editorial
ഔറംഗസീബിന്റെ ചരിത്രത്തെ ഭയപ്പെടുന്നതെന്തിന്?
അബു ആസ്മി തന്റെ പ്രസ്താവന പിന്‍വലിക്കുകയും മാധ്യമങ്ങള്‍ തന്റെ പ്രസ്താവന തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയും ചെയ്‌തെങ്കിലും ഹിന്ദുത്വര്‍ വിവാദം ആളിക്കത്തിക്കാനുള്ള തീരുമാനത്തിലാണ്.

മുഗള്‍ ഭരണാധികാരി ഔറംഗസീബിനെക്കുറിച്ച് മഹാരാഷ്ട്ര നിയമസഭയിലെ സമാജ്‌വാദി പാര്‍ട്ടി അംഗം അബു ആസ്മി നടത്തിയ പ്രസ്താവന തീവ്രഹിന്ദുത്വരെ പ്രകോപിതരാക്കിയിരിക്കുകയാണ്. മികച്ച ഭരണാധികാരിയും മതസഹിഷ്ണുതയുടെ വക്താവുമായിരുന്നു ഔറംഗസീബ്. അദ്ദേഹം ക്രൂരനായിരുന്നില്ലെന്ന അബു ആസ്മിയുടെ പ്രസ്താവനയാണ് ഹിന്ദുത്വരെ ചൊടിപ്പിച്ചത്. മറാത്തി രാജാവായിരുന്ന ശിവജിയുടെ കഥ പറയുന്ന “ഛാവ’എന്ന സിനിമയെക്കുറിച്ച് പ്രതികരിക്കവെയാണ് അബു ആസ്മി ഔറംഗസീബിനെ പുകഴ്ത്തി സംസാരിച്ചത്. സിനിമയില്‍ ഔറംഗസീബിനെ മതവെറിയനായാണ് ചിത്രീകരിക്കുന്നത്.
ഈ പ്രസ്താവനക്കു പിന്നാലെ ശിവസേനാ എം പി നരേഷ് മാസ്‌കെ അബു ആസ്മിക്കെതിരെ താനെയിലെ വാഗലെ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അദ്ദേഹത്തിനെതിരെ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തി കേസ് ചാര്‍ജ് ചെയ്യുകയുമുണ്ടായി. ഔറംഗസീബിന്റെ ഖബര്‍ മഹാരാഷ്ട്രയില്‍ നിന്ന് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവും മഹാരാഷ്ട്രയില്‍ നിന്നുള്ള മുന്‍ പാര്‍ലിമെന്റ് അംഗവുമായ റാണയും രംഗത്തുവന്നു.
അബു ആസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും നിയമസഭയില്‍ നിന്ന് പുറത്താക്കണമെന്നുമാവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ ഇന്നലെ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതിനു പിന്നാലെ അബു ആസ്മി തന്റെ പ്രസ്താവന പിന്‍വലിക്കുകയും മാധ്യമങ്ങള്‍ തന്റെ പ്രസ്താവന തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയും ചെയ്‌തെങ്കിലും ഹിന്ദുത്വര്‍ വിവാദം ആളിക്കത്തിക്കാനുള്ള തീരുമാനത്തിലാണ്. അദ്ദേഹത്തെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഭരണാധികാരിയാണ് ഔറംഗസീബ്. മറ്റു രാജാക്കന്‍മാരെ പോലെ സുഖലോലുപതയില്‍ മുഴുകാതെ എളിമയാര്‍ന്ന ജീവിതം നയിച്ച അദ്ദേഹം മികച്ച ഭരണകര്‍ത്താവായിരുന്നു. തരിശുഭൂമികള്‍ ഫലഭൂയിഷ്ടമാക്കി അതില്‍ കൃഷി നടത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കുകയും ചെയ്തു അദ്ദേഹം. സ്വന്തം മതത്തില്‍ കണിശത കാണിച്ചതോടൊപ്പം തന്നെ ഇതര മതസ്ഥരുടെ വിശ്വാസ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള വിശാലമനസ്‌കതയും പ്രകടിപ്പിച്ചു. ഇസ്‌ലാമേതരര്‍ക്ക് തങ്ങളുടെ മതാചാരങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള എല്ലാ ഭൗതിക സഹായങ്ങളും ചെയ്തു കൊടുത്തിരുന്നതായി അലക്‌സാണ്ടര്‍ ഹാമിള്‍ട്ടന്‍ രേഖപ്പെടുത്തുന്നു. ഹൈന്ദവരായിരുന്നു ഔറംഗസീബിന്റെ ഉദ്യോഗസ്ഥരില്‍ പകുതിയോളം പേര്‍. ഹൈന്ദവരായ ഉദ്യോഗസ്ഥര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടാല്‍ അവരുടെ മക്കളെ സംരക്ഷിക്കുകയും അവര്‍ പിന്തുടര്‍ന്നു വന്ന അതേ മതത്തില്‍ വളരാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച് പണ്ഡിറ്റ് സുന്ദര്‍ലാലിന്റെ വിവരണം ശ്രദ്ധേയമാണ്. അക്ബര്‍ ചക്രവര്‍ത്തിയുടെയും ഔറംഗസീബിന്റെയും കാലത്ത് മുസ്‌ലിംകള്‍ക്കും ഹൈന്ദവര്‍ക്കുമിടയില്‍ നല്ല സൗഹൃദവും സഹിഷ്ണുതയും നിലനിന്നിരുന്നു. രണ്ട് മതങ്ങളും തുല്യമായി ആദരിക്കപ്പെട്ടു. മതത്തില്‍ ആരോടും ഒരു വിരോധവും വിവേചനവും കാണിച്ചില്ല. പല ക്ഷേത്രങ്ങള്‍ക്കും ഭൂസ്വത്തുക്കള്‍ നല്‍കിയിരുന്നു രണ്ട് ഭരണാധികാരികളും. ഇന്ത്യയിലെ വിവിധ ക്ഷേത്രപൂജാരികളുടെ സമീപം ഇന്നും ഔറംഗസീബിന്റെ ഒപ്പുള്ള രാജകല്‍പ്പനകള്‍ നിലവിലുണ്ട്. ഔറംഗസീബ് നല്‍കിയ പാരിതോഷികങ്ങളുടെയും ഭൂസ്വത്തുക്കളുടെയും സ്മരണയാണ് പ്രസ്തുത രേഖകള്‍. അലഹബാദില്‍ സോമനാഥ് ക്ഷേത്രപൂജാരിയുടെ കൈവശമുണ്ട് അവയിലൊന്ന്.
ബംഗാളിലും അസമിലും ഔറംഗസീബ് ഹിന്ദു ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും ബുദ്ധര്‍ക്ക് ഭൂസ്വത്ത് നല്‍കുകയും ചെയ്തതായി ആലംഗീര്‍ നാമയിലും കാണാം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി ഹിന്ദുമതസ്ഥര്‍ കണക്കാക്കുന്ന മഥുര-വൃന്ദാവന്‍ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് ഉദാരവും അനുഭാവപൂര്‍ണവുമായ സമീപനമായിരുന്നു ഔറംഗസീബ് ഉള്‍പ്പെടെയുള്ള രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നതെന്ന് വൃന്ദാവന്‍ റിസര്‍ച്ച് രേഖകളും സാക്ഷ്യപ്പെടുത്തുന്നു.
ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നതു പോലെ മതഭ്രാന്തന്മാരോ ഇസ്‌ലാമേതര മതസ്ഥരോട് അസഹിഷ്ണുതയില്‍ വര്‍ത്തിച്ചവരോ ആയിരുന്നില്ല ഔറംഗസീബും ഇന്ത്യ ഭരിച്ച മറ്റു മുസ്‌ലിം ഭരണാധികാരികളും. ബഹുസ്വര സമൂഹത്തെ ഉള്‍ക്കൊണ്ട സഹിഷ്ണുതയുടെ വക്താക്കളായിരുന്നു അവര്‍. ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാരാണ് ഇന്ത്യയിലെ മുസ്‌ലിം ഭരണ കാലത്തെ മോശമാക്കി ചിത്രീകരിച്ചത്. പിന്നീട് വന്ന ചരിത്രകാരന്മാരില്‍ പലരും അവരെ പിന്തുടരുകയാണുണ്ടായത്. കുരിശു യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായ വിജയം ഉള്‍പ്പെടെ ചരിത്രപരമായ കാരണങ്ങളാണ് ക്രൈസ്തവ സമൂഹത്തെയും ചരിത്രകാരന്മാരെയും അന്ധമായ മുസ്‌ലിംവിരോധത്തിലേക്ക് നയിച്ചതും ചരിത്ര ഗ്രന്ഥങ്ങളില്‍ മുസ്‌ലിംകള്‍ക്കും മുസ്‌ലിം ഭരണാധികാരികള്‍ക്കുമെതിരെ വിഷം ചീറ്റാന്‍ ഇടയാക്കിയതും.
ക്രൈസ്തവരായ പറങ്കികള്‍ കുരിശു യുദ്ധ ശേഷം വാണിജ്യാവശ്യാര്‍ഥം ഇന്ത്യയിലേക്ക് വന്നപ്പോഴും അവരുടെ മുസ്‌ലിം വിരോധം പ്രകടമാക്കിയിട്ടുണ്ട്. മലബാറിലെ മുസ്‌ലിംകളെ അടിച്ചമര്‍ത്താന്‍ പോര്‍ച്ചുഗീസ് സംഘം സാമൂതിരി രാജാവില്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ഹജ്ജ് കപ്പല്‍ സംഘത്തെ പറങ്കികള്‍ നിര്‍ദയം കത്തിച്ചതായും തുഹ്ഫത്തുല്‍ മുജാഹിദീനില്‍ സൈനുദ്ദീന്‍ മഖ്ദൂം രേഖപ്പെടുത്തുന്നു. ദേശീയ സമരത്തിന് അള്ളുവെച്ച സവര്‍ക്കറെയും ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെയും മഹത്വവത്കരിക്കാനുള്ള ഹിന്ദുത്വരുടെ ശ്രമം നിലവില്‍ നാം കണ്ടുവരുന്നതാണ്. സമാനമായ ഒരു കൈകടത്തലാണ് ഔറംഗസീബ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ ചെയ്തത്. ചരിത്രത്തെ മുച്ചൂടും വളച്ചൊടിക്കുകയായിരുന്നു അവര്‍.