Connect with us

Ongoing News

ആരുടെതാകും അവസാന ആരവം; സ്വപ്ന ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഇന്ന് നേര്‍ക്കുനേര്‍

കാല്‍പ്പന്തുകളിയിലെ 2022 വിശ്വവിജയികളെ നിര്‍ണയിക്കാനുള്ള അങ്കം ഇന്ന് ഖത്വറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് മത്സരം.

Published

|

Last Updated

ദോഹ | സ്വപ്ന ഫൈനലില്‍ ആരാകും അവസാനം വിജയാഘോഷത്തിന്റെ ആരവമുയര്‍ത്തുക. അര്‍ജന്റീനയോ ഫ്രാന്‍സോ. കലാശപ്പോരില്‍ ഏത് സൂപ്പര്‍ താരത്തിന്റെ കൈയിലാകും ലോക കിരീടം വിശ്രമിക്കുക. ലയണല്‍ മെസിയുടെയോ കിലിയന്‍ എംബാപ്പെയുടെയോ. കാല്‍പ്പന്തുകളിയിലെ 2022 വിശ്വവിജയികളെ നിര്‍ണയിക്കാനുള്ള തീപാറുന്ന അങ്കം ഇന്ന് ഖത്വറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടരക്കാണ് മത്സരം. മൂന്നാം കിരീടം തേടിയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

പന്തുകൊണ്ട് കവിത വിരിയിക്കുന്ന മെസിയും എംബാപ്പെയും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത്യന്തം ആവേശകരമായ ഒരു പോരാട്ടമായിരിക്കും ലുസൈലില്‍ അരങ്ങേറുക എന്നതുറപ്പ്. ഏറെ ആവേശത്തോടെയും അതിലേറെ ഉദ്വേഗത്തോടെയുമാണ് ഇരു ടീമിന്റെയും ആരാധകര്‍ മത്സരത്തിനായി കാത്തിരിക്കുന്നത്.

പരുക്കുകളൊന്നുമില്ലാതെ മുഴുവന്‍ താരങ്ങളും ഫിറ്റാണെന്നത് അര്‍ജന്റീനയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തുന്നു. ആദ്യ മത്സരത്തില്‍ സഊദിയോട് തോറ്റതില്‍ പിന്നീട് മെസി പടക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്നുള്ള മത്സരങ്ങളിലെല്ലാം കിടിലന്‍ പ്രകടനം കാഴ്ചവച്ചാണ് ടീം ഫൈനലിലേക്ക് ഓടിയെത്തിയത്. മെസി കളി മെനയുകയും ഗോളടിക്കുകയും ചെയ്ത് തകര്‍പ്പന്‍ ഫോമിലാണെന്നത് അര്‍ജന്റീനക്ക് സാധ്യതയേറ്റുന്നു. ഡി മരിയയെ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തിനാണ് പരിശീലകന്‍ സ്‌കലോണിയുടെ പദ്ധതി. ഈ ലോകകപ്പിനു ശേഷം വിരമിച്ചേക്കുമെന്ന സൂചന നല്‍കിയിട്ടുള്ള ലയണല്‍ മെസിക്ക് ലോക കിരീടം നേടി വീരോചിതമായി മടങ്ങാന്‍ കഴിയണേ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.

അതേസമയം, മുന്‍നിര താരങ്ങളില്‍ ചിലരുടെ പരുക്കും അസുഖവും ഫ്രഞ്ച് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയതായി അഭ്യൂഹങ്ങളുണ്ട്. എന്നാല്‍, അഭ്യൂഹങ്ങളെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് തള്ളിയിട്ടുണ്ട്. കരുത്തിന്റെയും വേഗത്തിന്റെയും പിന്‍ബലത്തില്‍ അര്‍ജന്റീനിയന്‍ കുതിപ്പിന് വിരാമമിട്ട് വിശ്വകപ്പ് സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സും ഫാന്‍സും. 19 വയസില്‍ ലോകകപ്പില്‍ മുത്തമിടാനായ എംബാപ്പെക്ക് 23ാം വയസിലും കപ്പുയര്‍ത്തി പ്രായം കുറഞ്ഞ ഇതിഹാസമാകാന്‍ സാധിക്കുമോ എന്നതാണ് കാല്‍പ്പന്തു പ്രേമികള്‍ ഉറ്റുനോക്കുന്നത്. മെസിയും എംബാപ്പെയും തമ്മിലുള്ള മറ്റൊരു പോരാട്ടത്തിനും ഇന്ന് ലുസൈല്‍ സ്‌റ്റേഡിയും സാക്ഷിയാകും. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കും എന്നതാണത്. അഞ്ച് ഗോള്‍ വീതം നേടി തുല്യനിലയിലാണ് ലോകഫുട്‌ബോളിലെ ഈ വിസ്മയ താരങ്ങള്‍.

 

Latest