Articles
ഉപരാഷ്ട്രപതി ക്ഷോഭിക്കുന്നത് ആര്‍ക്ക് വേണ്ടി?
നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന നടപടിയാണ് തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന കാര്യത്തില്‍ സംശയമില്ല. ജനാധിപത്യത്തിന് നേരെയുള്ള മിസൈല്‍ ആക്രമണമാണ് അതെന്ന് പറയുന്ന ധൻഖര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ പാസ്സാക്കിയ ബില്ലുകള്‍ അനന്തകാലം അനുമതി ലഭിക്കാതെ തടഞ്ഞുവെക്കപ്പെടണമെന്നാണോ ആഗ്രഹിക്കുന്നത്.

രാജാവിനേക്കാള്‍ വലിയ രാജഭക്തി എന്ന ഒറ്റ പ്രയോഗത്തിലെ വിശേഷണത്തിലൊതുങ്ങുന്നതാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖര്‍ നടത്തിയ ഭീഷണി സ്വരമുള്ള വിവാദ പരാമര്‍ശങ്ങള്‍. തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കിയതില്‍ ഉപരാഷ്ട്രപതി ഉറഞ്ഞു തുള്ളുന്നത് കണ്ടാല്‍ തോന്നുക പരമോന്നത കോടതി ഭരണഘടനാപരമല്ലാത്ത അപരാധമെന്തോ ചെയ്തു വെച്ചിരിക്കുന്നു എന്നാണ്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റേത് പൊയ്്വാക്കാണെന്ന് അദ്ദേഹം പറഞ്ഞതിന്റെ വിശദാംശങ്ങള്‍ അറിയുമ്പോള്‍ തെര്യപ്പെടും.
ഭരണഘടനക്ക് മുകളിലല്ല രാഷ്ട്രപതി
ഈയിടെ ഉണ്ടായ വിധിയില്‍ രാഷ്ട്രപതിക്ക് ഒരു നിര്‍ദേശമുണ്ട്. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്, രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചോദിച്ച ധൻഖര്‍, ജനാധിപത്യ ശക്തികള്‍ക്കെതിരെ ന്യായാധിപര്‍ക്ക് ലഭ്യമായ ന്യൂക്ലിയര്‍ മിസൈലായി 142ാം അനുഛേദം മാറിയിട്ടുണ്ടെന്ന് ക്ഷോഭിക്കുകയായിരുന്നു. പഴയ ഇംഗ്ലീഷ് കോമണ്‍ ലോയില്‍ രാജാവ് തെറ്റ് ചെയ്യില്ലെന്ന സിദ്ധാന്തം നിയമ വ്യവസ്ഥിതിയുടെ അടിസ്ഥാനമായിരുന്നു. അതായത് ദൈവത്തിന്റെ പ്രതിപുരുഷനാണ് രാജാവെന്ന് പറഞ്ഞുവെക്കുന്ന അതേ മനോനിലയാണ് രാഷ്ട്രപതിയുടെ കാര്യത്തില്‍ ജഗ്ദീപ് ധൻഖര്‍ പങ്കുവെക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രപതിയെ ദൈവാധികാര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഉപരാഷ്ട്രപതി, നീതിന്യായ പരിശോധനക്ക് പുറത്താണ് പ്രസിഡന്റിന്റെ അധികാരമെന്ന നിലയിലാണ് സംസാരിക്കുന്നത്. അത് ശരിയല്ല.
ഭരണഘടനയുടെ 356ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. തതടിസ്ഥാനത്തില്‍ രാഷ്ട്രപതി എടുത്ത തീരുമാനത്തെ നീതിന്യായ പരിശോധനക്ക് വിധേയമാക്കുന്നതിന് 361ാം അനുഛേദമനുസരിച്ച് രാഷ്ട്രപതിക്ക് ലഭ്യമായ നിയമ പരിരക്ഷ തടസ്സമല്ലെന്ന് 2006ലെ രാമേശ്വര്‍ പ്രസാദ് കേസില്‍ സുപ്രീം കോടതി അടിവരയിടുന്നുണ്ട്. മതിയായ വസ്തുതകളുടെ അടിസ്ഥാനത്തിലാണോ രാഷ്ട്രപതി പ്രവര്‍ത്തിച്ചതെന്ന് പരിശോധിക്കുന്നതിന് നിയമ പരിരക്ഷ തടസ്സമല്ലെന്ന് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ നിയമ വ്യവഹാരങ്ങളിലൊന്നായ എസ് ആര്‍ ബൊമ്മെ കേസിലും പറഞ്ഞുവെച്ചിട്ടുണ്ട് പരമോന്നത നീതിപീഠം.
പേരിനൊരു പദവി മാത്രം
ഭരണഘടനാപരമായി പരിശോധിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ, പേരിനൊരു തലവന്‍ മാത്രമാണ് രാഷ്ട്രപതി എന്ന് എളുപ്പം ബോധ്യമാകും. കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശപ്രകാരം മാത്രം പ്രവര്‍ത്തിക്കേണ്ട രാഷ്ട്രപതിക്ക് സ്വതന്ത്രമായ തീരുമാനത്തിനുള്ള അധികാരമില്ല. സംസ്ഥാന ഗവര്‍ണര്‍മാരേക്കാള്‍ ശ്രദ്ധേയ സ്ഥാനമാണ് രാഷ്ട്രപതി അലങ്കരിക്കുന്നതെങ്കിലും അവര്‍ക്ക് ലഭ്യമായ ചില വിവേചനാധികാരങ്ങള്‍ പോലും രാഷ്ട്രപതിക്കില്ലെന്നതാണ് സത്യം. ഭരണഘടനയുടെ 356ാം അനുഛേദ പ്രകാരം സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച റിപോര്‍ട്ട് ചെയ്യുക, തിരഞ്ഞെടുപ്പിന് ശേഷം ഏത് രാഷ്ട്രീയ പാര്‍ട്ടിയെയാണ് സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്ന് തീരുമാനിക്കുക എന്നിവ ഗവര്‍ണറുടെ അധികാരങ്ങളാണെങ്കില്‍ രാഷ്ട്രപതിക്ക് അത്തരം അധികാരങ്ങളില്ല.
കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണല്ലോ രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടത്. ഫലത്തില്‍ രാഷ്ട്രപതിക്കുള്ള സുപ്രീം കോടതിയുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാറിനുള്ള നിര്‍ദേശമാണ്. അതിനാലാകണം നേരത്തേ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖര്‍ സുപ്രീം കോടതിക്കെതിരെ ഒളിപ്പോര് നടത്തുന്നത്.
ഉപരാഷ്ട്രപതിയും ഭരണകക്ഷി നേതാക്കളും ബഹളം കൂട്ടുന്നത് കണ്ടാല്‍ തോന്നുക നടാടെയാണ് സുപ്രീം കോടതി രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കുന്നതെന്നാണ്. മുമ്പ് പല തവണ അതുണ്ടായിട്ടുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ദയാഹരജിയില്‍ ന്യായമായ സമയത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് 2014 ജനുവരിയില്‍ ശത്രുഘ്‌നന്‍ ചൗഹാന്‍ കേസില്‍ സുപ്രീം കോടതി രാഷ്ട്രപതിക്ക് നിര്‍ദേശം നല്‍കുക മാത്രമല്ല ചെയ്തത്. ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതിലെ അന്യായമായ കാലവിളംബം വധശിക്ഷയില്‍ ഇളവ് ചെയ്യുന്നതിന് കാരണമാകുമെന്ന് നിരീക്ഷിച്ച് വധശിക്ഷ വിധിക്കപ്പെട്ട 15 തടവുകാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു.
പുതിയ കീഴ്വഴക്കമല്ലെന്ന് തന്നെ
ഇവിടെ തമിഴ്‌നാട് സര്‍ക്കാര്‍ കേസില്‍ രാഷ്ട്രപതിയുടെ നടപടികളുടെ നീതിന്യായ പരിശോധനയുമായി ബന്ധപ്പെട്ട് വിവിധ വര്‍ഷങ്ങളിലെ നീതിന്യായ വ്യവഹാരങ്ങളിലൂടെ വികസിച്ചു വന്ന നീതിശാസ്ത്രത്തെ വിപുലീകരിക്കുകയാണ് സുപ്രീം കോടതി ചെയ്തത്. മറിച്ച് പുതിയ കീഴ്്വഴക്കം സൃഷ്ടിക്കുകയല്ല.
കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ പഠിക്കാന്‍ നിയോഗിക്കപ്പെട്ട രണ്ട് പ്രധാന കമ്മീഷനുകളാണ് സര്‍കാരിയ, പൂഞ്ചി കമ്മീഷനുകള്‍. ഗവര്‍ണര്‍മാര്‍ അയച്ച ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കണമെന്ന് മേൽപ്പറഞ്ഞ രണ്ട് കമ്മീഷന്‍ റിപോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് ലഭിച്ച ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ആദ്യ മോദി സര്‍ക്കാറിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ഓഫീസ് മെമ്മൊറാണ്ടം പുറത്തിറക്കിയിരുന്നു. അതൊന്നും അറിയാതെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖര്‍ സുപ്രീം കോടതിക്ക് നേരെ തിരിഞ്ഞതെന്ന് കരുതാനാകില്ല.
ജനാധിപത്യത്തെ തകര്‍ക്കുന്ന മിസൈല്‍
പ്രതിപക്ഷ കക്ഷികള്‍ അധികാരത്തിലിരിക്കുന്ന പല സംസ്ഥാനങ്ങളിലും നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ വര്‍ഷങ്ങളായി അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് സുപ്രീം കോടതി കാണുന്നുണ്ട്. അക്കാര്യം പ്രശ്‌നവത്കരിക്കുന്ന ഹരജികള്‍ കേട്ടിട്ടുമുണ്ട് പരമോന്നത കോടതി. സുപ്രധാന ഭരണഘടനാ പദവിയിലിരിക്കുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന് ആധിയുണ്ടാകേണ്ട സംഗതി അതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സ്വയം മറന്ന് ആടുകയാണ്, ഭരണകൂടത്തിന് വേണ്ടി. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന നടപടിയാണ് തമിഴ്‌നാട് ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായതെന്ന കാര്യത്തില്‍ സംശയമില്ല. ജനാധിപത്യത്തിന് നേരെയുള്ള മിസൈല്‍ ആക്രമണമാണ് അതെന്ന് പറയുന്ന ധൻഖര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭ പാസ്സാക്കിയ ബില്ലുകള്‍ അനന്തകാലം അനുമതി ലഭിക്കാതെ തടഞ്ഞുവെക്കപ്പെടണമെന്നാണോ ആഗ്രഹിക്കുന്നത്. എങ്കില്‍ ഇരിക്കുന്ന പദവിയോടുള്ള അവഹേളനമാണതെന്ന് കാണാതിരിക്കാനാകില്ല.
സുപ്രീം കോടതിയുടെ നടപടി നിയമനിര്‍മാണ സ്തംഭനം ഒഴിവാക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ്. അല്ലാതെ രാഷ്ട്രപതിയുടെ ഓഫീസിനെ തരംതാഴ്ത്തുന്നതല്ല. കോടതി വിധിയെ വിമര്‍ശിക്കാം. പക്ഷേ സംഗതമാകണമത്. ഭരണഘടനാപരതയില്‍ അടിയുറച്ചതുമാകണം. അല്ലാത്തപക്ഷം ഉപരാഷ്ട്രപതിയുടെ ഉന്നത പദവിയോടും അതിന് അസ്തിത്വം നല്‍കുന്ന ഭരണഘടനയോടുമുള്ള വെല്ലുവിളിയാണത്.