യു എസിൽ ആര് വന്നാലെന്ത്? റിപബ്ലിക്കൻ, ഡെമോക്രാറ്റിക് നയങ്ങളിൽ ചരിത്രപരമായി എന്ത് വ്യത്യാസമുണ്ടെങ്കിലും അടിമുടി മാറിക്കഴിഞ്ഞ അമേരിക്കൻ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു വ്യക്തിത്വവും പുലർത്താനാകാത്ത സമാനതയിലേക്ക് ഈ പാർട്ടികൾ കൂപ്പുകുത്തിയിരിക്കുന്നു. Published Nov 02, 2024 1:19 am | Last Updated Nov 02, 2024 1:19 amBy മുസ്തഫ പി എറയ്ക്കല്‍ “ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം’ എന്നാണ് മിക്ക മാധ്യമങ്ങളുടെയും ഇൻട്രോ. നവംബർ അഞ്ചിന് യു എസിൽ ആര് തിരഞ്ഞെടുക്കപ്പെടുമെന്നത് സത്യത്തിൽ ലോകത്തിന്റെ ഉത്കണ്ഠയാണോ? മാനവരാശിയെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തിൽ യു എസ് പ്രസിഡന്റ്പദം ആര് വഹിക്കുമെന്നത് പ്രസക്തമാണോ? ലോകം ഏകധ്രുവമാണെന്ന അന്ധവിശ്വാസത്തിന്റെ പുറത്തല്ലേ യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പ് ഇത്ര ആഘോഷമാകുന്നത്? ഡെമോക്രാറ്റിക് പാർട്ടിയും റിപബ്ലിക്കൻ പാർട്ടിയുമാണ് ഏറ്റുമുട്ടുന്നത്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്കമലാ ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാർഥിയാണ്. മുൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപാണ് റിപബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി. ഈ സ്ഥാനാർഥികളോട് ചുരുങ്ങിയത് അഞ്ച് ചോദ്യങ്ങൾ ലോകം ചോദിക്കുന്നുണ്ട്. ഒന്ന്, കുടിയേറ്റ വിഷയത്തിൽ താങ്കളുടെ സമീപനമെന്താണ്? രണ്ട്, അമേരിക്കൻ സമ്പദ്‌വ്യവസ്ഥ തുറന്ന് കൊടുക്കുന്നതിൽ എന്താണ് അഭിപ്രായം? മൂന്ന്, ആഗോളതലത്തിൽ ഒളിഞ്ഞും തെളിഞ്ഞും യു എസ് നടത്തുന്ന സൈനിക, നയതന്ത്ര ഇടപെടലുകളിൽ എന്താണ് ഭാവി നയം? നാല്, രാജ്യത്ത് ശക്തിയാർജിക്കുന്ന “വൈറ്റ് സൂപ്രമാസിസ്റ്റ്’ (വെള്ളക്കാരുടെ മേധാവിത്വം) തീവ്രവാദത്തോട് എന്താണ് സമീപനം? ആത്യന്തികമായി, ഗസ്സയിലും ലബനാനിലും ഇസ്‌റാഈൽ നടത്തുന്ന വംശഹത്യ തടയാൻ വല്ല പദ്ധതിയുമുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഇന്ത്യൻ വംശജയായ കമലാ ഹാരിസിനും തീവ്രവലതുപക്ഷ യുക്തികളുടെ ആൾരൂപവും സ്വയം ഒരു വൈറ്റ് സൂപ്രമാസിസ്റ്റുമായ ഡോണാൾഡ് ട്രംപിനും ഒരേ ഉത്തരമായിരിക്കും. റിപബ്ലിക്കൻ, ഡെമോക്രാറ്റിക് നയങ്ങളിൽ ചരിത്രപരമായി എന്ത് വ്യത്യാസമുണ്ടെങ്കിലും അടിമുടി മാറിക്കഴിഞ്ഞ അമേരിക്കൻ രാഷ്ട്രീയത്തിൽ സവിശേഷമായ ഒരു വ്യക്തിത്വവും പുലർത്താനാകാത്ത സമാനതയിലേക്ക് ഈ പാർട്ടികൾ കൂപ്പുകുത്തിയിരിക്കുന്നു. അൽ ജസീറയിൽ ആൻഡ്ര്യൂ മിറ്ററോവിക എഴുതിയ ലേഖനത്തിൽ സ്ഥാനാർഥികളെ വിശേഷിപ്പിക്കുന്നത്, സ്ഥാനാർഥി നമ്പർ വൺ, സ്ഥാനാർഥി നമ്പർ വൺ എ എന്നാണ്.
---- facebook comment plugin here -----