Connect with us

Cover Story

എംത് കൂരേനെ തിരിപ്പിത്താ...

ആദിവാസികളും പക്ഷിമൃഗാദികളും ആവാസ സ്ഥലം നഷ്ടമായി നിലവിളിച്ചു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പരാക്രമം കാണിച്ച് പ്രതികാരം ചെയ്തു. ശേഷിച്ച മൊട്ടക്കുന്നിൽ ജീവിക്കുന്ന ആദിവാസികളുടെ ഇടം പോലും കൈവശപ്പെടുത്താൻ അധിനിവേശക്കാർ ചട്ടംകെട്ടുന്പോൾ ഇനി പോരാട്ടം മാത്രമേ മുന്നിലുള്ളൂവെന്ന് കാടിന്റെ മക്കൾ പറയുന്നു.

Published

|

Last Updated

മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അധർമങ്ങളെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ “ഭൂമിയുടെ അവകാശികൾ’ എന്ന ചെറുകഥയിൽ പറയുന്നുണ്ട്. രണ്ടേക്കർ തെങ്ങിൻ പറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പ് ഗേറ്റിന്റെയും ഷാൻ എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പ് വെക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായി ഒരു കൂട്ടം ജീവജാലങ്ങൾ അധികാരത്തോടെ കടന്നുവരുന്നതോടെയാണ് കഥയുടെ ചുരുൾ വിടരുന്നത്. ഇതിന് പുറമെ ക്ഷണിക്കപ്പെടാതെ ആഗതരാകുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടരും ഭൂമിയുടെ അവകാശികളാണെന്നു ബഷീർ ഓർമപ്പെടുത്തുന്നു. ഇതിനെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കഥയാണ് അട്ടപ്പാടിയിലും സംഭവിക്കുന്നത്.

തല ചായ്ക്കാൻ ഇടമില്ലാതെ ഭൂമിയുടെ അവകാശികൾ

വനഭൂമിയിലെ ആദ്യ ഉടമകളാണെന്ന് ചരിത്രരേഖകൾ സാക്ഷ്യം പറയുന്ന ആദിവാസികൾ തലചായ്ക്കാനുള്ള ഇടത്തിനായി സമര പാതയിലാണ്. ആദിവാസി ഭൂമി കൈവശപ്പെടുത്തിയവർ സുഖജീവിതം നയിക്കുമ്പോൾ സർവവും നഷ്ടപ്പെട്ട ആദിവാസിക്ക് സ്വന്തമായി ഒരു തരി മണ്ണില്ല. വാക്കുപറഞ്ഞ മേലാളന്മാരെ വിശ്വസിച്ച് ഇതുവരെ കാത്തിരുന്നുവെങ്കിലും നിരാശയുടെ പടുകുഴിയിൽ വീഴാനാണ് വിധി.

എല്ലാ വിശ്വാസവും നഷ്ടപ്പെട്ടതോടെയാണ് അവർ സമരപാത തിരഞ്ഞെടുത്തതെന്നു ചെറിയ മൂപ്പൻ പറയുന്നു. അട്ടപ്പാടി കുന്നുകളുടെ സമൃദ്ധി മോഹിച്ച് ഇവിടേക്കു വന്നുകൂടിയവരാണ് ആദിവാസികളെ പുറംതള്ളിയത്. വന്നുകയറിയവർ മണ്ണിന്റെ ഫലഭൂയിഷ്ഠതയും വനസമ്പത്തും കവർന്നു. ആദിവാസികളിൽ നിന്ന് ഭൂമിയുടെ അവകാശവും അവർ തട്ടിയെടുത്തു. വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തി കാടു മൊട്ടക്കുന്നാക്കി.

ആദിവാസികളും പക്ഷിമൃഗാദികളും ആവാസ സ്ഥലം നഷ്ടമായി നിലവിളിച്ചു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി പരാക്രമം കാണിച്ച് പ്രതികാരം ചെയ്തു. ശേഷിച്ച മൊട്ടക്കുന്നിൽ ജീവിക്കുന്ന ആദിവാസികളുടെ ഇടം പോലും കൈവശപ്പെടുത്താൻ നോക്കുമ്പോൾ ഇനി പോരാട്ടം മാത്രമേ വഴിയുള്ളൂവെന്ന് അവർ കണ്ടെത്തുന്നു.

വികസനത്തിന്റെ പേരിൽ കാറ്റാടി നാട്ടാൻ ഭൂമി കവർന്നു. ഒടുവിൽ ചത്താൽ മറമാടാനുള്ള ആറടി മണ്ണ് കൈവിട്ടു പോവാതിരിക്കാനുള്ള അന്തിമ പോരാട്ടത്തിലാണ് ഈ നിസ്വരെന്നാണ് ആദിവാസി ആക്്ഷൻ കൗൺസിൽ പറയുന്നത്. പോയ ആഗസ്റ്റിൽ ആദിവാസികളുടെ പേരിൽ അടിയാധാരമുള്ള 55 ഏക്കർ തിരുവനന്തപുരത്തെ സ്വകാര്യ ട്രസ്റ്റ് കൈവശപ്പെടുത്തി നിർമാണം തുടങ്ങിയപ്പോൾ ആദിവാസി ചെറിയ മൂപ്പന്റെ നേതൃത്വത്തിൽ തടഞ്ഞു. നിയമം കാക്കേണ്ട കാക്കിപ്പട ആദിവാസികളെ കള്ളക്കേസിൽ കുടുക്കി ഭൂമി തട്ടാൻ വന്നവർക്ക് കാവൽനിന്നു. ഇനി ആദിവാസിയുടെ ഒരു തരിമണ്ണും തട്ടിയെടുക്കാൻ സമ്മതിക്കില്ലെന്നാണ് അവർ പറയുന്നത്. അതോടെ കാടും മണ്ണും ഭൂമിയുടെ അവകാശികളുടെ പോരാട്ട ഭൂമിയാവുകയാണ്.

അട്ടപ്പാടിയുടെ
യഥാർഥ ചരിത്രം

1940കൾ വരെ അട്ടപ്പാടി ആദിവാസികളുടെ “സ്വതന്ത്ര രാജ്യ’മായിരുന്നു. 1947ലെ സർവേയിൽ 10,000 ആദിവാസികളും 200 ൽ താഴെ മറ്റു വിഭാഗക്കാരുമാണ് അവിടെയുണ്ടായിരുന്നത്. ബ്രിട്ടീഷ് കാലത്ത് സാമൂതിരി കോവിലകത്തിന്റെ കീഴിലായിരുന്ന അട്ടപ്പാടിക്കുമേൽ മൂന്ന് നായർ കുടുംബങ്ങൾ ജന്മാവകാശം ഉറപ്പിച്ചിരുന്നു. ഇങ്ങനെ അധിനിവേശം നടത്തിയവരിലൊരാളാണ് മണ്ണാർക്കാട് മൂപ്പിൽ നായർ. ഈ ജന്മിമാരാണ് ആദിവാസിഭൂമി ആദ്യം പാട്ടത്തിനു നൽകിയത്. മൂപ്പിൽ നായരുമായി ധാരണയിലെത്തിയാണ് ബ്രിട്ടീഷുകാർ പ്ലാന്റേഷൻ തുടങ്ങിയത്. കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം 1964ൽ ഭൂമിയുടെ ഉടമാവകാശം രേഖപ്പെടുത്തുന്ന കാലത്തും അതിനുശേഷവും ആദിവാസി ഭൂമി അന്യാധീനപ്പെട്ടു.

പണക്കൊഴുപ്പും അധികാരവുമുള്ളവർ ഭൂമി കൈയടക്കിത്തുടങ്ങി. സർവേക്കു ശേഷവും അധികാരികൾ ആദിവാസികൾക്ക് ഭൂമിയുടെ കൈവശ രേഖ നൽകിയിരുന്നില്ല. സ്വന്തം ഭൂമി അടയാളപ്പെടുത്തിയ രേഖയില്ലാത്തതാണ് ഇക്കാലത്ത് ഭൂമി കൈയേറ്റത്തിന് കാരണമായത്. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 1977ൽ നടത്തിയ സർവേയിൽ 1966 മുതൽ 70 വരെ നടന്ന ഭൂമി കൈയേറ്റമാണ് അന്വേഷിച്ചത്.

ഇക്കാലത്ത് മാത്രം അട്ടപ്പാടിയിൽ 546 കുടുംബങ്ങൾക്ക് 9,859 ഏക്കർ ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. 1982ൽ ഐ ടി ഡി പി അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെക്കുറിച്ച് മറ്റൊരു സർവേയും നടത്തിയിട്ടുണ്ട്. 1990കളിൽ അനീമിയരോഗം പിടിപെട്ട് ആദിവാസികൾ മരിച്ചതായി റിപ്പോർട്ടുകൾ വന്നു. ഇതിനെ തുടർന്ന് പട്ടികജാതി വർഗ ക്ഷേമസമിതി അട്ടപ്പാടി സന്ദർശിച്ച് 1999ൽ റിപ്പോർട്ട് തയ്യാറാക്കി.

അട്ടപ്പാടിയെക്കുറിച്ചുള്ള പഠനങ്ങൾ നടക്കുമ്പോൾ തന്നെ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനുള്ള നിയമനിർമാണവും കേരള നിയമസഭ നടത്തിയിരുന്നു. 1975ൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കുന്നതിന് നിയമസഭ നിയമം പാസാക്കിയെങ്കിലും നടപ്പാക്കിയില്ല. ഈ നിയമം അനുസരിച്ച് 1960ന് ശേഷം അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കണമെന്നാണ്.

നിയമം പാസാക്കിയാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് 1999ൽ പുതിയ നിയമം നിയമസഭ പാസാക്കിയത്. രണ്ടര ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവാസികൾക്ക് കൈയേറ്റക്കാരിൽനിന്ന് ഇതേ ഭൂമിതന്നെ തിരിച്ചുപിടിച്ചു നൽകും. രണ്ടര ഹെക്ടറിൽ കുറവ് ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് പകരം ഭൂമി നൽകണമെന്നും നിയമം നിർദേശിച്ചു.
ഇത് നടപ്പാക്കാനുള്ള സുപ്രീംകോടതി നൽകിയ അവസാന തീയതിയും കഴിഞ്ഞു. എന്നാൽ അന്യാധീനപ്പെട്ട ഒരിഞ്ച് ഭൂമിയും തിരിച്ചുപിടിക്കാൻ ഇതുവരെ കഴിഞ്ഞില്ല. ഭൂമി അന്യാധീനപ്പെട്ട ചില ആദിവാസി കുടുംബങ്ങൾ സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടുണ്ടെങ്കിലും ഇതിലും അധികാരികൾ നടപടിയെടുത്തില്ല. 1999ലെ നിയമം അനുസരിച്ച് 1986നു ശേഷം ആദിവാസി ഭൂമി ആദിവാസിയല്ലാത്ത ആർക്കും നിയമപരമായി വാങ്ങാൻ കഴിയില്ല.
ഇത്തരം ഭൂമി രജിസ്‌ട്രേഷൻ അസാധുവാണ്. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാപകമായി കൈയേറുകയാണ്. ഇതേ സമയം, ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ അനുമതി ലഭിച്ച ഭൂമി നൽകാനും സർക്കാർ തയ്യാറാകുന്നില്ല. ആദിവാസികൾ നടത്തിയ സെക്രട്ടേറിയറ്റ് സമരത്തെ തുടർന്ന് തയ്യാറാക്കിയ ആദിവാസി മാസ്റ്റർ പ്ലാൻ അനുസരിച്ച് കേന്ദ്ര സർക്കാറിനോട് ആദിവാസികൾക്ക് വിതരണം ചെയ്യുന്നതിന് വനഭൂമി വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടി മാധവ മേനോൻ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് 7,693 ഹെക്ടർ വനഭൂമി കേന്ദ്രം വിട്ടു നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഭൂമി. ഇതിൽ പാലക്കാട് ജില്ലയിൽ മാത്രം 4,361 ഹെക്ടർ ഭൂമി വിതരണം ചെയ്യാനുണ്ട്. വനാവകാശനിയമം 2006 അനുസരിച്ചുള്ള ഭൂമി വിതരണവും അട്ടപ്പാടിയിൽ നടന്നിട്ടില്ല.

അവകാശത്തിന് കൈനീട്ടി ആദിമവാസികൾ

സംസ്ഥാനം പിറന്നിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർഹമായ അവകാശങ്ങൾക്കായി കൈനീട്ടി നിൽക്കേണ്ട അവസ്ഥയിലാണ് ഇന്നും കേരളത്തിലെ ആദിവാസി സമൂഹം. പ്രാചീനമായ ഒരു ജനവിഭാഗത്തിന്റെ അവകാശങ്ങളെ ഔദാര്യത്തിന്റെ അപ്പക്കഷ്ണമാക്കി മാറ്റുന്നതിന് മാതൃകയാണ് അട്ടപ്പാടി പ്രദേശം. മുപ്പത്തിമൂവായിരത്തിനടുത്ത് അംഗസംഖ്യയുള്ള ഈ സമൂഹം 192 ഊരുകളിലായി മലമടക്കുകളിൽ അധിവസിക്കുന്നു. പതിനായിരത്തോളം ആദിവാസി കുടുംബങ്ങളാണ് 745 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അട്ടപ്പാടിയിലുള്ള സ്വന്തം ഭൂമി കൈയേറിപ്പോയതിനാൽ അഷ്ടിക്ക് വകയില്ലാതെ സർക്കാറിന്റെ ഔദാര്യം ആശ്രയിച്ച് ജീവിക്കുന്നവർ നിരവധിയാണ് ഇന്ന് അട്ടപ്പാടിയിൽ.കൃഷിക്കായി ആദിവാസികളുടെ ഭൂമി പാട്ടത്തിനെടുത്തവർ ഭൂമിയുടെ ഉടമസ്ഥരായി മാറി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കിയാണ് ആദിവാസികളുടെ ഭൂമി തട്ടിപ്പറിച്ചതത്രെ. സന്നദ്ധ സംഘടനകളുടെ കണക്കനുസരിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പതിനായിരത്തോളം ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്.

അജ്ഞത മുതലെടുത്ത് അധിനിവേശക്കാർ

അട്ടപ്പാടിയിലെ ഭൂമി സംബന്ധിച്ച് തർക്കത്തിന് കോടതിക്കും ഇടപെടാനാകില്ലെന്നാണ് വ്യവസ്ഥ. ജില്ലാ കലക്ടറുടെയും ആർ ഡി ഒവിന്റെയും സാന്നിധ്യത്തിൽ മാത്രമേ ഇത്തരം കേസുകൾക്ക് വിധി കൽപ്പിക്കാനാകുകയുള്ളൂവെന്നാണു ഭരണഘടനയിലുള്ളത്. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്വകാര്യ ട്രസ്റ്റ് കൈയേറിയ ഭൂമിക്കെതിരെ ആദിവാസി സമൂഹം രംഗത്ത് വന്നപ്പോൾ സ്വകാര്യ ട്രസ്റ്റ് കോടതിയിൽ പോയി സ്റ്റേ വാങ്ങുകയുണ്ടായി. ഈ വിധി വന്നതോടെ ആദിവാസികൾക്ക് ആ ഭൂമിയിൽ കാല് കുത്താൻ പോലും അവകാശം നഷ്്ടപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കാടിന്റെ മക്കൾ കേഴുകയാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ആ ജനവിഭാഗത്തിന്. ഈ നിലവിളി ഇനിയും കേൾക്കാതിരിക്കുമോ അധികാരികൾ?
.