Connect with us

പടനിലം

കരിമ്പ് ആർക്ക് മധുരിക്കും?

കരിമ്പ് കൃഷിക്ക് പേരുകേട്ട പ്രദേശമാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്. ഈ മേഖലയിലെ മുസഫര്‍നഗര്‍, കൈരാന, ബിജ്നോര്‍, പിലിഭിത് ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക് പോകുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | കരിമ്പ് കൃഷിക്ക് പേരുകേട്ട പ്രദേശമാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ്. ഈ മേഖലയിലെ മുസഫര്‍നഗര്‍, കൈരാന, ബിജ്നോര്‍, പിലിഭിത് ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക് പോകുകയാണ്. ജാട്ട്, മുസ്ലിം വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളവയായതിനാല്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് ഇന്ത്യ സഖ്യത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണിവ. മോദി സര്‍ക്കാറിനെതിരെയുള്ള കര്‍ഷക രോഷവും സി എ എ ഉള്‍പ്പെടെയുള്ള വിഷയങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യം.

ഡല്‍ഹിയിലെ അറസ്റ്റ് മുതല്‍ കേന്ദ്ര ഏജന്‍സികളുടെ സമീപകാല നടപടികള്‍ വരെ ഈ മണ്ഡലങ്ങളിലെ നഗര പ്രദേശങ്ങളില്‍ വലിയ തിരഞ്ഞെടുപ്പ് ചര്‍ച്ചയാണ്. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് പകരം കാര്‍ഷിക വിഷയങ്ങളാണ് മുന്നില്‍.

പണപ്പെരുപ്പം, കാര്‍ഷിക വിളകളുടെ ഇടിവ് എന്നിവയും ഗ്രാമീണ മേഖലയില്‍ വോട്ട് ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഗ്രാമീണ വോട്ടര്‍മാരില്‍ ജാതി ഘടകവും പ്രാദേശിക സ്ഥാനാര്‍ഥികളുടെ സ്വാധീനവും ചര്‍ച്ചയാകുന്നുണ്ട്. മുസ്ലിംകള്‍, ജാട്ടുകള്‍ എന്നിവര്‍ക്ക് പുറമെ ദലിത് വിഭാഗങ്ങള്‍ക്കും ഈ മേഖലയിലെ ചില ഭാഗങ്ങളില്‍ സ്വധീനമുണ്ട്.

2019ലെ മോദി തരംഗത്തിലും ഈ എട്ട് മണ്ഡലങ്ങളില്‍ നാലിടത്ത് മാത്രമേ ബി ജെ പിക്ക് ജയിക്കാനായിരുന്നുള്ളൂ. മൂന്ന് മണ്ഡലങ്ങളില്‍ ബി എസ് പിയും മുറാദാബാദില്‍ സമാജ്വാദി പാര്‍ട്ടിയുമാണ് വിജയം നേടിയിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഈ മേഖലയില്‍ നിന്ന് അഖിലേഷ് യാദവിന്റെ എസ് പി സഖ്യത്തിന് സീറ്റുകള്‍ ലഭിച്ചിരുന്നു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനൊപ്പമുണ്ടായിരുന്ന ജയന്ത് ചൗധരിയുടെ ആര്‍ എല്‍ ഡി ഇത്തവണ ബി ജെ പിക്കൊപ്പമാണെന്നത് ഇന്ത്യ സഖ്യത്തിന് തിരിച്ചടിയാണ്. ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വധീനമുള്ള പാര്‍ട്ടിയാണ് ആര്‍ എല്‍ ഡി. ഈ മേഖലയില്‍ ബി എസ് പിയുടെ പ്രകടനവും ഇന്ത്യ സഖ്യത്തെ ബാധിക്കും.

അതേസമയം, ബി എസ് പി ഇത്തവണ രംഗത്ത് ഇറക്കിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ ബി ജെ പിയുടെ വോട്ട് വാരുന്നവരാണെന്ന നിഗമനവുമുണ്ട്. കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യാന്‍ മത്സരിക്കുന്ന മുസാഫര്‍നഗര്‍ സീറ്റില്‍ ബി എസ് പി രംഗത്തിറക്കിയത് ഈ മേഖലയില്‍ ബി ജെ പി വോട്ടുകള്‍ സ്വധീനിക്കാന്‍ കഴിയുന്ന ദാരാ സിംഗ് പ്രജാപതിയെയാണ്. സാധാരണപോലെ ബി എസ് പി മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ എസ് പിക്ക് ലഭിക്കേണ്ട ചില മുസ്ലിം വോട്ടുകള്‍ പിടിക്കുകയും ബി എസ് പിയുടെ ദളിത് വോട്ടുകള്‍ ബി ജെ പിയുടെ പെട്ടിയില്‍ വീഴുകയും ചെയ്യുമായിരുന്നുവെന്ന് വിലയിരുത്തലുണ്ട്. ഹരേന്ദ്ര മാലിക്കിനെയാണ് സമാജ്വാദി പാര്‍ട്ടി ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. ഹരന്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്‌നോര്‍, നാഗിന, മുറാദാബാദ്, രാംപൂര്‍, പിലിഭിത് എന്നീ എട്ട് സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

 

Latest