From the print
പുല്‍പ്പള്ളി സംഘര്‍ഷം ആരുടെ തിരക്കഥ?
പ്രദേശവാസികള്‍ അന്തരീക്ഷം കലുഷിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൈവെടിഞ്ഞ് അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വിവേകം കാണിക്കണം. പ്രശ്‌നം സങ്കീര്‍ണമാക്കുകയും കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഛിദ്രശക്തികള്‍ക്ക് കരുത്ത് പകരുകയായിരിക്കും അതിരുവിട്ട പ്രതിഷേധ മുറകളുടെ പരിണതി.
വയനാട്ടുകാര്‍ കാലങ്ങളായി നേരിടുന്ന പ്രശ്‌നമാണ് വന്യജീവി ആക്രമണം. നിരവധി പേരാണ് ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം മൂന്ന് മരണമുണ്ടായി. ജനുവരി 30ന് തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണനെയും ഫെബ്രുവരി പത്തിന് മാനന്തവാടി സ്വദേശി അജീഷിനെയും കാട്ടാന ചവിട്ടിക്കൊന്നു. മൂന്ന് ദിവസം മുമ്പാണ് കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരന്‍ പുല്‍പ്പള്ളി പാക്കം വെള്ളച്ചാല്‍ പോളിനെ ആനക്കൂട്ടം ആക്രമിച്ചു കൊന്നത്. കഴിഞ്ഞ വര്‍ഷവും അതിനു മുമ്പുള്ള വര്‍ഷങ്ങളിലുമെല്ലാമുണ്ടായിട്ടുണ്ട് ജില്ലയില്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള ദുരന്ത മരണങ്ങള്‍.
എന്നാല്‍ മുന്‍ കാലങ്ങളിലൊന്നുമുണ്ടാകാത്ത വിധം അതിരൂക്ഷവും അക്രമാസക്തവുമായിരുന്നു പോളിന്റെ മരണാനന്തരം ശനിയാഴ്ച വയനാട് പുല്‍പ്പള്ളിയില്‍ അരങ്ങേറിയ പ്രതിഷേധം. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായി നടന്നുവരുന്നതിനിടെയാണ് പ്രതിഷേധത്തിന്റെ മറവില്‍ ചിലര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. പ്രതിഷേധക്കാര്‍ വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. വാഹനത്തിന്റെ റൂഫ് വലിച്ചു കീറുകയും ടയറിന്റെ കാറ്റ് അഴിച്ചുവിടുകയുമുണ്ടായി. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡം ജീപ്പിന്റെ മുകളില്‍ കയറ്റിവെച്ചു. പോളിന്റെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പോലീസിനു നേരേ കല്ലേറുണ്ടായി. ടി സിദ്ദീഖ് എം എല്‍ എ ഉള്‍പ്പെടെ രംഗം ശാന്തമാക്കാന്‍ എത്തിയ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരേയുമുണ്ടായി കൈയേറ്റ ശ്രമം.
എന്താണ് മുമ്പെങ്ങുമില്ലാത്തവിധം പ്രതിഷേധം അക്രമാസക്തമാകാന്‍ കാരണം? തുടര്‍ച്ചയായ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആളിക്കത്തിയ ജനരോഷത്തിന്റെ സ്വാഭാവികമായ ചെയ്തികളും പ്രകടനങ്ങളുമായിരുന്നോ ഇതെല്ലാം? അതോ ആസൂത്രിതമായിരുന്നോ? സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ബാലകൃഷ്ണന്‍, കല്‍പ്പറ്റ എം എല്‍ എ സിദ്ദീഖ് തുടങ്ങി രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും, സമാധാനപരമായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനു പിന്നില്‍ ഗൂഢാലോചന സന്ദേഹിക്കുന്നുണ്ട്. വാട്‌സ്ആപ്പ് വഴി കൈമാറിയ സന്ദേശത്തിലൂടെയായിരുന്നു പ്രതിഷേധത്തിന്റെ സ്വഭാവം മാറ്റാനായി ആളുകളെ സംഘടിപ്പിച്ചത്. പ്രതിഷേധങ്ങള്‍ എങ്ങനെയായിരിക്കണം, പ്രതിഷേധത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണം എന്നത് സംബന്ധിച്ചെല്ലാം വാട്‌സ്ആപ്പ് വഴി നിര്‍ദേശം നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ക്രിസ്തീയ സഭാ നേതൃത്വത്തിന്റെ തീരുമാനമെന്ന നിലയില്‍ ചില വൈദികരാണ് ഇടവക അംഗങ്ങള്‍ക്കിടയില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്.
മാവോയിസ്റ്റ് സാന്നിധ്യം ശക്തമാണ് വയനാട്ടില്‍. തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ജില്ലയുടെ പല ഭാഗത്തും ഇടക്കിടെ ഏറ്റുമുട്ടലുണ്ടാകാറുണ്ട്. മൂന്ന് മാസം മുമ്പാണ് തലപ്പുഴ പെരിയ മേഖലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെപ്പുണ്ടായതും രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തതും. അതിനടുത്ത ദിവസം ഉരുപ്പുംകുറ്റി വനമേഖലയിലെ ഞെട്ടിത്തോട് വെച്ച് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായി. സംഘര്‍ഷം സൃഷ്ടിക്കാനും ജനങ്ങളെ അക്രമാസക്തരാക്കാനും കിട്ടുന്ന അവസരങ്ങളെയെല്ലാം ഉപയോഗപ്പെടുത്തിയ ചരിത്രമാണ് മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ തീവ്ര വലതുപക്ഷ സംഘടനകള്‍ക്കുള്ളത്. പുല്‍പ്പള്ളിയിലെ കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ അവരുടെ പങ്കും സംശയിക്കപ്പെടുന്നുണ്ട്. കേരളം സംഘര്‍ഷഭരിത പ്രദേശമായി മാറാന്‍ ആഗ്രഹിക്കുന്ന ഫാസിസ്റ്റ് സംഘടനകളുടെ പങ്കിനുള്ള സാധ്യതയും തള്ളിക്കൂടാ. ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ഗൂഢാലോചനാ ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കേണ്ടതാണ്.
പോളിന്റെ കുടുംബത്തിന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം, ആശ്രിതര്‍ക്ക് ജോലി, മകളുടെ വിദ്യാഭ്യാസം, കടം എഴുതിത്തള്ളല്‍ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പുല്‍പ്പള്ളിയില്‍ പ്രതിഷേധം അരങ്ങേറിയത്. നിയമപരമായ വ്യവസ്ഥകള്‍ക്ക് അനുസൃതമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകേണ്ടതു തന്നെ. എന്നാല്‍ സമാധാനപരമായ മാര്‍ഗേണ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ മുമ്പാകെ ഈ ആവശ്യമുണര്‍ത്തി പ്രതികരണം അറിയാന്‍ കാത്തുനില്‍ക്കാതെ അക്രമാസക്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത് ന്യായീകരിക്കാവുന്നതല്ല. അതേസമയം, സര്‍ക്കാറിനും ജനപ്രതിനിധികള്‍ക്കും പ്രശ്‌നത്തില്‍ വീഴ്ചയും ജാഗ്രതക്കുറവും സംഭവിച്ചിട്ടുണ്ട്. വയനാട്ടില്‍ തുടരെത്തുടരെ വന്യജീവി ആക്രമണം നടന്ന സാഹചര്യത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും യഥാസമയം ജില്ലയിലെത്തി പ്രശ്‌നം വിലയിരുത്തുകയും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു.
പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് വന്യജീവി ആക്രമണ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാനും 250 ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചത്. വനം-റവന്യൂ- തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാര്‍ വയനാട്ടിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്താനിരിക്കുകയാണ്. വനാതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സുരക്ഷാനടപടികളില്‍ ചര്‍ച്ച നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ അന്തരീക്ഷം കലുഷിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൈവെടിഞ്ഞ് അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള വിവേകം കാണിക്കണം. പ്രശ്‌നം സങ്കീര്‍ണമാക്കുകയും കുളംകലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഛിദ്രശക്തികള്‍ക്ക് കരുത്ത് പകരുകയായിരിക്കും അതിരുവിട്ട പ്രതിഷേധ മുറകളുടെ പരിണതി.