Editorial
ശ്രീലങ്കയില്‍ നിന്ന് ആരാണ് പാഠം പഠിക്കേണ്ടത്?
ശ്രീലങ്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രസിഡന്റ് ഗോതബയ രജപക്‌സേയും അദ്ദേഹത്തിന്റെ കുടുംബം നിയന്ത്രിക്കുന്ന സര്‍ക്കാറും അധികാരം വിട്ടൊഴിയണമെന്നാവശ്യപ്പെട്ട് ലക്ഷക്കണക്കിന് തൊഴിലാളികളാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയത്. ദ്വീപ് രാജ്യത്തുടനീളമുള്ള 1,000 ട്രേഡ് യൂനിയനുകള്‍ പണിമുടക്കില്‍ അണി ചേര്‍ന്നു. ബേങ്കുകള്‍ അടഞ്ഞു കിടന്നു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു. പൊതുഗതാഗതം നിശ്ചലമായി. ജനങ്ങള്‍ സ്വമേധയാ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങി. പ്രസിഡന്റിന്റെ ഓഫീസിനോട് ചേര്‍ന്ന ഗാള്‍ ഫേസ് റോഡില്‍ രണ്ടാഴ്ചയിലേറെയായി യുവാക്കള്‍ തമ്പടിച്ചിരിക്കുകയാണ്. ഇവിടേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. തികച്ചും സമാധാനപരവും സര്‍ഗാത്മകവുമാണ് സമരം. ഗോ ഗോതാ ഗോ എന്ന് അവര്‍ മുദ്രാവാക്യം മുഴക്കുന്നു. പാടുന്നു, പറയുന്നു. ഡല്‍ഹി വളഞ്ഞ കര്‍ഷക പ്രക്ഷോഭത്തിന്റെ മാതൃകയിലാണ് ഈ സമരം.
ഗാള്‍ ഫേസ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രാമങ്ങളിലടക്കം വിദ്യാര്‍ഥികളും യുവജനങ്ങളും വയോജനങ്ങളും പെന്‍ഷന്‍കാരും തനതായ പ്രക്ഷോഭ പരിപാടികളും നടത്തുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ പോലും സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പങ്കെടുക്കുന്നുവെന്നാണ് കൊളംബോയില്‍ നിന്നുള്ള ആവേശകരമായ റിപോര്‍ട്ട്. ജീവിതം വഴിമുട്ടിയ സാമ്പത്തിക ദുരന്തത്തിന്റെ ഉത്തരവാദികള്‍ രജപക്‌സേ കുടുംബമാണെന്നും ഇവരുടെ തലതിരിഞ്ഞ സാമ്പത്തിക നയമാണ് എല്ലാ പ്രതിസന്ധിയും സൃഷ്ടിച്ചതെന്നും പ്രക്ഷോഭകര്‍ ഇടര്‍ച്ചയില്ലാതെ പ്രഖ്യാപിക്കുന്നു. വംശീയത കൊണ്ടും തീവ്രദേശീയത കൊണ്ടും ശിഥിലമാക്കപ്പെട്ട സമൂഹമായി ശ്രീലങ്കന്‍ ജനത അധഃപതിച്ചിരുന്നു. പുലിവേട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട സൈനിക നീക്കത്തിനൊടുവില്‍ സിംഹള വികാരം ശക്തമാക്കാന്‍ ഭരണക്കാര്‍ക്ക് സാധിച്ചു. ഈസ്റ്റര്‍ ദിന ഭീകരാക്രമണം ഈ വര്‍ഗീയ വിഭജനത്തെ കൂടുതല്‍ മാരകമാക്കി. ലോകത്തെ ഏറ്റവും ക്രൂരമായ ഇസ്‌ലാമോഫോബിക് ആയി ശ്രീലങ്കന്‍ സമൂഹം മാറി. തമിഴ് ജനതയെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അന്യവത്കരിച്ച് ഭൂരിപക്ഷ വികാരം കത്തിച്ച് നിര്‍ത്തുന്ന അപകടകരമായ രാഷ്ട്രീയത്തിന്റെ പരിണതിയായിരുന്നു അത്. ആ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ് രജപക്‌സേമാര്‍.
ഇപ്പോള്‍ ശ്രീലങ്കയെ ഇളക്കി മറിക്കുന്ന പ്രക്ഷോഭം എല്ലാ തരം ശിഥിലീകരണങ്ങളെയും ചെറുത്തു തോല്‍പ്പിക്കുകയാണ്. യഥാര്‍ഥ സിവില്‍ സമൂഹം ഉയര്‍ന്നു വരികയാണ്. അവിടെ സിംഹളയെന്നോ തമിഴനെന്നോ മുസ്‌ലിം എന്നോയുള്ള വ്യത്യാസമേയില്ല. തുല്യ ദുഃഖിതരാണ് എല്ലാവരും. രജപക്‌സേമാര്‍ ഭരിക്കുന്നത് തങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുമ്പ് പ്രഖ്യാപിച്ച ബുദ്ധഭിക്ഷുക്കള്‍ പോലുമുണ്ട് സമരത്തിന്റെ മുന്നണിയില്‍. രാജ്യം സര്‍വനാശത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ എല്ലാം മറന്ന് മനുഷ്യര്‍ ഒന്നിക്കുന്നതിന്റെ കാഴ്ച ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിന്ന് നോക്കുമ്പോള്‍ അങ്ങേയറ്റം ആവേശകരമാണ്. ഈ കഠിന കാലം കടന്ന് ശ്രീലങ്ക മുന്നോട്ട് കുതിക്കുമ്പോള്‍ മുന്നില്‍ നിന്ന് നയിക്കാനുള്ള പുതിയ നേതൃനിര ഉയര്‍ന്നു വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. കൊന്നു തള്ളിയാണ് മഹിന്ദാ രജപക്‌സേയുടെയും ഗോതബയ രജപക്‌സേയുടെയും ശീലം. ആ ക്രൗര്യം അവര്‍ പ്രക്ഷോഭകര്‍ക്ക് നേരേ പ്രയോഗിക്കാന്‍ നോക്കിയതാണ്. ഒരു സമരഭടന്‍ മരിച്ചു വീണു. ഇതുകണ്ട് പിന്തിരിഞ്ഞോടുകയല്ല ജനം ചെയ്തത്. ആ രക്തസാക്ഷിത്വം കൂടുതല്‍ പേരെ സമരമുന്നണിയിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അതുകൊണ്ട് പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ രജപക്‌സേ ഭരണകൂടം മുതിരുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് അന്താരാഷ്ട്ര സംഘടനകളുടെ മുന്നില്‍ സാമ്പത്തിക സഹായത്തിന് കൈനീട്ടി നില്‍ക്കുമ്പോള്‍.
ഈ പ്രക്ഷോഭം സമ്പൂര്‍ണ വിജയം നേടുമെന്നോ ഭരണ സംവിധാനത്തില്‍ സമൂലമായ ശുദ്ധീകരണം ഉടന്‍ സാധ്യമാകുമെന്നോ ഇപ്പോള്‍ പ്രവചിക്കാനാകില്ല. എന്നാല്‍ വലിയ മാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. പ്രധാനമന്ത്രി മഹിന്ദാ രജപക്‌സേയെ മാറ്റാന്‍ പ്രസിഡന്റും സഹോദരനുമായ ഗോതബയ തയ്യാറായിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു കൂടി പങ്കാളിത്തമുള്ള ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാമെന്നാണ് പ്രസിഡന്റിന്റെ വാഗ്ദാനം. മറുവശത്ത് പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറക്കുന്ന ഭരണഘടനാ ഭേദഗതികളിലേക്ക് പോകുകയാണ് പ്രധാനമന്ത്രി. സഹോദരന്‍മാര്‍ തമ്മില്‍ ഭിന്നത രൂപപ്പെട്ടിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ഈ ആന്തരിക വൈരുധ്യം വെറുതേ ഉണ്ടായതല്ല. പ്രക്ഷോഭം സൃഷ്ടിച്ച ആശയതലത്തിന്റെ കരുത്താണത്. മഹിന്ദയുടെയും ഗോതബയയുടെയും സഹോദരനായ ധനമന്ത്രി ബേസില്‍ രജപക്‌സേക്ക് രാജിവെക്കേണ്ടി വന്നു. പകരം വന്നത് മുന്‍ നിയമ മന്ത്രി അലി സബ്‌രിയാണ്. മറ്റൊരു സഹോദരനായ ചമലിനും കസേര പോയി. രജപക്‌സേമാരുടെ നിയന്ത്രണത്തിലുള്ള പൊതുജന പെരുമുന സഖ്യത്തില്‍ നിന്ന് പ്രധാന പാര്‍ട്ടികളെല്ലാം കൂടൊഴിഞ്ഞു.
ജനാധിപത്യത്തിന്റെ കരുത്ത് കുടികൊള്ളുന്നത് തിരുത്തിക്കാനുള്ള ശേഷിയിലാണ്. ശ്രീലങ്കന്‍ ജനത അത് ആര്‍ജിച്ചിരിക്കുന്നു. ശ്രീലങ്കയില്‍ നിന്ന് ആരാണ് പാഠം പഠിക്കേണ്ടത്? കെ റെയിലുമായി മുന്നോട്ട് പോകുന്ന കേരള സര്‍ക്കാറോ? ശ്രീലങ്ക പാഠമാകേണ്ടത് ഇന്ത്യന്‍ ജനതക്കാകെയാണ്. ഫാസിസ്റ്റ് ശക്തികളുടെ വര്‍ഗീയ വിഭജന തന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്ന ജനകീയ ഐക്യനിര പടുത്തുയര്‍ത്തുകയെന്ന ഭാരിച്ച ദൗത്യത്തില്‍ ശ്രീലങ്കയെ മാതൃകയാക്കാം.