Connect with us

Editorial

ഈ കുട്ടികൾ എന്തിന് മരണം തിരഞ്ഞെടുക്കുന്നു?

വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണതക്ക് തടയിടാൻ പ്രായോഗിക മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. വിദ്യാർഥി ലോകത്തെ ബാധിക്കുന്ന മാനസിക സമ്മർദവും വിഷാദരോവും ഇല്ലാതാക്കാനുള്ള മാർഗങ്ങളാണ് ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത്. ഇതിനായുള്ള കേന്ദ്ര പദ്ധതി കരട് തയ്യാറാക്കിയതിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല.

Published

|

Last Updated

വിദ്യാർഥി സമൂഹത്തിനെന്തു പറ്റി? രാജ്യത്തെ വിദ്യാർഥികളിൽ ആത്മഹത്യാ നിരക്ക് കുത്തനെ ഉയർന്നതായി ഐ സി- 3 വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച റിപോർട്ട് വെളിപ്പെടുത്തുന്നു. ജനസംഖ്യാ വളർച്ചാ നിരക്കിനെയും മൊത്തത്തിലുള്ള ആത്മഹത്യാ നിരക്കിനെയും മറികടക്കുന്നു വിദ്യാർഥികൾക്കിടയിലെ ആത്മഹത്യാ നിരക്ക്. രാജ്യത്തെ ആകെ ആത്മഹത്യാ തോതിൽ പ്രതിവർഷം രണ്ട് ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ, വിദ്യാർഥി ആത്മഹത്യാ നിരക്ക് നാല് ശതമാനമായി വർധിച്ചതായി നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളെ ആധാരമാക്കി തയ്യാറാക്കിയ റിപോർട്ടിൽ പറയുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് വിദ്യാർഥി ആത്മഹത്യാ നിരക്കിൽ മുന്നിൽ.

മികച്ച റാങ്ക് വാങ്ങിക്കുന്നതിൽ വിദ്യാർഥികൾക്കിടയിലെ കിടമത്സരം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഭിമുഖീകരിക്കുന്ന വിവേചനവും പീഡനവും, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ, മാതാപിതാക്കളുടെ പ്രതീക്ഷാഭാരം, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഭരണകൂടങ്ങളുടെ പരാജയം തുടങ്ങിയവയാണ് ആത്മഹത്യാ വർധനവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദ്യാർഥികളിലെ വിഷാദരോഗവും ആത്മഹത്യാചിന്തയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പ്രമുഖ കോളജുകളിലെ പഠിതാക്കൾക്കിടയിൽ കഴിഞ്ഞ വർഷം ഒരു സർവേ നടത്തിയിരുന്നു. ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികളിലാണ് വിഷാദരോഗവും ആത്മഹത്യാ ചിന്തയും കൂടുതലെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നല്ല റാങ്കിനു വേണ്ടിയുള്ള വാശിയേറിയ മത്സരവും മറ്റു പല പരീക്ഷകളിലും പങ്കെടുക്കേണ്ട സാഹചര്യങ്ങളുമാണ് ഇതിനു കാരണമെന്നാണ് സർവേ റിപോർട്ടിൽ പറയുന്നത്. ഇന്റർനാഷനൽ ജേണൽ ഓഫ് സയന്റിഫിക് റിസർച്ച് ആൻഡ് എൻജിനീയറിംഗ് ഡെവലപ്‌മെന്റ് ഈ റിപോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉന്നത കോളജുകളിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള വാർത്തകൾ ഇടക്കിടെ പുറത്തുവരാറുള്ളതാണ്. പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികൾ മാത്രമല്ല, ഫാക്കൽറ്റികൾ വരെ വിവേചനവും അധിക്ഷേപവും നേരിടേണ്ടി വരുന്നു ഉന്നത സ്ഥാപനങ്ങളിൽ. ബ്രാഹ്മണരല്ലാത്തവരെയെല്ലാം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നുവെന്നാണ് മദ്രാസ് ഐ ഐ ടിയിൽ നിന്ന് രാജിവെച്ച അസ്സിസ്റ്റന്റ് പ്രൊഫസർ വിപിൻ പി വീട്ടിൽ പറയുന്നത്. ഐ ഐ ടി, എൻ ഐ ടി, കേന്ദ്ര സർവകലാശാല സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് വർഷത്തിനിടെ 13,000ത്തോളം വിദ്യാർഥികൾ പഠനം ഉപേക്ഷിച്ച കാര്യം കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയതാണ്. ജാതിവിവേചനമാണ് മുഖ്യകാരണം. ജാതി അധിക്ഷേപത്തിനു വിധേയരാകുക, ലബോറട്ടറി സൗകര്യം നിഷേധിക്കുക, ഫെല്ലോഷിപ്പ് നൽകാതിരിക്കുക, പി എച്ച് ഡിക്ക് അനുവാദം നിഷേധിക്കുക തുടങ്ങി നിരവധി വിവേചനങ്ങളാണ് പിന്നാക്ക വിദ്യാർഥികൾ നേരിടുന്നത്. 2020ൽ ഡൽഹി ഐ ഐ ടിയിലെ 31 ഡിപാർട്ട്‌മെന്റിലെ 15ലും, ബോംബെ ഐ ഐ ടിയിലെ 26 ഡിപാർട്ട്‌മെന്റിൽ 16ലും പി എച്ച് ഡിക്ക് ഒരൊറ്റ പിന്നാക്ക വിദ്യാർഥി പോലുമുണ്ടായിരുന്നില്ല. അപേക്ഷ ലഭിക്കാത്തതല്ല, മനഃപൂർവം തഴയുകയായിരുന്നു അധികൃതർ.

പഠിച്ചിട്ടെന്ത് എന്ന ചിന്തയും വിദ്യാർഥികളിൽ അസ്വസ്ഥതയും വിഷാദ ചിന്തയും സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മാ നിരക്ക് വൻതോതിൽ ഉയർന്നു വരികയാണ്. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ കണക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസം നേടിയിട്ടും തൊഴിലില്ലാതെ അലഞ്ഞു നടക്കേണ്ടി വരുന്നവർ രാജ്യത്ത് 29.1 ശതമാനം വരും. വിദ്യാഭ്യാസ യോഗ്യത കൂടുംതോറും തൊഴിലില്ലായ്മാ നിരക്ക് കൂടിവരികയാണെന്നും റിപോർട്ട് വ്യക്തമാക്കുന്നു. ഐ ഐ ടി മേഖലയിൽ 40 ശതമാനം തൊഴിലില്ലായ്മ നേരിടുന്നതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. 2024ൽ പ്ലെയ്‌സ്‌മെന്റിനായി രജിസ്റ്റർ ചെയ്ത 21,500 വിദ്യാർഥികളിൽ 8,000 വിദ്യാർഥികളും (38 ശതമാനം) ഇടം കിട്ടാതെ നിരാശരായി കഴിയുകയാണ്. സ്വാഭാവികമായും ഇത് വിദ്യാർഥി ലോകത്തും പ്രതിഫലിക്കും.

വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണതക്ക് തടയിടാൻ പ്രായോഗിക മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. രാജ്യത്തെ പ്രശസ്ത കോച്ചിംഗ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യാനിരക്ക് വർധിച്ചപ്പോൾ, ഫാനുകളിൽ സ്പ്രിംഗ് ഘടിപ്പിക്കുക, കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടാതിരിക്കാനായി വാരാന്തയിൽ ഇരുമ്പുനെറ്റും ഇരുമ്പ് വേലിയും സ്ഥാപിക്കുക തുടങ്ങിയ മാർഗങ്ങളാണ് ബന്ധപ്പെട്ടർ സ്വീകരിച്ചത്. വിദ്യാർഥികൾ ആത്മഹത്യക്ക് കൂടുതലായി ആശ്രയിക്കുന്നത് ഫാനും മുകളിൽ നിന്ന് താഴേക്കുള്ള എടുത്തു ചാട്ടവുമാണെന്ന നിഗമനത്തിലാണ് അധികൃതരുടെ ഈ പ്രതിരോധമാർഗങ്ങൾ. തീർത്തും അപ്രായോഗികവും പരിഹാസ്യവുമാണ് ഇത്തരം നടപടികൾ. ആത്മഹത്യയുടെ വഴി തേടിപ്പോകുന്നവർ ചെന്നെത്താവുന്ന എത്രയെത്ര മാർഗങ്ങളുണ്ട്. വിദ്യാർഥി ലോകത്തെ ബാധിക്കുന്ന മാനസിക സമ്മർദവും വിഷാദരോഗവും ഇല്ലാതാക്കാനുള്ള മാർഗങ്ങളാണ് ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത്.

“ഉമീദ്'(അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ്, എംപതൈസ്, എംപവർ, ഡെവലപ്) എന്ന പേരിൽ കേന്ദ്ര സർക്കാർ ആത്മഹത്യാ പ്രതിരോധ പദ്ധതിക്ക് കരട് തയ്യാറാക്കിയതായി റിപോർട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ, മെഡിക്കൽ ഓഫീസർ, സ്‌കൂൾ കൗൺസലർ എന്നിവരടങ്ങിയ വെൽനെസ്സ് ടീം രൂപവത്കരിക്കുക, വിദ്യാർഥികളുടെ മാനസിക ഉല്ലാസത്തിന് പ്രതിദിന കൂട്ടായ്മകളും ഓപൺ ഫോറങ്ങളും ഒരുക്കുക, സ്‌കൂളുകളും രക്ഷിതാക്കളും പൊതുസമൂഹവും തമ്മിലുള്ള ഒരുമ വർധിപ്പിക്കുക, വിഷാദം, ലൈംഗിക ചൂഷണം തുടങ്ങിയ സ്വഭാവങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുക എന്നിവയാണ് “ഉമീദി’ൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ. കരട് തയ്യാറാക്കിയതിനപ്പുറം ഈ പദ്ധതി പ്രവർത്തനം മുന്നോട്ടു നീങ്ങിയിട്ടില്ലെന്നാണ് അറിവ്. പദ്ധതി എത്രയും വേഗത്തിൽ പ്രയോഗവത്കരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

Latest