Sports
ചാമ്പ്യൻസ് ലീഗിൽ ആര് കപ്പുയർത്തും? റയലിനും ലിവർപൂളിനും കടുപ്പം
പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവർപൂളിന് മികച്ച ഫോമിലുള്ള പിഎസ്‌ജി കടുത്ത വെല്ലുവിളിയാണ്

മ്യൂണിക്ക് | മുന്നിൽ നാല് ടീമുകൾ മാത്രം. നാലിനെയും ആര് തോൽപ്പിക്കുന്നുവോ അവർ മെയ് 31ന് മ്യൂണിക്കിൽ ചാമ്പ്യൻസ് ട്രോഫി ഉയർത്തും. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് ടീം ലൈനപ്പായപ്പോൾ വരും ദിവസങ്ങൾ തീപാറും പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് ഉറപ്പായി.
അടുത്ത റൗണ്ടിൽ ലിവർപൂളും പിഎസ്‌ജിയും ഏറ്റുമുട്ടും. പ്രീമിയർ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവർപൂളിന് മികച്ച ഫോമിലുള്ള പിഎസ്‌ജി കടുത്ത വെല്ലുവിളിയാണ്. ഇവിടെ ജയിക്കുന്നവർക്ക് ക്വാർട്ടർ ഫൈനൽ അത്ര ഭീഷണിയല്ല. ആസ്‌റ്റൺ വില്ലയോ ക്ലബ് ബ്രൂഗോ ആയിരിക്കും എതിരാളികൾ. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് അടുത്ത റൗണ്ട് കടക്കാൻ വിയർക്കും. അറ്റ്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. മികച്ച ഫോമിലാണ് ടീം.
ബാഴ്‌സലോണയ്‌ക്ക് ബെൻഫിക്കയാണ് എതിരാളികൾ. ആഴ്‌സനൽ പിഎസ്‌വിയെ നേരിടും. ബയേണിന് ബയർ ലവർകൂസനാണ് എതിരാളി. മാർച്ച് 4,5,11,12 തിയതികളിലാണ് റൗണ്ട് 16. ഏപ്രിൽ 8,9,15,16 ദിവസങ്ങളിൽ ക്വാർട്ടർ ഫൈനലും സെമി ഏപ്രിൽ 29,30 മെയ് 6,7 ദിവസങ്ങളിലും നടക്കും. മെയ് 31നാണ് ഫൈനൽ. ഫൈനൽ ഒഴികെ എല്ലാത്തിലും രണ്ട് പാദങ്ങൾ ആയാണ് മത്സരം.