Connect with us

Kerala

ബി ജെ പിയിലേക്ക് കണ്ണെറിഞ്ഞ ആ ഒരാൾ ആര്? ചർച്ചകൾ സജീവം; മുതലെടുപ്പിന് ബിജെപിയും

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് അനുകൂലമായി ഒരു വോട്ടു ലഭിച്ചതോടെ കേരളത്തിലെ 140 എം എല്‍ മാരില്‍ ബി ജെ പി ക്യാമ്പിലേക്കു കണ്ണു നട്ടിരിക്കുന്നത് ആര് എന്ന ചോദ്യമുയരുന്നു. ഒരു വോട്ട് അനുകൂലമായി ലഭിച്ചതിന്റെ ആവേശത്തില്‍ രംഗത്തുവന്ന ബി ജെ പി രണ്ടുവോട്ടു പ്രതീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തിയത് ചർച്ചയുടെ ചൂട് കൂട്ടുകയും ചെയ്തു.

Published

|

Last Updated

കോഴിക്കോട് |രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് അനുകൂലമായി ഒരു വോട്ടു ലഭിച്ചതോടെ കേരളത്തിലെ 140 എം എല്‍ മാരില്‍ ബി ജെ പി ക്യാമ്പിലേക്കു കണ്ണു നട്ടിരിക്കുന്നത് ആര് എന്ന ചോദ്യമുയരുന്നു. ഒരു വോട്ട് അനുകൂലമായി ലഭിച്ചതിന്റെ ആവേശത്തില്‍ രംഗത്തുവന്ന ബി ജെ പി രണ്ടുവോട്ടു പ്രതീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തിയത് ചർച്ചയുടെ ചൂട് കൂട്ടുകയും ചെയ്തു. ഇരു മുന്നണികളും ഉത്തരവാദിത്വമൊഴിയുമ്പോൾ വോട്ട് അബദ്ധത്തില്‍ ചെയ്തതാണോ എന്ന ചര്‍ച്ചകളും സജീവമാണ്.

എന്‍ ഡി എയ്ക്ക് പ്രാതിനിധ്യമില്ലാത്ത കേരള നിയമസഭയിലെ 140 അംഗങ്ങളും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. യശ്വന്ത് സിന്‍ഹ കേരളത്തില്‍ നിന്നു പ്രചാരണം തുടങ്ങിയത് ഈ ആത്മവിശ്വാസം മുന്‍നിര്‍ത്തിയാണ്.

ഇടതുപക്ഷത്തിന്റെ ഒരു വോട്ടും മാറി ചെയ്തിട്ടില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാൽ ദേവെഗൗഡയുടെ ജനതാദള്‍ എസ് ദേശീയ തലത്തില്‍ മുര്‍മുവിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിലേക്കാണ് യു ഡി എഫ് വിരല്‍ ചൂണ്ടുന്നത്. മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യൂ ടി തോമസുമാണ് ജനതാദള്‍ എസ് പ്രതിനിധികള്‍. പക്ഷേ, കേരളത്തില്‍ രണ്ട് അംഗങ്ങളുള്ളതില്‍ ഒരാളുടെ മാത്രം വോട്ടുപിഴക്കില്ലെന്ന ആതമവിശ്വാസത്തിലാണ് ഇടതുപക്ഷം. ഇരു മുന്നണികളും എന്‍ ഡി എ വിരുദ്ധ നിലപാട് പ്രഖ്യാപിച്ചതോടെ സ്വതന്ത്രരായ കെ കെ രമ, കോവൂര്‍ കുഞ്ഞുമോന്‍, മാണി സി കാപ്പന്‍ എന്നിവരിലേക്കും സംശയത്തിന്റെ മുന നീളുന്നുണ്ട്.

അതേസയം, ബി ജെ പി ഈ സംശയാസ്പദ സാഹചര്യത്തെ മുതലാക്കാനുള്ള നീക്കം ശക്തമാക്കി. വോട്ട് രേഖപ്പെടുത്തിയ ഏക അംഗത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നന്ദി അറിയിച്ചു രംഗത്തുവന്നത് ഇതിന്റെ സൂചനയാണ്. കേരളത്തില്‍ നിന്ന് ദ്രൗപദി മൂര്‍മുവിന് ലഭിച്ച ഒരു വോട്ടിന് എതിര്‍ത്ത 139 വോട്ടിനേക്കാള്‍ മൂല്യമുണ്ടെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. കേരളത്തിലെ എല്ലാ എം എല്‍ എ, എം പി മാര്‍ക്കും ബി ജെ പി കത്തയച്ചുവെന്നും പരമാവധി പേരുമായി നേരിട്ടു സംസാരിച്ചെന്നും പാർട്ടി നേതാക്കൾ പറയുന്നു. പലര്‍ക്കും ദ്രൗപദി മുന്‍മുവിനു വോട്ടുചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാൽ പാര്‍ട്ടി നിലപാടുകള്‍ തടസ്സമാണെന്നാണ് പലരും പറഞ്ഞതെന്നാണ് കെ സുരേന്ദ്രന്‍ വെളിപ്പെടുത്തിയത്.

ഏറെക്കാലത്തെ കാത്തിരിപ്പിന് ഒടുവിൽ ബിജെപിക്ക് കേരളത്തിൽ കിട്ടിയ ഒരേ ഒരു സീറ്റ് ഒറ്റ ടേമിൽ തന്നെ അവസാനിച്ചിരുന്നു. 2016ല്‍ അക്കൗണ്ട് തുറന്ന ബിജെപിക്ക് 2021ൽ അത് നഷ്ടമായി. സീറ്റ് മാത്രമല്ല, വോട്ട് വിഹിതത്തിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. 2021 ല്‍ ബി ജെ പിക്കു കിട്ടിയ വോട്ട് ഷെയര്‍ 11.35 ശതമാനം മാത്രമാണ്. 2016 ല്‍ 30.2 ലക്ഷം വോട്ട് കിട്ടിയപ്പോള്‍ 2021 ല്‍ അത് 25.9 ലക്ഷം വോട്ടായി ക്കുറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 4.3 ലക്ഷം വോട്ടു കുറഞ്ഞ കേരളത്തില്‍ തലപൊക്കാനുള്ള അവസരം കാത്തുകഴിയുന്ന ബി ജെ പിക്ക് നേരിയ ആശ്വസമായിരിക്കുകയാണ് രാഷ്ട്രപതിക്കു ലഭിച്ച ഒരു വോട്ട്.

രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നാണ് നിയമസഭ സെക്രട്ടേറിയേറ്റ് പറയുന്നത്. ബാലറ്റ് റസീപ്റ്റും ബാലറ്റ് പേപ്പറിനോപ്പം അയച്ചിരുന്നു. വോട്ട് പാര്‍ട്ടി വിപ്പിനെ കാണിക്കേണ്ട നിര്‍ബന്ധം ഇല്ലായിരുന്നു. ആരും മനപ്പൂര്‍വം വോട്ട് രേഖപ്പെടുത്തിയതാകില്ല മറിച്ച് അബദ്ധം പറ്റിയതാകാം എന്നും മുന്നണി നേതാക്കള്‍ക്കിടയില്‍ സംശയമുണ്ട്. കേരളത്തിലെ 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്.

എന്നാല്‍, ആരാണ് ബി ജെ പിയിലേക്കു കണ്ണുപായിച്ചിരിക്കുന്ന ആ എം എല്‍ എ എന്നത് സുപ്രധാനമായ ചോദ്യമായി അവശേഷിക്കുകയാണ്. ഗോത്രവര്‍ഗ പ്രതിനിധി, വനിത തുടങ്ങിയ പരിഗണനകള്‍ ഏതെങ്കിലും അംഗത്തെ സ്വാധീനിച്ചു എന്നല്ല വിലയിരുത്തപ്പെടുന്നത്. ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ഒരംഗം വശംവദമായോ എന്ന ചോദ്യമാണ് ഉയരുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest