National
കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ആര്? സിദ്ധരാമയ്യയോ, ഡി കെ ശിവകുമാറോ?
തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാകും പാർട്ടിക്ക് മുന്നിലെ അടുത്ത വെല്ലുവിളി.
ബംഗളൂരു | കർണാടകയിൽ ബിജെപിയെ നിലംപരിശാക്കിയുള്ള കോൺഗ്രസിന്റെ ഉജ്ജ്വല വിജയം ആഘോഷിക്കപ്പെടുമ്പോൾ അടുത്ത ചോദ്യമുയരുന്നു. ആരായിരിക്കും കർണാടകയുടെ അടുത്ത മുഖ്യമന്ത്രി? കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപി ഡി കെ ശിവകുമാറോ അതോ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോ? തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാകും പാർട്ടിക്ക് മുന്നിലെ അടുത്ത വെല്ലുവിളി.
മുൻ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് വിവിധ എക്സിറ്റ്പോൾ സർവേകൾ പറയുന്നത്. കോൺഗ്രസ് കേന്ദ്രങ്ങളിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ ലഭിക്കുന്നത് സിദ്ധരാമയ്യക്കാണ്. 2013-2018 കാലയളവിലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നത്. പരിചയ സമ്പന്നനായ നേതാവെന്ന നിലയിൽ സിദ്ധരാമയ്യ തന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഏറ്റവും യോഗ്യൻ എന്നാണ് പാർട്ടി നേതാക്കൾ കരുതുന്നത്. ഈ തിരഞ്ഞടുപ്പ് തന്റെ അവസാന ടേമാണെന്ന് സിദ്ധരാമയ്യ നേരത്തെ തന്നെ പറഞ്ഞുവെച്ചത്, അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിൽ ഒരു തവണകൂടി വരണമെന്ന് താത്പര്യമുണ്ടെന്നാണ്.
അതേസമയം ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്ക് ഉയരാനുള്ള ഏറ്റവും നല്ല അവസരമാണിത്. കനകപുര നിയോജക മണ്ഡലത്തിൽ നിന്ന് എട്ട് തവണ എം.എൽ.എയായ അദ്ദേഹത്തിന് ശക്തമായ അടിത്തറയുണ്ട്. കൂടാതെ കോൺഗ്രസ് പാർട്ടി നേതാക്കളുടെ പ്രത്യേകിച്ച് ഗാന്ധികുടുംബത്തിന്റെ ഇഷ്ടക്കാരനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് പാർട്ടിക്ക് അത്യുജ്ജ്വല വിജയം സമ്മാനിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നേതാവ് കൂടിയാണ് ശിവകുമാർ. സി.ബി.ഐ.യും ഇ.ഡിയും ഐ.ടി വകുപ്പും അദ്ദേഹത്തിനെതിരെയുള്ള നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി 104 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞ അദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന് അദ്ദേഹത്തിനെതിരായ കേസുകൾ വേഗത്തിലാക്കാൻ കഴിയും.
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പാർട്ടിയിലെ ശക്തികേന്ദ്രങ്ങളാണ്. രണ്ട് പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇവരിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് ഹിമാലയൻ ടാസ്ക്കായി മാറും.