National
രാജ്യത്ത് തക്കാളിയുടെ മൊത്തവില ഇടിഞ്ഞു; കര്‍ഷകര്‍ ദുരിതത്തില്‍
രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉല്‍പ്പാദകരായ മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ വില 80 ശതമാനം ഇടിഞ്ഞു. കിലോയ്ക്ക് നാല് രൂപയാണ് ഇവിടുത്തെ വില.
ന്യൂഡല്‍ഹി| രാജ്യത്ത് തക്കാളിയുടെ മൊത്തവില കുത്തനെ ഇടിഞ്ഞു. തക്കാളി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വില കുറഞ്ഞിരിക്കുകയാണ്. തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന 23 സംസ്ഥാനങ്ങളിലെ വില 50 ശതമാനത്തിലും താഴെയാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഖാരിഫ് സീസണ്‍ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. 2021 ജൂലൈ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലത്തേതാണ് വിളവെടുപ്പ്. മധ്യപ്രദേശിലെ ദേവാസില്‍ തക്കാളിക്ക് ഓഗസ്റ്റ് 28 ന് എട്ട് രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 11 രൂപയായിരുന്നു കിലോയ്ക്ക് മൊത്തവ്യാപാര വില.
രാജ്യത്തെ ആറാമത്തെ വലിയ തക്കാളി ഉല്‍പ്പാദകരായ മഹാരാഷ്ട്രയിലെ ജല്‍ഗോണില്‍ വില 80 ശതമാനം ഇടിഞ്ഞു. കിലോയ്ക്ക് നാല് രൂപയാണ് ഇവിടുത്തെ വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 21 രൂപയായിരുന്നു ഇവിടെ തക്കാളിയുടെ മൊത്തവ്യാപാര വില. ഔറംഗബാദില്‍ വില 9.50 രൂപയില്‍ നിന്ന് 4.50 രൂപയിലേക്ക് താഴ്ന്നു. സോലാപൂറില്‍ 15 രൂപയായിരുന്നത് അഞ്ച് രൂപയായി. കോല്‍ഹാപൂറില്‍ 25 രൂപയായിരുന്നത് 6.50 രൂപയായി. മികച്ച വിളവെടുപ്പ് കിട്ടിയിട്ടും വിതരണശൃംഖല തടസപ്പെട്ടതാണ് വില ഇടിയാന്‍ പ്രധാന കാരണമായി പറയുന്നത്.