Connect with us

Articles

ആര് തിരുത്തും മാധ്യമങ്ങളെ?

നിഷ്പക്ഷ മാധ്യമങ്ങള്‍ എന്നത് അപൂര്‍വമായിരിക്കുന്നു. കേരളത്തിലും ഇന്ത്യയിലും ലോകതലത്തിലും മീഡിയക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പക്ഷപാത നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. ഇത്തരം മാധ്യമങ്ങളെ തിരുത്താന്‍ ആര് മുന്നോട്ടുവരുമെന്നതാണ് ചോദ്യം.

Published

|

Last Updated

കാസര്‍കോട് റിയാസ് മൗലവിയെ കഴുത്തറുത്തു കൊന്ന മഹാപാതകത്തെ അന്ന് തൊട്ടേ ഒരു വിധം തൊട്ടുകൂടായ്മയോട് കൂടിയാണ് പൊതുവെ മാധ്യമങ്ങള്‍ കണ്ടിരുന്നത്. ആ അവഗണന കൊടും കുറ്റവാളികളായ പ്രതികളെ വെറുതെ വിടുന്നത് വരെ എത്തിച്ചു. വെറുതെ വിട്ടിട്ടും ഈ മഹാ അപരാധത്തെ വിമര്‍ശിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. മീഡിയ കുറച്ചുകൂടി ഗൗരവപൂര്‍വം വിഷയം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇത്തരം വെറുതെ വിടലുകള്‍ ഒരു പക്ഷേ ഒഴിവാക്കപ്പെട്ടേനെ. ഈയിടെ നടന്ന നിരവധി വിഷയങ്ങളില്‍ മീഡിയ ഇടപെടലുകള്‍ വിചിത്രമായി തോന്നും.

നാം വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്. ബി ജെ പിക്കായി സര്‍വേകളും അനുകൂല റിപോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. “ഇന്ത്യ’ മുന്നണിക്ക് തിരിച്ചടി, കോണ്‍ഗ്രസ്സിന് തിരിച്ചടി എന്ന തലക്കെട്ടുകള്‍ തന്നെ എവിടെയും. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ദയനീയമായി തോറ്റതായാണ് വിലയിരുത്തലുണ്ടായത്. നേരത്തേ കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന രാജസ്ഥാന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തെലങ്കാന നേടുകയും ചെയ്തു. അതില്‍പരം കോണ്‍ഗ്രസ്സിന് അത്ര സ്വാധീനമില്ലാത്ത സ്ഥലങ്ങളില്‍ യഥാര്‍ഥത്തില്‍ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. ഒമ്പത് ലക്ഷം വോട്ടുകള്‍ കോണ്‍ഗ്രസ്സിന് നാലിടത്തും കൂടി വര്‍ധിച്ചു. ഇതിന് തിരിച്ചടി എന്ന് പറയാന്‍ പറ്റില്ലെങ്കിലും മീഡിയ പാടിയത് അങ്ങനെയാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തലയിലേറ്റി നടക്കുന്ന ഒരു മീഡിയ സ്‌റ്റൈല്‍ കേരളത്തിലുണ്ട്. ആരിഫ് മുഹമ്മദ് ഖാനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത് 2023 നവംബറില്‍. എട്ട് ബില്ലുകള്‍ ഒപ്പിടാന്‍ സമ്മതിക്കാതെ പിടിച്ചുവെച്ച, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറിനും മേലെ കയറി കളിച്ച ആരിഫ് ഖാനോട് ബില്ലുകള്‍ അടിയന്തരമായി ഒപ്പിട്ടു കൊടുക്കണം എന്ന് സുപ്രീം കോടതി പറഞ്ഞു. എന്നിട്ടും കേരളത്തിന്റെ വളര്‍ച്ച തടഞ്ഞ ഈ ഗവര്‍ണറെ പിന്താങ്ങി കുറച്ചൊന്നുമല്ല വെള്ളക്കടലാസുകളില്‍ കറുത്ത മഷി പതിഞ്ഞത്. ചാനലുകള്‍ വേറെയും. സുപ്രീം കോടതി നടത്തിയ നിഗമനവും പോയി വിധി വായിക്കാന്‍ പറഞ്ഞതൊന്നും ആരിഫ് മുഹമ്മദ് ഖാനുള്ള തിരിച്ചടിയായി മാധ്യമ വിശേഷണങ്ങളില്‍ പ്രതിഫലിച്ചില്ല. എന്നാല്‍ പിറ്റേദിവസം കണ്ണൂര്‍ വി സിയെ പുറത്താക്കിയപ്പോള്‍ ആഘോഷിച്ചു, “സര്‍ക്കാറിന് തിരിച്ചടി’. സത്യത്തില്‍ സര്‍ക്കാറിനും ഗവര്‍ണര്‍ക്കും തിരിച്ചടിയായിരുന്നു ആ വിധി. അപ്പോഴും സര്‍ക്കാര്‍ സമ്മര്‍ദത്തിനു വഴങ്ങിയ ഗവര്‍ണറെ വെള്ള പൂശുന്നത് കണ്ടു.

വേറെ ചില സംഭവങ്ങള്‍ പരിശോധിക്കുക. തമിഴ്‌നാട് ഡി എം കെ നേതാവ് സെന്തില്‍ കുമാര്‍ എം പി പാര്‍ലിമെന്റില്‍ ഗോമൂത്ര സംസ്ഥാനങ്ങള്‍ എന്നൊരു പ്രയോഗം നടത്തി. സെന്തില്‍ കുമാര്‍ മാപ്പ് പറഞ്ഞെങ്കിലും ഉദ്ദേശിച്ച കാര്യം അദ്ദേഹം പറഞ്ഞു കഴിഞ്ഞിരുന്നു. മീഡിയകള്‍ കുമാറിനെ കുറ്റവാളിയാക്കുകയും ചെയ്തു. പക്ഷേ ഗോമൂത്രം കുടിക്കുകയും കുടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും അതില്‍ കുളിക്കുകയും ചെയ്യുന്ന സംസ്‌കാരം വളര്‍ന്നു വന്ന സന്ദര്‍ഭത്തില്‍ അങ്ങനെ ഒരു പ്രയോഗം നടത്തുന്നത് ബി ജെ പിയെ ചൊടിപ്പിക്കേണ്ട കാര്യമുണ്ടോ എന്ന് ചോദിക്കാന്‍ മീഡിയ മറന്നു.

2023 ഒക്ടോബര്‍ അവസാനം കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് എട്ട് പേര്‍. കേരളത്തിലെ ഏറ്റവും വലിയ, അപൂര്‍വ ഭീകരാക്രമണം. എന്‍ ഐ എ ഇപ്പോള്‍ വരും എന്ന് കരുതി കണ്ണില്‍ എണ്ണയൊഴിച്ച് ജനം ഉറക്കമിളച്ചത് മിച്ചം. എട്ട് മരണങ്ങള്‍ കണ്ടിട്ടും മീഡിയ വല്ലാതെ വിഷയം ചര്‍ച്ചക്കെടുത്തില്ല. ഡൊമിനിക് മാര്‍ട്ടിന്‍, താനാണ് സ്‌ഫോടനം നടത്തിയത് എന്ന് ഏറ്റുപറഞ്ഞതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവായി. സ്വിച്ചിട്ട പോലെ മാധ്യമങ്ങള്‍ സ്വയം വായ തുന്നിക്കെട്ടി നിശബ്ദരായി. ഡൊമിനിക് മാര്‍ട്ടിന് പിന്നില്‍ ആര്? ഇത്ര വലിയ സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ എങ്ങനെ ലഭിച്ചു? നഷ്ടപ്പെട്ട എട്ട് യഹോവ സാക്ഷികളുടെ ജീവന്റെ വില ആര് കൊടുക്കും? ആ സംഭവം മീഡിയ മറന്നു. കാരണം വ്യക്തമാണല്ലോ.

യു പിയില്‍ അധ്യാപിക ഹിന്ദു വിദ്യാര്‍ഥികളെ വിളിച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ തല്ലിപ്പിച്ച സംഭവം പുറത്തു കൊണ്ടുവന്ന് വിവാദമാക്കാന്‍ മാധ്യമങ്ങള്‍ ഉണ്ടായി. എന്നാല്‍ ഗുജറാത്തില്‍ കെ ടി പട്ടേല്‍ സ്‌കൂളിലെ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ അര്‍നാസ് ബാനുവിനെ നോക്കുകുത്തിയാക്കി രണ്ടാം സ്ഥാനം കിട്ടിയ കുട്ടിക്ക് പ്രിന്‍സിപ്പല്‍ അവാര്‍ഡ് കൊടുത്തപ്പോള്‍ കുട്ടി കരഞ്ഞു. പക്ഷേ മീഡിയ കരഞ്ഞില്ല. കണ്ണടച്ചു കളഞ്ഞു. പ്രിന്‍സിപ്പലിനോ അധ്യാപകര്‍ക്കോ ഒരു പോറലുമേറ്റില്ല.

അവളുടെ രണ്ട് സ്തനങ്ങളും മുറിച്ചെടുത്തു. ലൈംഗിക അവയവങ്ങള്‍ കുത്തിക്കീറി. കഴുത്തറുത്തു. നാല് പോലീസുകാര്‍ മാറി മാറി മതിവരുവോളം ബലാത്സംഗം ചെയ്തു. നടന്നത് രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി ലജ്പത് നഗര്‍ പോലീസ് സ്റ്റേഷനില്‍. ഭരണകൂടത്തിന്റെ മൂക്കിനു മുമ്പില്‍. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തോരണങ്ങള്‍ അഴിച്ചു മാറ്റിയിട്ടില്ല. ചേരിയില്‍ കഴിയുന്ന വിധവ കൂലിപ്പണിയെടുത്ത് മകളെ പഠിപ്പിച്ച് പോലീസ് ഇന്‍സ്പെക്ടര്‍ ആക്കിയത് ആര്‍ക്കോ ഇഷ്ടപ്പെട്ടില്ല. സ്റ്റേഷനില്‍ കിട്ടുന്ന ലക്ഷക്കണക്കിന് കൈക്കൂലി സംബന്ധിച്ച് റാബിയ സൈഫി മേലുദ്യോഗസ്ഥര്‍ക്ക് വിവരം കൊടുത്തത് ഇവരെ പ്രകോപിപ്പിച്ചു. നിര്‍ഭയ കൊല്ലപ്പെട്ടതിനേക്കാള്‍ ഹീനമായി റാബിയ സൈഫി ഇല്ലാതായപ്പോള്‍ ആരും അനങ്ങിയില്ല. മാധ്യമങ്ങള്‍ എന്തോ കണ്ട് ഭയന്നപോലെ നിശ്ചലരായി നിന്നു. 2023 നവംബര്‍ 21ന് തൃശൂരിലെ ഒരു സ്‌കൂളിലേക്ക് കയറിവന്ന പൂര്‍വ വിദ്യാര്‍ഥി ജഗന്‍ വെടിവെപ്പ് നടത്തി. അതിന്റെ വാര്‍ത്തകള്‍ ഫോളോ ചെയ്യാന്‍ ആരുമുണ്ടായില്ല. ഈ ഭീകരതക്ക് പേരുകളും വേരുകളുമില്ല.
തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മെഹുവ മൊയ്ത്ര പാര്‍ലിമെന്റിലെ തിളങ്ങുന്ന താരമായിരുന്നു. മോദിക്കും അമിത് ഷാക്കും അവരുടെ പ്രസംഗം പേടിസ്വപ്‌നമായിരുന്നു. ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങി എന്ന ആരോപണം കെട്ടിച്ചമച്ച് അവരെ കുരിശിലേറ്റി പാര്‍ലിമെന്റില്‍ നിന്ന് പുറത്താക്കുമ്പോള്‍ പ്രതിരോധം തീര്‍ത്തും ദുര്‍ബലമായിരുന്നു. മീഡിയ തീര്‍ത്തും മൗനം പാലിച്ചിരുന്നു.

ഹമാസ് ജൂത കുഞ്ഞുങ്ങളെ കൊല്ലുന്നതിന്റെ ചിത്രങ്ങള്‍ താന്‍ കണ്ടു എന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ ഒരുപക്ഷേ ഈ നൂറ്റാണ്ടിന്റെ നുണയായി എഴുതപ്പെട്ടേക്കാം. മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസിന് പ്രസ്തുത നുണ വിഴുങ്ങേണ്ടി വന്നു. 2023ലെ യുദ്ധവേളയില്‍ ഇതുപോലെ നൂറുകണക്കിന് കള്ളങ്ങളാണ് ഇസ്‌റാഈലിന്റെ ഔദ്യോഗിക നുണ ബോംബ് ഫാക്ടറി പുറത്തുവിട്ടത്. അല്‍ശിഫ ആശുപത്രി തകര്‍ക്കാന്‍ ഹമാസ് തുരങ്കം എന്ന കള്ളവും തകര്‍ന്നടിഞ്ഞു. ആശുപത്രിക്ക് ബോംബിട്ടത് തങ്ങളല്ല എന്ന വേറൊരു ശുദ്ധനുണയും അവര്‍ പറഞ്ഞു. നുണകള്‍ എമ്പാടും ഇസ്‌റാഈല്‍ ഔദ്യോഗികമായി തന്നെ ആവര്‍ത്തിച്ചിരുന്നു. ഒക്ടോബറില്‍ ഹമാസ് ഇസ്‌റാഈല്‍ യുവതികളെ ബലാത്സംഗം ചെയ്തു എന്നതാണ് അതില്‍ പ്രധാനം. ഇതേക്കുറിച്ച് ഇസ്‌റാഈലിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക യുവാന്‍ റിഡ്‌ലി ഉള്‍പ്പെടെ നിരവധി പേര്‍ എഴുതുകയുണ്ടായി. ഇസ്‌റാഈല്‍ മുമ്പേ തുടരുന്ന കേട്ടാല്‍ അറയ്ക്കുന്ന നുണ പരമ്പരകളുടെ ഭാഗം എന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതെല്ലാം ഏതെങ്കിലും വ്യക്തികള്‍ പറയുന്ന നുണയല്ല. ഒരു രാജ്യം ഔദ്യോഗികമായി വെളിപ്പെടുത്തുന്ന നുണകളാണ് എന്ന വിസ്മയം ബാക്കിനില്‍ക്കുന്നു. ഈ നുണകള്‍ അപ്പടി വാര്‍ത്തയാക്കാന്‍ വന്‍കിട മാധ്യമങ്ങള്‍ മുന്‍പന്തിയിലായിരുന്നു. അല്‍ജസീറ പോലുള്ള ചില മീഡിയകള്‍ നുണകളെ പൊളിച്ചു കാണിക്കാന്‍ ഉണ്ടായിരുന്നു എന്നതിനാല്‍ പലതും വിലപ്പോയില്ലെന്ന് മാത്രം.
നിഷ്പക്ഷ മാധ്യമങ്ങള്‍ എന്നത് അപൂര്‍വമായിരിക്കുന്നു. കേരളത്തിലും ഇന്ത്യയിലും ലോകതലത്തിലും മീഡിയക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ പക്ഷപാത നിലപാട് വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കും. ഇത്തരം മാധ്യമങ്ങളെ തിരുത്താന്‍ ആര് മുന്നോട്ടുവരുമെന്നതാണ് ചോദ്യം.

Latest