International
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആര്? ഇന്ത്യൻ വംശജൻ ഋഷി സുനകിന്റെ പേര് സജീവ പരിഗണനയിൽ
ഋഷി സുനക് പ്രധാനമന്ത്രിയായാൽ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനായി അദ്ദേഹം മാറും
ന്യൂഡൽഹി | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചതോടെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന ചർച്ചകൾ സജീവമായി. ഇന്ത്യൻ വംശജനായ ഋഷി സുനക് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് സൂചന. ഋഷി സുനക് പ്രധാനമന്ത്രിയായാൽ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനായി അദ്ദേഹം മാറും.
2020 ഫെബ്രുവരിയിൽ ബോറിസ് ജോൺസൺ സർക്കാറിൽ ധനമന്ത്രിയായി പ്രവർത്തിച്ചിരുന്നയാളാണ് 42 കാരനായ ഋഷി സുനക്ക്. വാതുവയ്പ്പിൽ പോലും ഋഷി സുനകിന്റെ പേര് സജീവമാണ്. കൊവിഡ് പകർച്ചവ്യാധി സമയത്ത് അദ്ദേഹം നടത്തിയ നീക്കങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബിസിനസുകളെയും തൊഴിലാളികളെയും സഹായിക്കുന്നതിനായി പതിനായിരക്കണക്കിന് പൗണ്ട് വിലമതിക്കുന്ന രക്ഷാ പാക്കേജാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഋഷിക്ക് കുറച്ച് കാലം മുമ്പ് വിവാദങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഭാര്യയുടെ അമേരിക്കൻ ഗ്രീൻ കാർഡ് സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നു.
ഋഷി സുനക്കിന്റെ മുത്തശ്ശിമാർ പഞ്ചാബിൽ നിന്നുള്ളവരാണ്. ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് സുനക് വിവാഹം കഴിച്ചത്. കാലിഫോർണിയയിൽ പഠനകാലത്താണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്.
ഋഷി സുനകിന് പുറമെ വ്യാപാര മന്ത്രി പെന്നി മോർഡോണ്ട്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് തുടങ്ങിയ പേരുകളും പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.