഗതിയെ ഗൗരവമായി ബാധിക്കുന്ന നടപടികളാണ് ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മാത്രമല്ല കേരളത്തിന് കിട്ടേണ്ട അരിയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കളില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നുണ്ട്. എന്നിട്ട് പോലും ഈ നേട്ടങ്ങള്‍ കേരളം നിലനിര്‍ത്തുന്നു.
ദേശീയ ബോധവും സാമൂഹിക ബോധവും സാംസ്‌കാരിക ബോധവുമുള്ള, ഉന്നത മൂല്യങ്ങള്‍ വെച്ചു പുലര്‍ത്തിയ ഒരു തലമുറയാണ് ആദ്യകാല കേരളത്തെ സുസജ്ജമാക്കിയത്. ഇതില്‍ എല്ലാ വിഭാഗം ജനങ്ങളും നേതാക്കളുമുണ്ടായിരുന്നു. ഒരു പ്രത്യേക വിഭാഗം രാഷ്ട്രീയത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മാത്രം അവകാശപ്പെട്ടതല്ല ഈ പുരോഗതി. എന്നാല്‍ അവര്‍ക്കൊക്കെ പങ്കുണ്ട് താനും. ദേശീയ സമരത്തില്‍ നിന്ന് ഊര്‍ജവും ലോക പരിചയത്തില്‍ നിന്ന് വിശാല വീക്ഷണവും കണ്ടെത്തിയ ഒരു തലമുറ നേതാക്കളാണ് അന്ന് കേരളത്തെ നയിച്ചത്. വിഭിന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുമ്പോഴും അവര്‍ ഉയര്‍ന്ന മൂല്യബോധമുള്ളവരും കേരളത്തിന്റെ പൊതുബോധത്തെ ഉള്‍ക്കൊണ്ടവരുമായിരുന്നു. എന്നാല്‍ അപ്പോഴും അവര്‍ ജനാധിപത്യാധികാരം നേടുന്നതിലും ആ അധികാരം വിനിയോഗിക്കുന്നതിലും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചുപോന്നു. അങ്ങനെ അവര്‍ സൃഷ്ടിച്ച കേരളത്തെയാണ് നമ്മള്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ വ്യത്യസ്തമായിരിക്കുന്നത്. അതൊരു സാധാരണ വ്യത്യാസമല്ല. എല്ലാ രംഗത്തും കേരളം വലിയ ഉയരം തന്നെ കൈവരിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും അസൂയാവഹമായ നേട്ടം തന്നെ കേരളം നേടിയിട്ടുണ്ട്. ഇപ്പോള്‍ മലയാളികളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി അതിനെ നിലനിര്‍ത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്.
വിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തും വരുമാനത്തിലും ക്രമസമാധാന പാലനത്തിലുമൊക്കെ കേരളം മുന്നിലാണെന്ന് കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ പറയാനാകും. പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ സംസ്ഥാനമാണ് കേരളം. ഇന്ത്യാ ടുഡേ സര്‍വേ പ്രകാരം ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള, ഏറ്റവും കുറവ് വര്‍ഗീയ കലാപങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനം കേരളമാണ്. 2017ലെ പബ്ലിക് അഫയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമാണ് കേരളം. അതേ വര്‍ഷത്തെ ഇന്ത്യന്‍ കറപ്ഷന്‍ സ്റ്റഡി പ്രകാരം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നുമാണ്. 2017ലെ എ ഡി ബി റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും പുരോഗതിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയെ പിന്തള്ളി കൊച്ചി ഒന്നാമതെത്തി. വര്‍ധിച്ച വിദ്യാഭ്യാസ-ആരോഗ്യ ചികിത്സാ സാധ്യതകള്‍, അടിസ്ഥാന വികസന സാധ്യതകള്‍, പ്രാദേശിക ഭരണസംവിധാനം, ഉയര്‍ന്ന രാഷ്ട്രീയ അവബോധം, സാക്ഷരത, സാമൂഹിക ബോധം എന്നിവ പ്രയോജനപ്പെടുത്തി സ്ഥായിയായൊരു കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ് സംസ്ഥാനമിപ്പോള്‍. ഭൂവിഭവ സംരക്ഷണം, പ്രകൃതി വിഭവങ്ങളില്‍ സാമൂഹിക നിയന്ത്രണം, തുല്യതയിലും തുടര്‍ നിലനില്‍പ്പിലും ഊന്നുന്ന ഉത്പാദനരീതി, സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ വിതരണ സംവിധാനം എന്നീ വികസന രീതികള്‍ അവലംബിച്ചാല്‍ ഇതൊക്കെ സാധ്യമാക്കാവുന്നതേയുള്ളൂ. അതോടൊപ്പം കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കാനും പരിസ്ഥിതി കേന്ദ്രീകൃതമായ വികസന നയങ്ങള്‍ രൂപപ്പെടുത്താനും പ്രകൃതി വിഭവങ്ങളെ പ്രാദേശികമായി ഏറ്റവും നല്ലവിധം ഉപയോഗിക്കാനും കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ തൊഴിലും വരുമാനവും ഇനിയും വര്‍ധിക്കും. അസൂയാര്‍ഹമായ പുരോഗതി കേരളത്തിന് ലഭ്യമാകും.