Connect with us

National

സി പി എം ജനറല്‍ സെക്രട്ടറി ആരാവും; ആകാംക്ഷയുടെ മണിക്കൂറുകള്‍

എം എ ബേബി, അശോക് ധാവ്ലെ, ബി വി രാഘവുലു എന്നീ പേരുകള്‍ പരിഗണനയില്‍

Published

|

Last Updated

മധുര |സി പി എം 24 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊടിയിറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പുതിയ സെക്രട്ടറി ആരായിരിക്കുമെന്ന ആകാംക്ഷ. സിതാറാം യെച്ചൂരിയുടെ പിന്‍മുറക്കാരനായി ആര് എത്തുമെന്ന ഊഹങ്ങള്‍ പ്രചരിക്കുകയാണ്.

പി ബി അംഗങ്ങളായ എം എ ബേബി, അശോക് ധാവ്ലെ, ആന്ധ്രപ്രദേശില്‍ നിന്നുള്ള പിബി അംഗം ബി വി രാഘവുലു, ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിം എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക സമരങ്ങളിലൂടെ ശ്രദ്ധേയനായ അശോക് ധാവ്ലെ വരുന്നതാണ് ഹിന്ദി മേഖലയില്‍ പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ ഗുണകരമാവുക എന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന കര്‍ഷക സമരങ്ങളുടെ നേതൃ നിരയില്‍ നിന്ന് ധാവ്‌ലെ മാറുന്നത് ഗുണകരമായിരിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. ബംഗാളില്‍ നിരന്തര സമരങ്ങളിലൂടെ പാര്‍ട്ടി ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തില്‍ മുഹമ്മദ് സലീം അവിടെ നിന്നു മാറുന്നതു ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍.

ഇളവ് നല്‍കി ബൃന്ദ കാരാട്ടിനെ പരിഗണിക്കണമെന്ന അഭിപ്രായവും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതു വികാരമായി ഉയര്‍ന്നിട്ടുണ്ട്. എം എ ബേബി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്. പുതിയ പൊളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍നിന്ന് ഒരാള്‍ കൂടെ എത്തിയേക്കും. കെ കെ ശൈലജയുടെ പേരാണ് പരിഗണനയില്‍ ഉള്ളത്. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായ മലയാളിയും കര്‍ഷക സമരത്തിന്റെ നേതാവുമായ വിജു കൃഷ്ണനും പിബിയില്‍ എത്തിയേക്കും. കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതായി എത്താന്‍ സാധ്യതയുള്ളവര്‍ പുത്തലത്ത് ദിനേശന്‍, ടി പി രാമകൃഷ്ണന്‍, പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, പി കെ ബിജു, ടി എന്‍ സീമ, പി കെ സൈനബ എന്നിവരാണ്. ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവര്‍ പ്രായ പരിധി അനുസരിച്ച് പിബിയില്‍ നിന്ന് ഒഴിയേണ്ടതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് അല്ലാതെ ആര്‍ക്കെങ്കിലും പ്രായപരിധി ഇളവു നല്‍കേണ്ടതുണ്ടോ എന്ന കാര്യവും പാര്‍ട്ടി കോണ്‍ഗ്രസ്സ് പരിഗണിക്കും.

കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, പി കെ ശ്രീമതി എന്നിവരുടെ ഒഴിവുകള്‍ നികത്താനുണ്ടാവും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഭേദഗതികളോടെ അംഗീകരിച്ചു. മണ്ഡല പുനര്‍നിര്‍ണ്ണയം അടക്കം പ്രധാനപ്പെട്ട ഒമ്പതു ഭേദഗതികളോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം അംഗീകരിച്ചത്. ഇതില്‍ നാലെണ്ണം കേരളം നിര്‍ദ്ദേശിച്ചതായിരുന്നു. പാര്‍ലമെന്റ് ഉദ്ഘാടനം നടന്നത് ഹിന്ദു മതാചാരപ്രകാരം എന്ന ഭാഗം തിരുത്തി ബ്രാഹ്മണ ആചാരപ്രകാരം എന്നാക്കി. ഏകകണ്ഠമായാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്.

 

Latest