Connect with us

From the print

കണ്ണൂരിലേക്ക് മാറ്റിയത് ആരെയൊക്കെ; വിവരം ഹജ്ജ് സൈറ്റില്‍ നിന്നറിയാം

കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രം ഒന്നാമത്തെ ഓപ്ഷനായും രണ്ടാമത്തെ ഓപ്ഷന്‍ കണ്ണൂരും നല്‍കിയ 516 ഹജ്ജ് അപേക്ഷകര്‍ക്കാണ് കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് മാറാന്‍ അവസരം ലഭിച്ചത്.

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് മാറ്റിയ ഹാജിമാര്‍ ആരൊക്കെയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭിക്കും. കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രം ഒന്നാമത്തെ ഓപ്ഷനായും രണ്ടാമത്തെ ഓപ്ഷന്‍ കണ്ണൂരും നല്‍കിയ 516 ഹജ്ജ് അപേക്ഷകര്‍ക്കാണ് കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തിലേക്ക് മാറാന്‍ അവസരം ലഭിച്ചത്. 1,423 പേരാണ് ഈ രീതിയില്‍ ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചത്.

ഇവരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഹജ്ജ് നറുക്കെടുപ്പിന്റെ നടപടിക്രമങ്ങളാണ് ഇതിനും തുടര്‍ന്നിരിക്കുന്നത്. ആരെയൊക്കെയാണ് കണ്ണൂരിലേക്ക് മാറ്റിയത് എന്നറിയാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വമഷരീാാശേേലല.ഴീ്.ശി എന്ന വെബ്സൈറ്റില്‍ കയറി യൂസര്‍ ഐ ഡിയും പാസ്വേര്‍ഡും ബന്ധപ്പെട്ട സ്ഥലത്ത് ടൈപ്പ് ചെയ്ത് നല്‍കണം. മാറ്റിയത് ആരെയൊക്കെയെന്നത് സംബന്ധിച്ച പട്ടിക സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഔദ്യോഗികമായി ലഭ്യമായിട്ടില്ല. ഈ വര്‍ഷത്തെ ഹജ്ജിന് കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രം വഴി 5,857 പേരും കൊച്ചി വഴി 5,573 പേരും കണ്ണൂര്‍ വഴി 4,135 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചത്. മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളേക്കാളും കരിപ്പൂരില്‍ നിന്ന് ഹജ്ജ് വിമാനക്കൂലി അധികമാണ്. കരിപ്പൂരില്‍ നിന്ന് ജി എസ് ടി ഉള്‍പ്പെടെ 1,41,473.93 രൂപയാണ് വിമാനക്കൂലിയിനത്തില്‍ ഒരു അപേക്ഷകനില്‍ നിന്ന് ഈടാക്കുന്നത്.

അതേസമയം, ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിന് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലന പരിപാടി മുംബൈയില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് 114 പേരാണ് പങ്കെടുത്തത്. അടുത്ത മാസം ഏഴ്, എട്ട് തീയതികളില്‍ ഇവര്‍ക്ക് ഹജ്ജ് ഹൗസിലും ട്രെയിനിംഗ് ക്ലാസ്സുകള്‍ നല്‍കും.