Connect with us

articles

പശ്ചിമ ബംഗാളിനെ ആരാണ് ടാര്‍ഗറ്റ് ചെയ്യുന്നത്?

അതിദാരുണവും, ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതുമായ സംഭവമാണ് നടന്നിരിക്കുന്നത്. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാറിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. അതേസമയം, ഈ സംഭവത്തെ ചിലര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളുടെ സാക്ഷാത്കാരത്തിന് ഉപയോഗപ്പെടുത്തുന്നതിനെ വൈകാരികതയില്‍ നിന്ന് വേര്‍തിരിച്ച് സൂക്ഷ്മമായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്.

Published

|

Last Updated

പശ്ചിമ ബംഗാള്‍ ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണ ശാലയായി ( Political laboratory) പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇന്ന് പശ്ചിമ ബംഗാള്‍ ചിന്തിക്കുന്നത്, നാളെ ഇന്ത്യ ചിന്തിക്കും എന്നും പറയാറുണ്ട്. ഇപ്പോള്‍ പശ്ചിമ ബംഗാള്‍ ഇന്ത്യ ആകമാനം വാര്‍ത്തകളില്‍ നിറയുന്നത് അതിന്റെ സ്വതസിദ്ധമായ പ്രബുദ്ധത കൊണ്ടല്ല. മറിച്ച് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഹോസ്പിറ്റലിലെ പി ജി വിദ്യാര്‍ഥിനിയായ ഡോക്ടറുടെ കൊലപാതകമാണ് ഇന്ത്യയുടെയും ലോകത്തിന്റെയും മുഴുവന്‍ ശ്രദ്ധ ഇപ്പോള്‍ കൊല്‍ക്കത്തയില്‍ ആയതിന്റെ കാരണം. അതിദാരുണവും, ആവര്‍ത്തിക്കപ്പെടാന്‍ പാടില്ലാത്തതുമായ സംഭവമാണ് നടന്നിരിക്കുന്നത്. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാറിന് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. അതേസമയം, ഈ സംഭവത്തെ ചിലര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളുടെ സാക്ഷാത്കാരത്തിന് ഉപയോഗപ്പെടുത്തുന്നതിനെ വൈകാരികതയില്‍ നിന്ന് വേര്‍തിരിച്ച് സൂക്ഷ്മമായി തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്. സമാന സാഹചര്യത്തില്‍ വികസിച്ച മുന്‍ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ വേണം അതിനെ കാണാന്‍. തീര്‍ച്ചയായും ഡല്‍ഹിയിലെ നിര്‍ഭയ കേസ് ആണ് നമുക്ക് മുന്നിലുള്ള ആ കയ്‌പേറിയ അനുഭവം.

ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരിചിന്തനം നടത്തുമ്പോള്‍, വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. അന്നത്തെ സര്‍ക്കാര്‍ നിര്‍ഭയ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്, രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ സഫ്ദര്‍ജങ്ക് ഹോസ്പിറ്റലിലാണ്. അന്നത്തെ ഭരണ മുന്നണിയുടെ അധ്യക്ഷയായ സോണിയാ ഗാന്ധി അന്ന് തന്നെ ഇരയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. തുടര്‍ ചികിത്സകള്‍ക്കായി ഇരയെ വിദേശത്തേക്ക് അയച്ചു.

അവസാനം ആ ദൗര്‍ഭാഗ്യകരമായ മരണം ഉണ്ടായപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ആ മൃതദേഹത്തെ ശ്മശാനം വരെ അനുഗമിച്ചു. അതിന് ശേഷം, രാജ്യത്തിന്റെ ഉന്നതമായ സംവിധാനം മുഴുവന്‍ ഇരയോടും കുടുംബത്തോടും ഒപ്പം നിന്നു. ഇരയുടെ കുടുംബം ഒരിക്കല്‍പ്പോലും സര്‍ക്കാറിനെതിരെ പരാതി പറയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടില്ല. എന്നാല്‍ നിര്‍ഭയ കേസിന്റെ മറവില്‍ രാജ്യം പിന്നീട് പല രാഷ്ട്രീയ മാറ്റങ്ങള്‍ക്കും വേദിയായി. എന്നാല്‍ നിര്‍ഭയയുടെ പേരില്‍ അധികാരത്തില്‍ വന്നവര്‍, ഇരകളോട് സ്വീകരിച്ച സമീപനം നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. ഹാഥ്‌റസിലും ബില്‍ക്കീസ് ബാനുവിന്റെ കേസിലും സര്‍ക്കാര്‍ ഇരകളുടെ കൂടെ നിന്നില്ല എന്ന് മാത്രമല്ല, വേട്ടക്കാരുടെ കൂടെ നില്‍ക്കുകയും ചെയ്തു. ഇരകള്‍ക്ക് സര്‍ക്കാറിനെതിരെ പറയുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യേണ്ട സാഹചര്യം ഉണ്ടായി.

ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടി അതി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വ്യാപകമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. പൊടുന്നനെയുള്ള പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നാണ് ആദ്യഘട്ടത്തില്‍ എല്ലാവരും കരുതിയത്. അതേസമയം അതിനകത്തെ ആസൂത്രിതവും അപകടകരവുമായ അജന്‍ഡകള്‍ പിന്നീടാണ് പലരും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കാര്യങ്ങള്‍, ഒരിക്കലും മുന്‍കൂട്ടി കാണാന്‍ കഴിയാത്ത തരത്തിലേക്ക് കൈവിട്ട് പോയിരുന്നു. കക്ഷി രാഷ്ട്രീയ താത്പര്യങ്ങളില്‍ നിന്ന് വിമുക്തമായ, ഇരയുടെ കാര്യത്തില്‍ മാത്രം ബദ്ധശ്രദ്ധമായ, ഒരു സിവില്‍ സൊസൈറ്റി പ്രസ്ഥാനം എന്ന് കരുതിയ ഇടത്ത് നിന്ന്, അന്നത്തെ യു പി എ സര്‍ക്കാറിനെതിരെ ഉപയോഗപ്പെടുത്താവുന്ന ഒരു ആയുധം എന്ന നിലയിലേക്ക് അതിനെ പരിവര്‍ത്തനപ്പെടുത്തി. അത്തരം ആളുകള്‍ ആ പ്രസ്ഥാനത്തിന് അകത്തേക്ക് നുഴഞ്ഞ് കയറി. അവര്‍ അതിന്റെ അജന്‍ഡയും പ്രവര്‍ത്തന രീതിശാസ്ത്രവും തീരുമാനിച്ചു. അതിനൊക്കെ ആര്‍ എസ് എസിന്റെ മാര്‍ഗനിര്‍ദേശവും ഉണ്ടായിരുന്നു എന്നത് പിന്നീട് പുറത്ത് വന്നിട്ടുള്ള യാഥാര്‍ഥ്യങ്ങളാണ്. അതേ രീതിയിലാണ് ഇപ്പോഴും കാര്യങ്ങള്‍ പുരോഗമിക്കുന്നത് എന്ന് കാണാം. കൊല്‍ക്കത്തയിലെ നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറവില്‍, മുതലെടുപ്പ് നടത്തി അധികാരത്തിലേക്ക് വഴിവെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. അതുകൊണ്ടാണ് നിര്‍ഭയ കേസിന്റെ ആവര്‍ത്തനമാണോ ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിക്കുന്നത്.

ബലാത്സംഗം ഒരു വംശീയ കുറ്റകൃത്യം എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതിന്റെ സുദീര്‍ഘമായ ചരിത്രം ഒരു രാജ്യമെന്ന നിലയില്‍ നമുക്കുണ്ട്. ഏറ്റവും ഒടുവില്‍ മണിപ്പൂരില്‍ നിന്ന് അതിന്റെ തെളിവുകള്‍ പുറത്തുവന്നു. ആധിപത്യം നേടണം എന്ന കൃത്യമായ ലക്ഷ്യത്തോട് കൂടി സ്ത്രീ ശരീരത്തോട് നടത്തുന്ന അതിക്രമങ്ങള്‍ക്ക് രാജ്യം പലതവണ മൂകസാക്ഷിയായി നിന്നിട്ടുണ്ട്.

വ്യക്തികള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് പുറമെ, സംഘടിതമായ ബലപ്രയോഗങ്ങളും ഇതില്‍പ്പെടും. പല ഗ്രാമങ്ങളിലും ഉന്നത ഫ്യൂഡല്‍ ജാതികള്‍, അധസ്ഥിത വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളെ ഇത്തരത്തില്‍ വേണം കാണാന്‍. ഇന്ത്യയില്‍ നടന്നിട്ടുള്ള ചെറുതും വലുതുമായ എല്ലാ വര്‍ഗീയ കലാപങ്ങളിലും സവിശേഷമായി തന്നെ സ്ത്രീശരീരം ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൂടാതെ സ്ത്രീകള്‍ ആക്രമിക്കപ്പെടും എന്ന ഭീതിയിലും, അത്തരം വ്യാജ പ്രചാരണങ്ങളിലും കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അതിനാല്‍ തന്നെ, കൊല്‍ക്കത്തയിലെ സംഭവവികാസങ്ങളില്‍ സ്വാഭാവികമായും ഉയര്‍ന്ന് വരുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വ്യതിരിക്തമായി തന്നെ സംഘ്പരിവാര്‍ താത്പര്യങ്ങളെ കാണണം. സംഘ്പരിവാറിന് ഇപ്പോഴും പശ്ചിമ ബംഗാള്‍ ഒരു ബാലികേറാമലയായി തുടരുന്നത് തന്നെയാണ് അതിന് ഒരു കാരണം. സംഘ്പരിവാറിനെ സംബന്ധിച്ച്, അതിന്റെ പാന്‍ ഇന്ത്യന്‍ പ്രൊജക്റ്റിന്റെ വിജയത്തിന് അത് അനുപേക്ഷണീയവുമാണ്. എന്നാല്‍ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും, പരിവാറിന്റെ ലക്ഷ്യങ്ങള്‍ക്ക് അതിന്റെ ഫലപ്രാപ്തിയുടെ ഏഴയലത്ത് പോലും എത്താന്‍ പറ്റിയില്ല എന്നതാണ് യാഥാര്‍ഥ്യം. രാജ്ഭവന്‍ ഉപയോഗിച്ച് പരിവാര്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ വൃഥാവിലാകുകയായിരുന്നു. പുതിയ സാഹചര്യത്തില്‍, മലയാളി കൂടിയായ ആനന്ദബോസ് നടത്തുന്ന നീക്കങ്ങളെ ആ അര്‍ഥത്തില്‍ കൂടി വേണം കാണാന്‍. ബംഗ്ലാദേശിലെ പുതിയ സാഹചര്യങ്ങള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കും എന്ന് കരുതുന്നവരും ഉണ്ട്. ബലാത്സംഗം പോലൊരു ഹീനമായ കുറ്റകൃത്യത്തില്‍, എല്ലാ അര്‍ഥത്തിലും ഇരയോടൊപ്പം തന്നെ നില്‍ക്കേണ്ടതുണ്ട്. അതേസമയം, ആ വൈകാരിക സാഹചര്യം ഉദ്ദീപിപ്പിച്ച്, സ്വന്തം അജന്‍ഡകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ട രാഷ്ട്രീയവും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കേരള ഹൈക്കോടതി അഭിഭാഷകന്‍