puthuppalli
പുതുപ്പള്ളിയിൽ പുതുചരിതമെഴുതി ചാണ്ടി ഉമ്മൻ; റെക്കോർഡ് നേട്ടത്തോടെ വിജയത്തേരിൽ
മണ്ഡലത്തിൽ 2011ൽ ഉമ്മൻ ചാണ്ടി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറികടന്ന ചാണ്ടി ഉമ്മൻ തന്റെ ഭൂരിപക്ഷം 37,719 ലെത്തിച്ചു.

കോട്ടയം | പുതുപ്പള്ളി പുതുചരിത്രമെഴുതി. അര നൂറ്റാണ്ടുകാലം പുതുപ്പള്ളിയുടെ നായകാനായിരുന്ന ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി ചാണ്ടി ഉമ്മൻ. ആദ്യാവസാനം ഉമ്മൻ ചാണ്ടിയുടെ മധുരമായ ഓർമൾ നിറഞ്ഞുനിന്ന പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ കൂറ്റൻ ഭൂരിപക്ഷവുമായി മകൻ ചാണ്ടി ഉമ്മൻ ജയിച്ചുകയറി. മണ്ഡലത്തിൽ 2011ൽ ഉമ്മൻ ചാണ്ടി നേടിയ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 മറികടന്ന ചാണ്ടി ഉമ്മൻ തന്റെ ഭൂരിപക്ഷം 37,719 ലെത്തിച്ചു. വിജയം ഉറപ്പിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മൻ, പിതാവിന്റെ കല്ലറ സന്ദർശിച്ച് പ്രണാമമർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. പുതുപ്പള്ളിയിലെങ്ങും യുഡിഎഫ് പ്രവർത്തകരുടെ ആവേശം ദൃശ്യമാണ്. തങ്ങളുടെ പ്രിയ ജനനായകന് പുതുപ്പള്ളിക്കാർ നൽകിയ ഏറ്റവും വലിയ മരണാനന്തര ബഹുമതിയായി കൂടി മാറി ചാണ്ടി ഉമ്മന്റെ ഈ സൂപ്പർ വിജയം. മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും.
കോട്ടയം ബസേലിയസ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ നിമിഷം മുതൽ തുടങ്ങിയ തേരോട്ടം അവസാന മിനുട്ടുവരെ ചാണ്ടി ഉമ്മൻ നിലനിർത്തി. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നീട് വോട്ടിംഗ് മെഷീനിലേക്ക് കടന്നു. അയർകുന്നം പഞ്ചായത്തിലെ വോട്ടിംഗ് മെഷീനാണ് ആദ്യം തുറന്നത്. അതോടെ ചാണ്ടിയുടെ ലീഡ് നാലക്കം കടന്ന് മുന്നേറി. പിന്നീടങ്ങോട്ട് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും ചാണ്ടി ഉമ്മൻ രജതയാത്ര നടത്തുന്നതാണ് കണ്ടത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മണ്ഡലത്തിൽ ജയ്ക്ക് തോൽവി രുചിക്കുന്നത്. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പിൽ, ജെയ്ക് 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.
72.86% പോളിംഗാണ് ഇത്തവണ പുതുപ്പള്ളിയിൽ രേഖപ്പെടുത്തിയത്. സഹതാപ തരംഗം ആഞ്ഞടിച്ച പോളിങ്ങില്‍ സി പി എം ശക്തികേന്ദ്രമായ മണര്‍കാട് പഞ്ചായത്തിലടക്കം വന്‍ കുതിപ്പാണ് ചാണ്ടി ഉമ്മന്‍ നേടിയത്. ആദ്യ റൗണ്ടിൽ 2816, രണ്ടാം റൗണ്ടിൽ 2671, മൂന്നാം റൗണ്ടിൽ 2911, നാലാം റൗണ്ടിൽ 2,962, അഞ്ചാം റൗണ്ടിൽ 2,989, ആറാം റൗണ്ടിൽ 2515, ഏഴാം റൗണ്ടിൽ 2,767, എട്ടാം റൗണ്ടിൽ 2949, ഒൻപതാം റൗണ്ടിൽ 2806, പത്താം റൗണ്ടിൽ 3133, പതിനൊന്നാം റൗണ്ടിൽ 2510, പന്ത്രണ്ടാം റൗണ്ടിൽ 2488, പതിമൂന്നാം റൗണ്ടിൽ 2937 എന്നിങ്ങനെയാണ് വിവിധ റൗണ്ടുകളിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന്‍ 80144 വോട്ടുകളും ജെയ്ക്ക് 42425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിന്‍ ലാല്‍ 6558 വോട്ടുകളും നേടി.
ബിജെപി ചിത്രത്തിലേ ഇല്ലെന്നതാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ട മറ്റൊരു കാഴ്ച. ഏഴായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് നേടാനായത്. ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചുവെന്ന സിപിഎമ്മിന്റെ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് ഈ ദയനീയമായ തോൽവിയെന്ന കാര്യത്തിൽ സംശയമില്ല. പുതുപ്പള്ളിയിൽ മത്സരിച്ച മറ്റൊരു പാർട്ടിയായ ആം ആദ്മിക്ക് ആയിരത്തിൽ താഴെ വോട്ടുകളേ ലഭിച്ചുള്ളൂ. മുന്നൂറിലധികം വോട്ടുകൾ നോട്ട നേടി.
തകർപ്പൻ വിജയത്തിന് പിന്നാലെ മണ്ഡലത്തിലുടനീളം കോൺഗ്രസ് പ്രവർത്തകർ ആവേശ പ്രകടനത്തിലാണ്. കൈതോലപ്പായ അടക്കം അണികള്‍ പ്രകടനത്തില്‍ ഉയര്‍ത്തിക്കാട്ടി. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലും ആഹ്ലാദ പ്രകടനം തുടങ്ങി. സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പുതുപ്പള്ളി വിജയം ആഘോഷിക്കുകയാണ്.
പുതുപ്പള്ളിയിലെ ജനവിധി സര്‍ക്കാരിനെതിരായ വികാരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും കോണ്‍ഗ്രസിനും ലഭിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി കൂടുതല്‍ ദിവസം പുതുപ്പള്ളിയില്‍ ക്യാംപെയിന്‍ ചെയ്തിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടിയേനെയെന്നും അദ്ദേഹം പരിഹസിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മൻ ചാണ്ടിയോട് കൊടുംക്രൂരത കാട്ടിയവർക്കുള്ള ശിക്ഷയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പ്രതിരൂപമായി ചാണ്ടി ഉമ്മനെ വോട്ടർമാർ കണ്ടതാണ് UDF ന്റെ വിജയത്തിന് കാരണമെന്നായിരന്നു മുസ്ലിം ലീഗ് നേതാവ് സയ്ദ് സാദിക്ക് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് ജനം നല്‍കിയ പ്രഹരമാണ് പുതുപ്പള്ളിയിലെ ജനവിധിയെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ പ്രതികരിച്ചു. അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാർ സ്വീകരിച്ചു കഴിഞ്ഞുവെന്നായിരുന്നു മറ്റൊരു സഹോദരി മറിയ ഉമ്മന്റെ പ്രതികരണം.
പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാകുമെന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലൻ നേരത്തെ പ്രതികരിച്ചത്. പുതുപ്പള്ളിയില്‍ ബി ജെ പി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിന് 21-ാം നാളാണ് പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അന്ന് മുതൽ തുടങ്ങിയ വീറുറ്റ പ്രചാരണത്തിന് ഒടുവിലാണ് ചാണ്ടി ഉമ്മന്റെ തകർപ്പൻ വിജയം. ഉമ്മൻ ചാണ്ടിക്ക് കുടുബം ചികിത്സ നിഷേധിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം നടത്തിയത്. മണ്ഡലത്തിൽ വികസനം നടന്നില്ലെന്ന ആരോപണവും അവർ ഉയർത്തി. ജെയ്ക് സി തോമസിനെതിരെയും വ്യക്തിപരായ ആരോപണങ്ങളുയർന്നു. ജെയ്ക്ക് തോമസിന്റെ ഭാര്യക്ക് എതിരെ വരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ ഒരു വേള ചാണ്ടി ഉമ്മന് മാപ്പ് പറയേണ്ട സാഹചര്യവും പുതുപ്പള്ളിയിൽ കണ്ടിരുന്നു. എന്നാൽ എല്ലാ ആരോപണങ്ങളുടെയും തിരശ്ശീല നീക്കി ഒടുവിൽ ചാണ്ടി ചാമ്പ്യനായി മാറി.
പുതുപ്പള്ളിയടക്കം രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്ന് നടന്നത്. ത്രിപുരയിലെ ബോക്സാനഗറിലും ധൻപൂരിലും ബിജെപിയും ഉത്തർപ്രദേശിലെ ഘോസിയിൽ സമാജ് വാദി പാർട്ടിയും ഉത്തരാഖണ്ഡിലെ ഭാഗേഷ്വറിൽ ബിജെപിയും ജാർഖണ്ഡിലെ ധുംരിയിൽ എ ജെ എസ് യുവും, പശ്ചിമ ബംഗാളിലെ ധുപ്ഗുരി മണ്ഡലത്തിൽ ബിജെപിയുമാണ് മുന്നേറുന്നത്.