Connect with us

National

ജമ്മു കാശ്മീരിലും ഹരിയാനയിലും ഭരണത്തിൽ ഇനിയാര്? ഇന്നറിയാം...

എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസിനാണ് മേൽക്കൈ. 90 അംഗ നിയമസഭയിൽ 50-58 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനാണ് മുൻതൂക്കമെങ്കിലും തൂക്കുസഭക്കുള്ള സാധ്യതയും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ എട്ടരയോടെ അറിയാം. ഉച്ചയോടെ ചിത്രം തെളിയും. ഉച്ചകഴിഞ്ഞ് ഫലങ്ങളുടെ വ്യക്തമായ സൂചന ലഭിക്കും.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. സെപ്തംബർ 18 ന് നടന്ന ആദ്യ ഘട്ടത്തിൽ 61.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തുടർന്ന് സെപ്റ്റംബർ 25 ന് നടന്ന രണ്ടാം ഘട്ടത്തിൽ 57.31 ശതമാനം പോളിംഗും അവസാന ഘട്ടത്തിൽ ഒക്ടോബർ 1 ന്, 65.48 ശതമാനം പോളിംഗും രേഖപ്പെടുത്തി. പത്ത് വർഷത്തിനിടെ ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്.

കോൺഗ്രസും നാഷണൽ കോൺഫറൻസും സഖ്യമായാണ് മത്സരിക്കുന്നത്. ഇന്ത്യ ബ്ലോക്ക് ഘടകകക്ഷിയായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നു. ആർട്ടിക്കിൾ 370, സമ്പൂർണ സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, തൊഴിലില്ലായ്മ എന്നിവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയങ്ങൾ.

മുൻ മുഖ്യമന്ത്രിയും ദേശീയ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുള്ള, ഗന്ദർബാൽ, ബുഡ്ഗാം മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടുന്നു. ബിജ്ബെഹറയിൽ നിന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി, കുപ്‌വാര, ഹന്ദ്വാര എന്നിവിടങ്ങളിൽ നിന്ന് പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ, നൗഷേരയിൽ നിന്നുള്ള ബി ജെ പിയുടെ രവീന്ദ്ര റെയ്ന, നഗ്രോട്ടയിൽ നിന്ന് ബിജെപിയുടെ ദേവേന്ദ്ര സിംഗ് റാണ, സെൻട്രൽ ഷാൽതെംഗിൽ നിന്നും കോൺഗ്രസിൻ്റെ താരിഖ് ഹമീദ് കർര, ചന്നപ്പുരയിൽ നിന്ന് ജമ്മു കശ്മീർ അപ്നി പാർട്ടി നേതാവ് സയ്യിദ് മുഹമ്മദ് അൽത്താഫ് ബുഖാരി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ.

ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് പോളിങ് നടന്നത്. 67.9 ശതമാനം പോളിങ് രേഖപ്പെടുത്തി. 2014 മുതൽ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം നിലനിൽക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഉയിർത്തെഴുന്നേറ്റ കോൺഗ്രസിൽ നിന്ന് ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നു. ജനനായക് ജനതാ പാർട്ടിയുമായി ഉടക്കിയ ബി ജെ പി ഒറ്റക്കാണ് മത്സരിക്കുന്നത്.

കർഷകരുടെ പ്രതിഷേധം, ഗുസ്തിക്കാരുടെ പ്രതിഷേധം, തൊഴിലില്ലായ്മ, അഗ്നിവീർ പദ്ധതി തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണത്തിൽ ഉയർന്നുകേട്ടത്. ജുലാനയിൽ നിന്ന് ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. കോൺഗ്രസിൻ്റെ ഭൂപീന്ദർ സിംഗ് ഹൂഡ ബിജെപിയുടെ മഞ്ജു ഹൂഡയ്‌ക്കെതിരെ മത്സരിക്കുന്ന ഗാർഹി സാംപ്ല-കിലോയ്, മുഖ്യമന്ത്രി നയാബ് സിംഗ് സൈനി കോൺഗ്രസ് സ്ഥാനാർത്ഥി മേവാ സിങ്ങിനേ നേരിടുന്ന ലഡ്‌വ, കോൺഗ്രസിൻ്റെ വിനേഷ് ഫോഗട്ട് ബിജെപിയുടെ ക്യാപ്റ്റൻ യോഗേഷിനെതിരെ മത്സരിക്കുന്ന ജുലാന, കോൺഗ്രസിൻ്റെ ബ്രിജേന്ദ്ര സിങ്ങിനെതിരെ മുൻ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല മത്സരിക്കുന്ന ഉച്ചനകലൻ എന്നിവയാണ് ശ്രദ്ധേയമായ മണ്ഡലങ്ങൾ.

എക്‌സിറ്റ് പോൾ പ്രകാരം ഹരിയാനയിൽ കോൺഗ്രസിനാണ് മേൽക്കൈ. 90 അംഗ നിയമസഭയിൽ 50-58 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനാണ് മുൻതൂക്കമെങ്കിലും തൂക്കുസഭക്കുള്ള സാധ്യതയും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നുണ്ട്.

Latest