Articles
മലയാളിയുടെ ആരോഗ്യം കാര്‍ന്നുതിന്നുന്നതാരാണ്?
പ്രകൃതിയിലെ കാലാവസ്ഥ കണക്കാക്കി ഭക്ഷണം ശീലിച്ചവര്‍ക്ക് പുതുകാല വിഭവങ്ങൾ വലിയ വില്ലനായി മാറിയിരിക്കുന്നു. നമ്മുടെ ശരീരത്തില്‍ ഭക്ഷണം എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്നാലോചിക്കാനോ നല്ല ഭക്ഷണശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാനോ പൊതുവേ മനുഷ്യര്‍ക്കിന്ന് സാധിക്കാതെ വന്നിരിക്കുന്നു. ന്യൂജന്‍ ഭക്ഷണശീലങ്ങള്‍ നമ്മുടെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.

“ആഹാരമായിരിക്കട്ടെ നിങ്ങളുടെ ഔഷധം, ഔഷധം നിങ്ങളുടെ ആഹാരവും’- വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റിന്റെ വാക്കുകളുടെ അര്‍ഥം കൂടുതല്‍ ആഴത്തില്‍ അറിയേണ്ട കാലഘട്ടത്തിലൂടെയാണ് മനുഷ്യരിന്ന് കടന്നുപോകുന്നത്. ആഹാരമാണ് ഔഷധം എന്ന് ആയുര്‍വേദവും അടിവരയിടുന്നുണ്ട്. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് ഭക്ഷ്യജന്യ രോഗങ്ങള്‍ പിടിപെടുന്നു എന്നാണ് വാര്‍ത്ത. ഭക്ഷണം കഴിച്ചതിന്റെ പേരില്‍ രോഗം വരുന്നുവെന്ന് ചുരുക്കം. ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ 200ലധികം രോഗങ്ങള്‍ മനുഷ്യരെ പിടികൂടും. നാം ആട്ടിയോടിച്ച രോഗങ്ങളില്‍ പലതും, കോളറ ഉള്‍പ്പെടെ, തിരിച്ചു വന്നു കൊണ്ടിരിക്കുന്നതാണ് സമകാലിക അവസ്ഥ. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം വളരെ കുറച്ച് കഴിക്കുന്നവരാണിപ്പോള്‍ പൊതുവെ എല്ലാവരും. ഹോട്ടലുകളിലെ വ്യത്യസ്ത രുചിക്കൂട്ടുകളില്‍ തയ്യാറാക്കിയ ആകര്‍ഷകമായ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മതിവരുവോളം കഴിക്കുകയും ചെയ്യുന്നു. ജാഗ്രത പാലിച്ചില്ലെങ്കില്‍ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യത്തിന് ഇത് വലിയ ക്ഷതമുണ്ടാക്കുമെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിനും ജീവന്‍ നിലനിര്‍ത്തുന്നതിനും ആഹാരം ആവശ്യമാണ്. ആഹാരം ഒരു സംസ്‌കാരമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് സ്വാദില്‍ അധിഷ്ഠിതമായ ഒരു ബിസിനസ്സായി മാറിയിരിക്കുന്നു. ഭക്ഷണവും ദഹനവും ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ജൈവിക ഘടകങ്ങള്‍ ആയിരുന്നു. നിറക്കൂട്ടുകളിലൊരുങ്ങുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യ ഘടകങ്ങള്‍ കാരണം ഭക്ഷണവും ദഹനവും അകന്നുപോയി. പ്രകൃതിയിലെ കാലാവസ്ഥ കണക്കാക്കി ഭക്ഷണം ശീലിച്ചവര്‍ക്ക് പുതുകാല വിഭവങ്ങൾ വലിയ വില്ലനായി മാറിയിരിക്കുന്നു. നമ്മുടെ ശരീരത്തില്‍ ഭക്ഷണം എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്നാലോചിക്കാനോ നല്ല ഭക്ഷണശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാനോ പൊതുവെ മനുഷ്യര്‍ക്കിന്ന് സാധിക്കാതെ വന്നിരിക്കുന്നു. ന്യൂജന്‍ ഭക്ഷണശീലങ്ങള്‍ നമ്മുടെ ജീവിതത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
ജീവിക്കുന്ന ചുറ്റുവട്ടങ്ങളില്‍ വളരുന്ന സസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന സാംസ്‌കാരികമായ കാഴ്ചപ്പാടിന് ഭംഗം വന്നത് കൂണുകള്‍ പോലെ മുളച്ചു പൊങ്ങുന്ന ഫാസ്റ്റ് ഫുഡ് / ജങ്ക് ഫുഡ് സംസ്‌കാരം വന്നതിനുശേഷമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് ദിവസവും നമ്മെ മുന്നോട്ട് നയിക്കുന്നത് എന്ന കാര്യം വിസ്മരിച്ച് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ഊര്‍ജനഷ്ടം ഇല്ലാതാക്കാനും രോഗങ്ങളെ അകറ്റി നിര്‍ത്താനും സാധിക്കുന്നു എന്ന കാര്യം പാടെ മറന്ന് പുലരുവോളം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ പോലും ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പെരുകി വരുന്നു. 80 അവയവങ്ങള്‍ ഉള്ള ഒരു യന്ത്രമാണ് മനുഷ്യശരീരം എന്നതും പ്രതിദിനം 2,400 കലോറി ഊര്‍ജത്തിനുള്ള ഭക്ഷണമേ ശരീരത്തിന് ആവശ്യമുള്ളൂ എന്ന കാര്യവും മലയാളികള്‍ വിസ്മരിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായി.
നല്ല ആരോഗ്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. നല്ല പോഷകാഹാരവും ന്യൂട്രിയന്‍സുകളും ശരീരത്തിന്റെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം), പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍, വിറ്റാമിനുകള്‍, ചെറു ധാന്യങ്ങള്‍, നാരുകള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആഹാരം സമീകൃതമാകും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ പ്രതിദിനം 400 ഗ്രാം പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് മനുഷ്യ ശരീരത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണ്. പുതിയ കാലത്ത് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും ശരീരത്തിന് ആവശ്യമില്ലാത്തതും ഉപകാരമില്ലാത്തതുമാണ്. പ്രതിദിനം 10 മുതല്‍ 15 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നതും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നതും നല്ല ആരോഗ്യ ശീലമാണ്. ഭക്ഷണം പതുക്കെ ചവയ്ക്കുക, ഓരോ കഷണവും ആസ്വദിച്ച് കഴിക്കുക എന്നതും നിത്യമായി ശീലിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം. ടി വിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നത് ഭക്ഷണവും ശരീരവും തമ്മിലുള്ള ജൈവിക രസതന്ത്രത്തെ ഇല്ലാതാക്കുന്നതാണ്.
ബാക്ടീരിയ ഭക്ഷണത്തില്‍ കടന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ബാക്ടീരിയയായി മാറുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അപകടകാരികളായ ബാക്ടീരിയയുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മനുഷ്യന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് ഭക്ഷണം വഹിക്കുന്നതിനാല്‍ ഫ്രിഡ്ജില്‍ വെച്ച ഭക്ഷണം ചൂടാക്കി കഴിക്കുന്ന പ്രവണത പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്.
പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 100 ഗ്രാം ചെറു ധാന്യത്തില്‍ നിന്ന് 378 കലോറി ഊര്‍ജം ലഭിക്കുന്നതിനാല്‍, ഭക്ഷണത്തില്‍ ചെറു ധാന്യങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തണം. ലോകത്ത് പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ 17 ശതമാനവും പാഴാക്കപ്പെടുന്നതിനാല്‍ കൃത്യമായ അളവിലും മുന്‍കൂട്ടിയുള്ള ധാരണയിലും ഭക്ഷണം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. റെഡി ടു ഈറ്റ് ഭക്ഷണം ധാരാളമായി വിപണിയില്‍ എത്തിയതോടെ ലോകത്തെ ജനങ്ങളില്‍ മൂന്നില്‍ ഒന്നും അമിതവണ്ണം ഉള്ളവരായി മാറി. ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ സമയമില്ലാത്തതിനാലും രുചിയുടെ സ്വാധീനം ഭക്ഷണത്തില്‍ അമിതമായി ഉള്‍പ്പെടുത്തിയതിനാലും റെഡി ടു ഈറ്റ് ഭക്ഷണം വ്യാപകമായി മാറി. കൃത്യമായി ലേബലുകള്‍ പരിശോധിക്കാതെ ഇത്തരം ഭക്ഷണം കഴിച്ചാല്‍ നാമറിയാതെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങും. ആരോഗ്യകരമായ ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കാന്‍ സാധിക്കണം. ജങ്ക്/ ഫാസ്റ്റ് ഫുഡ് സംസ്‌കാരം പിടിമുറുക്കിയതോടെ നാവിന്‍ തുമ്പത്ത് മാത്രം അനുഭവപ്പെടുന്ന സ്വാദ് ശരീരത്തിന് വ്യാധിയായി മാറാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ പ്രതിദിനം അഞ്ച് ഗ്രാം ഉപ്പ്, 25 ഗ്രാം പഞ്ചസാര, അഞ്ച് ഗ്രാം ഓയില്‍ എന്നിവ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. സോസുകള്‍, ബിസ്‌ക്കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍, പപ്പടം എന്നിവയില്‍ ഒളിഞ്ഞിരിക്കുന്ന ഉപ്പ്, പഞ്ചസാര എന്നിവ വലിയ അപകടമാണ് ശരീരത്തിന് ഉണ്ടാക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശീലിക്കണം. കുടിക്കുന്ന വെള്ളവും വളരെ ശ്രദ്ധിക്കണം. പുറത്തു പോകുമ്പോള്‍ കുപ്പിയില്‍ വെള്ളം കരുതുന്നത് ആരോഗ്യത്തിന് കവചം ഒരുക്കാന്‍ കാരണമാകും. ഒരു വ്യക്തിയുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നതില്‍ അയാള്‍ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. കഴിക്കുന്ന ഭക്ഷണം ശരീര വളര്‍ച്ചക്കും ശരീര സംരക്ഷണത്തിനും ഊര്‍ജം ലഭിക്കുന്നതിനും ആയിരിക്കണം. ആധുനിക കാലഘട്ടം രുചി വൈവിധ്യത്തിന് വലിയ പ്രാധാന്യം നല്‍കുകയും അനാരോഗ്യ ഭക്ഷണശീലങ്ങള്‍ ചുറ്റുവട്ടത്ത് വ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇമവെട്ടാതെ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രമേഹം, രക്തസമ്മര്‍ദം, ക്യാന്‍സര്‍, ഹൃദ്രോഗം, പക്ഷാഘാതം, കരള്‍ രോഗങ്ങള്‍, അമിതവണ്ണം എന്നിവയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് നമുക്ക് മോചനം ലഭിക്കില്ല.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ രോഗങ്ങള്‍ ഇല്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സമ്പൂര്‍ണ ശാരീരിക- മാനസിക – സാമൂഹിക സുസ്ഥിതി കൂടിയാണ് ആരോഗ്യം എന്ന് തിരിച്ചറിയാന്‍ നാം ഇനിയും വൈകിക്കൂടാ. അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതിയും ഭക്ഷണ ശീലവുമാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. ഇനി നമുക്ക് തീരുമാനിക്കാം, നമ്മുടെ ശരീരം സൂക്ഷിക്കണോ അതോ രോഗങ്ങള്‍ക്ക് വിട്ടുകൊടുക്കണോ എന്ന്.