delhi election 2025
ഡൽഹിയിൽ മുഖ്യമന്ത്രി ആരാകും? തീവ്രഹിന്ദു നേതാവ് മുതൽ സിറ്റിംഗ് എംപി വരെ പട്ടികയിൽ
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ല. രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയെയും, മധ്യപ്രദേശിൽ മോഹൻ യാദവിനെയും, ഛത്തീസ്ഗഢിൽ വിഷ്ണു ദേവ് സായിയെയും മുഖ്യമന്ത്രിമാരാക്കിയത് പോലെ ഡൽഹിയിലും ഒരു സർപ്രൈസ് നീക്കത്തിനാകും ബിജെപി ശ്രമിക്കുക.
![](https://assets.sirajlive.com/2025/02/delhi-cm-896x538.jpg)
ന്യൂഡൽഹി | 27 വർഷത്തെ ഇടവേളക്ക് ശേഷം ഡൽഹിയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതോടെ സർക്കാർ രൂപവത്കരണ ചർച്ചകൾ സജീവമായി. ആരാകും ഡൽഹി മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ഇപ്പോൾ ഡൽഹിയിൽ ഉയരുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടിയിരുന്നില്ല. രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയെയും, മധ്യപ്രദേശിൽ മോഹൻ യാദവിനെയും, ഛത്തീസ്ഗഢിൽ വിഷ്ണു ദേവ് സായിയെയും മുഖ്യമന്ത്രിമാരാക്കിയത് പോലെ ഡൽഹിയിലും ഒരു സർപ്രൈസ് നീക്കത്തിനാകും ബിജെപി ശ്രമിക്കുക. തീവ്ര ഹിന്ദു നിലപാട് പുലർത്തുന്ന പർവേഷ് ശർമ മുതൽ ഒരുതവണ മാത്രം എംപിയായ ബൻസുരി സ്വരാജ് വരെയുള്ളവർ ഈ പട്ടികയിലുണ്ട്.
പർവേശ് വർമ്മ
മുൻ ഡൽഹി മുഖ്യമന്ത്രി സാഹിബ് സിംഗ് വർമ്മയുടെ പുത്രനായ പർവേശ് വർമ്മ, പശ്ചിമ ഡൽഹി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളിനെയും, കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ പുത്രനുമായ സന്ദീപ് ദീക്ഷിത്തിനെയും പരാജയപ്പെടുത്തിയത് അദ്ദേഹത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
തീവ്ര ഹിന്ദുത്വ നിലപാട് പുലർത്തുന്ന നേതാവായ പർവേഷ് വർമ്മയുടെ പ്രസ്താവനകൾ പലപ്പോഴും വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെയുള്ള ഷാഹീൻ ബാഗ് പ്രതിഷേധ സമയത്ത് അദ്ദേഹം നടത്തിയ പ്രസ്താവന കോലിളക്കമുണ്ടാക്കിയിരുന്നു. ബിജെപി അധികാരത്തിൽ വന്നാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാരെ നീക്കം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 2022-ൽ, മുസ്ലിംകളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും പർവേശ് വർമ നടത്തിയിരുന്നു.
വിരേന്ദ്ര സച്ചദേവ
2022 മുതൽ ഡൽഹി ബിജെപിയുടെ ആക്ടിംഗ് പ്രസിഡന്റായും 2023-ൽ പൂർണ്ണകാല പ്രസിഡന്റായും പ്രവർത്തിക്കുന്ന വിരേന്ദ്ര സച്ചദേവ, 1998-ന് ശേഷം ആദ്യമായി ഡൽഹിയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബിജെപി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുന്നിലായതോടെ മുഖ്യമന്ത്രി ആരാകുമെന്ന് ചോദിച്ചപ്പോൾ, പാർട്ടിയിലെ ആരെങ്കിലും ആയിരിക്കുമെന്നും കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബൻസുരി സ്വരാജ്
കഴിഞ്ഞ വർഷം മാത്രം എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബൻസുരി സ്വരാജ്, മരിച്ച സുഷമ സ്വരാജിന്റെ മകളാണ്. അഭിഭാഷകയായ അവർ, 2023-ൽ ഡൽഹി ബിജെപിയുടെ ലീഗൽ സെൽ ഹെഡായി നിയമിതയായി. 2024ലെ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിൽ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖിയെ മാറ്റിയാണ് ബിജെപി അവരെ സ്ഥാനാർഥിയാക്കിയത്.
ദുഷ്യന്ത് ഗൗതം
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ രാജ്യസഭാംഗവുമാണ് ദുഷ്യന്ത് ഗൗതം. കാരോൾ ബാഗ് മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ വിശേഷ് രവിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. 2013 മുതൽ മൂന്ന് തവണ ഈ സീറ്റിൽ വിജയിച്ചയാളായിരുന്നു വിശേഷ് രവി.
മനോജ് തിവാരി
2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപി വീണ്ടും സീറ്റ് നൽകിയ ഒരേയൊരു സിറ്റിംഗ് എംപിയാണ് മനോജ് തിവാരി. ബിജെപിയുടെ ശക്തനായ നേതാവായ മനോജ് തിവാരി പൂർവാഞ്ചലിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ ഏറെ സ്വാധീനം നേടിയിട്ടുണ്ട്.