Connect with us

articles

കുരുക്ഷേത്ര ഭൂമിയിൽ ആര് വാഴും?

ജാതി സമവാക്യങ്ങൾക്കപ്പുറം ഭരണവിരുദ്ധ വികാരം പ്രവർത്തിക്കുമെന്നുറപ്പാണ്. അത് നേരത്തേ മനസ്സിലാക്കിയാണ് ബി ജെ പി ഒമ്പത് വർഷം മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടാറിനെ നീക്കി നായബ് സിംഗ് സൈനിയെ കൊണ്ടുവന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പംനിന്ന ജാട്ട് വോട്ടുകൾ ഇത്തവണ തിരിഞ്ഞു കുത്തുമെന്ന് ബി ജെ പിക്ക് അറിയാം. അതുകൊണ്ടുതന്നെ ബി ജെ പി ജാട്ടിതര വോട്ടുകളിൽ കണ്ണ് വെച്ചാണ് അവരുടെ പൊളിറ്റിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയത്.

Published

|

Last Updated

ഇതിഹാസ കാവ്യമായ മഹാഭാരതത്തിൽ ധർമയുദ്ധം നടന്നുവെന്ന് പറയുന്ന പ്രദേശമാണ് കുരുക്ഷേത്ര ഭൂമി. അതേ മണ്ണിൽ ഇന്ന് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു ധർമ യുദ്ധം നടക്കാനിരിക്കുകയാണ്. പത്ത് വർഷത്തെ ബി ജെ പി ഭരണത്തിന് എതിരെയുള്ള വലിയൊരു രാഷ്ട്രീയ പോരാട്ടത്തിനാണ് ഹരിയാനയിൽ ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയിൽ അരങ്ങേറിയ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിൽ ഒന്നായ കർഷകസമരത്തിന്റെ ആഴത്തിലുള്ള പ്രതിഫലനങ്ങൾ കാണാൻ സാധ്യതയുള്ള തിരഞ്ഞെടുപ്പ് കൂടിയായാണ് ഹരിയാന നിയമസഭാ തിരഞ്ഞെടിപ്പിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. മാത്രവുമല്ല ഗുസ്തി താരങ്ങളുടെ സമരവും അഗ്‌നിപഥ് സ്‌കീമിനെതിരെയുള്ള പ്രക്ഷോഭങ്ങളുമെല്ലാം ഈ തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്.

ഭൂരിഭാഗം മണ്ഡലങ്ങളിലും ബി ജെ പിയും കോൺഗ്രസ്സും തമ്മിലാണ് പ്രധാന മത്സരമെങ്കിലും കഴിഞ്ഞ ലോക്്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൽ മത്സരിച്ച അരവിന്ദ് കെജ്്രിവാളിന്റെ ആം ആദ്മി പാർട്ടി ഇത്തവണ ഒറ്റക്ക് മത്സരിക്കുന്നുണ്ട്. ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യൻ നാഷനൽ ലോക്ദളും മായാവതിയുടെ ബി എസ് പിയും ഒരു സഖ്യത്തിലും ദുഷ്യന്ത് ചൗത്താലയുടെ ജനനായക് ജനതാ പാർട്ടിയും ചന്ദ്രശേഖർ ആസാദിന്റെ സമാജ് പാർട്ടിയും മറ്റൊരു സഖ്യമായും മത്സര രംഗത്തു സജീവമാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് മിക്കയിടത്തും ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്.

90 അംഗ സഭയിലേക്ക് ഒടുവിൽ നടന്ന (2019) തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് 36.49 ശതമാനം വോട്ടോടെ 40 സീറ്റുകളും കോൺഗ്രസ്സിന് 28.08 ശതമാനം വോട്ടും 30 സീറ്റുകളുമാണ് നേടാനായത്. ആർക്കും കേവല ഭൂരിപക്ഷം തികക്കാൻ കഴിയാതെവന്നപ്പോൾ 14 ശതമാനം വോട്ട് നേടിയ ജനനായക് ജനതാ പാർട്ടിയുടെ ദുഷ്യന്ത് ചൗത്താലയാണ് കിംഗ് മേക്കറായത്. എന്നാലിന്ന് ഭരണവിരുദ്ധ വികാരം ആളിക്കത്തുന്ന ഹരിയാനയിൽ ജാട്ട് വോട്ടുകൾ തങ്ങളെ വിട്ടുപോകുമെന്ന് കരുതി സഖ്യം വിട്ട ദുഷ്യന്ത് ചൗത്താലക്ക് തിരഞ്ഞെടുപ്പ് റാലികളിൽ കാര്യമായി ആൾക്കൂട്ടത്തെ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ബി ജെ പിയുടെ റാലികളിലും ആൾക്കൂട്ടം കുറവാണ്.

എല്ലാ തവണത്തെയും പോലെ ദളിത്- ജാട്ട് ജാതി സമവാക്യങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകം. അതേസമയം ഇത്തവണ ജാതി സമവാക്യങ്ങൾക്കപ്പുറം ഭരണവിരുദ്ധ വികാരം പ്രവർത്തിക്കുമെന്നുറപ്പാണ്. അത് നേരത്തേ മനസ്സിലാക്കിയാണ് ബി ജെ പി ഒമ്പത് വർഷം മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടാറിനെ നീക്കി നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവന്നത്. മാത്രവുമല്ല ജാതി സമവാക്യങ്ങളിൽ കൂടി കണ്ണ് വെച്ചാണ് ദളിതനായ സൈനിയെ ബി ജെ പി മുന്നോട്ട് വെച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പംനിന്ന ജാട്ട് വോട്ടുകൾ ഇത്തവണ തിരിഞ്ഞു കുത്തുമെന്ന് ബി ജെ പിക്ക് അറിയാം. അതുകൊണ്ടുതന്നെ ബി ജെ പി ജാട്ടിതര വോട്ടുകളിൽ കണ്ണ് വെച്ചാണ് അവരുടെ പൊളിറ്റിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയത്. അതിന്റെ ഏറ്റവും ഭീകരമായ ഉദാഹരണമാണ് ജാട്ടുകൾക്ക് ആധിപത്യമുള്ള രോഹ്തക്, സോനിപത് തുടങ്ങിയ മണ്ഡലങ്ങളിൽ ബ്രാഹ്മണരെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നത്. പ്രക്ഷോഭ സമയത്ത് കർഷകരെ തടഞ്ഞ മനോഹർ ലാൽ ഖട്ടാറിന്റെ നടപടി എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും കോൺഗ്രസ്സ് സജീവമായി ഓർമപ്പെടുത്തുന്നുണ്ട്. കർഷക നേതാക്കളും ഗ്രാമത്തലവൻമാരുമൊക്കെ ബി ജെ പിക്കെതിരെ സജീവമായി രംഗത്തുണ്ട്.

പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച നടപടിയും 2023ൽ ഖട്ടാർ സർക്കാർ ഇ ടെൻഡർ സംവിധാനം ഏർപ്പെടുത്തിയതുമൊക്കെയാണ് ഗ്രാമത്തലവൻമാരെ പ്രകോപിപ്പിച്ചത്. ഈ തിരിച്ചടി ഭയന്നാണ് ബി ജെ പി പൂർണമായും ജാട്ടിതര ഭൂരിപക്ഷ, ദളിത്, ഒ ബി സി വോട്ട് ബേങ്കിലേക്ക് മാത്രമായി തങ്ങളുടെ പദ്ധതി തയ്യാറാക്കിയത്. കോൺഗ്രസ്സിലെ ദളിത് അവഗണനകൾ പരമാവധി ചർച്ചയാക്കാനാണ് ബി ജെ പി ശ്രമിച്ചത്. സൈനിയും അമിത് ഷായും അടക്കമുള്ള ബി ജെ പി നേതാക്കൾ അംബേദ്കർ മുതലുള്ള ചരിത്രം പറയുന്നതും 21 ശതമാനം വരുന്ന ദളിത് വോട്ടിനെ സ്വാധീനിക്കാൻ വേണ്ടി മാത്രമാണ്. അതേസമയം ജാട്ട് നേതാവായ ഭൂപിന്ദർ സിംഗ് ഹൂഡയെ മുന്നിൽവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്ന കോൺഗ്രസ്സ് കാര്യമായ സംഘടനാ പ്രതിസന്ധി നേരിടുന്നുണ്ട്. പാർട്ടിയിലെ ഗ്രൂപ്പ് പോര് ശക്തമാണ്. സ്വന്തംനിലയിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തിയതടക്കമുള്ള വിഭാഗീയ പ്രശ്‌നങ്ങൾ കോൺഗ്രസ്സ് പ്രവർത്തകർക്കിടയിൽ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് രംഗത്ത് പരുക്കുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 മണ്ഡലങ്ങളിൽ അഞ്ചിലും അഞ്ച് ശതമാനത്തിൽ താഴെ വോട്ട് വ്യത്യാസം മാത്രമാണ് ബി ജെ പിയും കോൺഗ്രസ്സും തമ്മിലുള്ളത്.
ഗുസ്തിക്ക് വലിയ ഇഷ്ടക്കാരുള്ള ഹരിയാനയിൽ മത്സര രംഗത്തുള്ള വിനേഷ് ഫോഗട്ടിന്റെ സാന്നിധ്യവും കർഷക കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്ത് വന്ന ബജ്‌രംഗ് പൂനിയയുടെ നിലപാടുകളും വോട്ട് ബേങ്കിനെ കര്യമായി സ്വാധീനിച്ചേക്കും. അതുകൊണ്ട് തന്നെ 50നും 60നുമിടയിൽ സീറ്റുകൾ കോൺഗ്രസ്സ് നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ പിടിച്ചെടുത്തത് കോൺഗ്രസ്സിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. നിലവിലെ ട്രെൻഡ് നോക്കുമ്പോൾ കോൺഗ്രസ്സ്- ആം ആദ്മി സഖ്യം അധികാരം പിടിക്കാനാണ് സാധ്യത.

ജയിലിൽ നിന്ന് പുറത്തുവന്ന് പ്രചാരണം നയിക്കുന്ന അരവിന്ദ് കെജ്‌രിവാളിന് വലിയ ആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ കഴിയുന്നുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് ബി ജെ പിയെ കടന്നാക്രമിക്കുന്ന കെജ്‌രിവാൾ കോൺഗ്രസ്സിനെതിരെ കാര്യമായ ആരോപണങ്ങൾ ഉന്നയിക്കാത്തത് വരാനിരിക്കുന്ന സാധ്യതകൾ കൂടി മുന്നിൽ കണ്ടായിരിക്കണം. പ്രചാരണ രംഗത്തെ നിലവെച്ചു നോക്കിയാൽ എഴ് സീറ്റുകളെങ്കിലും നേടാനുള്ള കരുത്ത് കെജ്‌രിവാളിനുണ്ട്.
പ്രാദേശിക പാർട്ടികൾക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന ജാട്ട് വോട്ട് ബേങ്കിനെ ഇത്തവണ കോൺഗ്രസ്സ് തൂക്കിയെടുത്ത് പോകാനാണ് സാധ്യത. കാൽനൂറ്റാണ്ടോളം ജാട്ട് രാഷ്ട്രീയത്തിന്റെ അമരക്കാരനായി നിന്ന ഓം പ്രകാശ് ചൗത്താലയുടെ സാമ്രാജ്യം നാമാവശേഷമായി പോകുന്ന തിരഞ്ഞെടുപ്പ് കൂടിയാകും ഇത്തവണത്തേത്.

Latest