Connect with us

Articles

മദ്റസകളെ ഭയക്കുന്നതെന്തിന്?

മദ്റസകള്‍ക്കെതിരായ ഇപ്പോഴത്തെ നീക്കത്തെ കേവലമൊരു മുസ്ലിം പ്രശ്നമായി ചുരുക്കിക്കെട്ടാതെ, മതേതര വ്യവസ്ഥക്കും അത് ഉദ്ഘോഷിക്കുന്ന ഭരണഘടനക്കും എതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയായി അവതരിപ്പിച്ചാകണം പ്രതിരോധം തീര്‍ക്കാന്‍.

Published

|

Last Updated

രാജ്യത്തിന്റെ വൈവിധ്യങ്ങളും വൈജാത്യങ്ങളും നിറഞ്ഞ സാമൂഹിക ഘടന പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് നമ്മുടെ രാഷ്ട്രശില്‍പ്പികള്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. ഏതെങ്കിലും ജനവിഭാഗത്തിന്റെ മതപരവും സാംസ്‌കാരികവുമായ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന ഭീഷണിയെ അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഭരണഘടനയുടെ 25-30 അനുഛേദങ്ങള്‍ മതസമൂഹത്തിന്റെ ജൈവികമായ സവിശേഷതകള്‍ മനസ്സിലാക്കി കരുപ്പിടിപ്പിച്ചതാണ്. മതം വിശ്വസിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും മാത്രമല്ല, പ്രചരിപ്പിക്കാനും പ്രബോധനം നടത്താനും വ്യവസ്ഥകള്‍ എഴുതിവെച്ച ലോകത്തിലെ ഏക ഭരണഘടന നമ്മുടേതാണ്. 25ാം ഖണ്ഡിക മതസ്വാതന്ത്ര്യം വിപുലമായ തോതില്‍ അവകാശമായി രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുക്രമസമാധാനം, ആരോഗ്യം തുടങ്ങി മറ്റുള്ളവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തിലാകരുത് എന്ന നിബന്ധനയേയുള്ളൂ. ഭരണഘടനയുടെ 29, 30 ഖണ്ഡികകള്‍ ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നതിനും അതിനാവശ്യമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു കൊണ്ടുനടക്കുന്നതിനുമുള്ള അവകാശങ്ങളാണ് പ്രഖ്യാപിക്കുന്നത്. മതസമുദായങ്ങള്‍ക്ക് അല്ലെങ്കില്‍ അതിലെ ഒരു വിഭാഗത്തിന് മതപരവും ജീവകാരുണ്യപരവുമായ (ചാരിറ്റബിള്‍) സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കാനും പരിപാലിക്കാനും അവകാശം വകവെച്ചുനല്‍കുന്നു. ചാരിറ്റബിള്‍ എന്നതിനു കീഴില്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. 25ാം അനുഛേദം വിശ്വാസ, ആചാര, അനുഷ്ഠാന, പ്രബോധന സ്വാതന്ത്ര്യം പ്രദാനം ചെയ്യുമ്പോള്‍, 26ാം ഖണ്ഡിക ഭൂരിപക്ഷമാകട്ടെ, ന്യൂനപക്ഷമാകട്ടെ, മതപരവും സാംസ്‌കാരികവുമായ സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്താനുമുള്ള അവകാശം ഉറപ്പാക്കുന്നു. നമ്മുടെ രാജ്യം മതേതര ക്രമത്തിലാണെന്നതിനാല്‍ ഏതെങ്കിലും മതത്തിന്റെയോ മത വിഭാഗത്തിന്റെയോ ആവശ്യത്തിനായി പൗരന്മാരോട് നികുതി പിരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് 27ാം ഖണ്ഡിക തുറന്നുപറയുന്നു. 28(1) ഖണ്ഡിക സര്‍ക്കാര്‍ ഫണ്ട് പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടുള്ള മതപഠനം നിരോധിക്കുന്നു. അതേസമയം മതവിദ്യാഭ്യാസം ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ട്രസ്റ്റോ എന്‍ഡോവ്മെന്റോ പരിപാലിക്കുന്നത് സര്‍ക്കാറാണെങ്കില്‍ 28(2) ഉപ ഖണ്ഡിക അനുസരിച്ച് മുകളില്‍ പറഞ്ഞ നിരോധനത്തില്‍ നിന്ന് ഇളവുണ്ട്. 28(3) ഖണ്ഡിക ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നുണ്ട്. മതാധ്യാപനങ്ങളുടെയും ആരാധനയുടെയും വിഷയത്തില്‍ സര്‍ക്കാര്‍ സഹായമാകാം. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ബന്ധപ്പെട്ട വിഭാഗത്തെ നിര്‍ബന്ധിക്കാനാകില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണഘടനാ പദവിയെ കുറിച്ച് ആഴത്തില്‍ പഠിച്ച പ്രസിദ്ധമായ ടി എം എ പൈ കേസില്‍ 13 അംഗ ജഡ്ജിമാര്‍ അടിവരയിട്ട് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ഉന്നമനത്തിന്റെ വഴിയില്‍ ഭരണകൂടം ഒരു നിലക്കും ഇടങ്കോലിടാനോ തടസ്സവാദങ്ങള്‍ ഉന്നയിക്കാനോ പാടില്ല എന്നു തന്നെയാണ്.

ഹിന്ദുത്വ മേധാവികളുടെ ആസൂത്രിത നീക്കം
ഭരണഘടന മുന്നില്‍വെച്ച് ആമുഖമായി ഇത്രയും പറഞ്ഞത് മുസ്ലിംകളുടെ മതപഠനത്തിന്റെ അടിസ്ഥാന നിദാനമായ മദ്റസകള്‍ക്ക് നേരെ സംഘ്പരിവാര്‍ ഭരണകൂടം തുടര്‍ച്ചയായി നടത്തുന്ന വെല്ലുവിളികളുടെ ഗൗരവം ഓര്‍മിപ്പിക്കാനാണ്. മദ്റസാ ബോര്‍ഡുകള്‍ പിരിച്ചുവിടാനും മദ്റസകള്‍ അടച്ചുപൂട്ടാനും അവയിലേക്ക് നല്‍കുന്ന സര്‍ക്കാര്‍ സഹായം നിര്‍ത്തലാക്കാനും ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തിനെ കേവലമൊരു ഇണ്ടാസായി മാത്രം കാണാനാകില്ല. പിറവി തൊട്ട് ആര്‍ എസ് എസ് ആസൂത്രിതമായി നടത്തുന്ന മദ്റസാ വിരുദ്ധ ക്യാമ്പയിനിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണിത്.

ഒമ്പത് വര്‍ഷമായി കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഈ നീക്കമെന്നാണ് കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കനൂംഗോ അവകാശപ്പെടുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവുകളാണ് കാനൂംഗോയുടെ കണ്ണില്‍ കരടായി മാറിയതെന്ന് സൂക്ഷ്മാവലോകനത്തില്‍ വായിച്ചെടുക്കാനാകും. വിദ്യാഭ്യാസാവകാശ നിയമം മദ്റസകളില്‍ ലക്ഷ്യം കാണുന്നില്ലെന്നും ഒരുതരം വിവേചനം നിലനില്‍ക്കുകയാണെന്നുമാണ് 12 അധ്യായങ്ങളുള്ള റിപോര്‍ട്ടില്‍ പറയുന്നത്. ഈ റിപോര്‍ട്ട് ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിലെ ഹെഡ്ഗേവാര്‍ ഭവനില്‍ ചുട്ടെടുത്തതായിരിക്കാനേ വകയുള്ളൂ.

വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുന്ന 2009ലെ നിയമം വിഭാവന ചെയ്ത ഗുണനിലവാരമുള്ള വിദ്യാഭ്യാസം ചില മദ്റസകളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല എന്നതില്‍ വസ്തുതകളുണ്ടാകാം. എന്തുകൊണ്ട് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതിന് കമ്മീഷന്‍ തന്നെ കാരണങ്ങള്‍ നിരത്തുന്നുണ്ട്. പാഠ്യപദ്ധതി, യൂനിഫോം, അടിസ്ഥാന സൗകര്യങ്ങള്‍, പഠനാന്തരീക്ഷം, ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ തൃപ്തികരമല്ല അവസ്ഥ. അതുകൊണ്ട് മദ്റസകള്‍ അടച്ചുപൂട്ടണമെന്നും അത് നിയന്ത്രിക്കുന്ന ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മേലില്‍ ഒരു സഹായവും നല്‍കരുതെന്നും എഴുതി അയക്കുമ്പോള്‍ എന്തുമാത്രം അബദ്ധമാണ് ഒരു ദേശീയ കമ്മീഷന്‍ അധ്യക്ഷന്റെ ഭാഗത്ത് നിന്ന് കാണേണ്ടിവരുന്നതെന്ന് ചിന്തിച്ചുനോക്കൂ. ഒരു മതവിഭാഗത്തോടും അവരുടെ സംസ്‌കാരത്തോടുമുള്ള ക്ഷുദ്ര മനോഗതിയാണ് ഇത്തരം നീക്കങ്ങളുടെ പിന്നില്‍. ഇത്തരം മദ്റസകളില്‍ പഠിക്കുന്ന മുസ്ലിമേതര വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റി പ്രവേശിപ്പിക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്. 1.9 കോടിയോളം വരുന്ന പാവപ്പെട്ട മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന ഉപദേശം നല്‍കുന്നതല്ലാതെ മദ്റസകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഏത് മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നില്ല. മദ്റസകള്‍ക്കും മദ്റസാ ബോര്‍ഡുകള്‍ക്കുമെതിരെ തീവ്ര വലതുപക്ഷം യുദ്ധം പ്രഖ്യാപിച്ചിട്ട് കാലമേറെയായി. അതിന്റെ ഏറ്റവും ജുഗുപ്സാവഹമായ കാഴ്ചകള്‍ പുറത്തുവരുന്നത് അസമില്‍ നിന്നാണ്. യു പിയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ മദ്റസകള്‍ പൂട്ടിക്കാണാന്‍ ഹിന്ദുത്വ ശക്തികള്‍ രാപ്പകല്‍ അധ്വാനിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് യു പി മദ്റസാ ബോര്‍ഡ് നിയമം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ റദ്ദാക്കിയതും അലഹബാദ് ഹൈക്കോടതി അത് ശരിവെച്ചതും. സുപ്രീം കോടതിയുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്. മദ്റസകളില്‍ പഠിക്കുന്ന വിദാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതാണ് ആശങ്കയെങ്കില്‍ അത് ഉറപ്പുവരുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയണ് വേണ്ടതെന്നും അല്ലാതെ ബോര്‍ഡ് തന്നെ പിരിച്ചുവിടുകയല്ല പരിഹാരമെന്നും പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടിയത് മര്‍മം തൊട്ടറിഞ്ഞാണ്.

മതേതര ചേരി ഉണരണം
മുസ്ലിം സമൂഹത്തിന്റെ മതപരമായ നിലനില്‍പ്പിനും സാംസ്‌കാരിക നൈരന്തര്യത്തിനും ഇസ്ലാമിക മതപഠനശാലകളായ മദ്റസകള്‍ അര്‍പ്പിക്കുന്ന സംഭാവനകള്‍ വലുതാണ്. പ്രവാചകന്റെ കാലഘട്ടം തൊട്ട് മതപഠനത്തിന് പല തരത്തിലുള്ള സംവിധാനങ്ങള്‍ മുസ്ലിം സമൂഹം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന മദ്റസകള്‍ 11ാം നൂറ്റാണ്ടില്‍ സെല്‍ജൂക് ഭരണത്തില്‍ ധിഷണാശാലിയായ പ്രധാനമന്ത്രി (വസീര്‍) നിസാമുല്‍ മുല്‍ക് തൂസി അസ്തിവാരമിട്ട മതപഠനശാലകളുടെ തുടര്‍ രൂപമാണ്. ഇറാന്‍, ഖുറാസാന്‍, മെസപൊട്ടോമിയ ഭൂവിഭാഗങ്ങളില്‍ നിസാമുല്‍ മുല്‍ക്കിന്റെ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. ആയിരക്കണക്കിന് മതപഠനശാലകള്‍ സവിശേഷമായ ശില്‍പ്പ ചാതുരിയോടെ കെട്ടിപ്പടുത്തു. ഓട്ടോമന്‍ ഭരണകൂടം സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എണ്ണമറ്റ മദ്റസകള്‍ സ്ഥാപിച്ചു. അത്തരം സ്ഥാപനങ്ങളില്‍ നിന്നാണ് വിവിധ ശാസ്ത്ര മേഖലകളില്‍ 21ാം നൂറ്റാണ്ടിലും മാര്‍ഗദര്‍ശികളായി വിലസുന്ന ഇബ്നു സീനയും ഖവറസ്മിയും ഇബ്നു ഖല്‍ദൂനും മറ്റ് ഒട്ടനവധി വൈജ്ഞാനിക നക്ഷത്രങ്ങളും ഉദിച്ചുയര്‍ന്നത്. മധ്യേഷ്യന്‍ പട്ടണമായ ബുഖാറയും സമര്‍ഖന്തുമൊക്കെ മധ്യകാലഘട്ടത്തില്‍ ലോകത്തിനു വെളിച്ചം പകര്‍ന്നത് മദ്റസകളുടെ ഉയര്‍ന്ന രൂപങ്ങളില്‍ നിന്നാണ്. ഇന്നത്തെ നിസാമുദ്ദീനിലെ ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ ഉത്തരേന്ത്യയിലെ ആദ്യകാല മതപഠന ശാലകളിലൊന്നാണ്. അതിനും മുമ്പ് തന്നെ അറേബ്യയില്‍ നിന്നെത്തിയ പ്രബോധക സംഘം ഇങ്ങ് കേരളത്തില്‍ കൊടുങ്ങല്ലുൂരില്‍ സ്ഥാപിച്ച ചേരമാന്‍ പെരുമാള്‍ പള്ളിയില്‍ മതപഠനം ആരംഭിച്ചിരുന്നു. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് മഖ്ദൂം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ പൊന്നാനിയില്‍ ‘വിളക്കത്തിരിക്കല്‍’ സമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത്. ഈ ദിശയില്‍ കേരളം നടത്തിയ മുന്നേറ്റം ലോകത്തെവിടെയും കാണാന്‍ സാധിക്കില്ല. ഒരു സമൂഹത്തിന്റെ ധാര്‍മിക വളര്‍ച്ചയിലും നൈതികബോധ സൃഷ്ടിയിലും മദ്റസകള്‍ വഹിക്കുന്ന പങ്ക് ആഴത്തിലുള്ള പഠനമര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലാവകാശ കമ്മീഷന്റെ തിട്ടൂരത്തിനെതിരെ കക്ഷിപക്ഷങ്ങള്‍ മറന്ന് കേരളം പ്രതികരിക്കുന്നത്. ഒരു വേള ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്ന് രാജ്യസ്നേഹികളുടെ കൂറ്റന്‍ നിരയെ വാര്‍ത്തെടുത്തതും കോളനിവിരുദ്ധ പോരാളികളെ സൃഷ്ടിച്ചെടുത്തതും ഇത്തരം മദ്റസകളാണെന്ന ചരിത്രസത്യം ബി ജെ പിക്കാര്‍ വിസ്മരിച്ചുപോകരുത്. രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ വിഷയങ്ങളില്‍ ഇന്നും മുടന്തി നടക്കുന്ന ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മദ്റസകളുടെ അവസ്ഥ മികച്ചതാണെന്നോ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് പകരം വെക്കാനാകുന്നതാണെന്നോ ആരും വാദിക്കാനിടയില്ല. ഒട്ടേറെ പരിമിതികളും പരാധീനതകളും അവയെ അധോഗതിയില്‍ തന്നെ തളച്ചിടുന്നുണ്ട്. ലഖ്നോവിലെയും ദയൂബന്തിലെയും ബറേലിയിലെയും കേള്‍വി കേട്ട ഉന്നത മതപഠന കേന്ദ്രങ്ങള്‍ തന്നെ പഴയ പ്രതാപൈശ്വര്യങ്ങളുടെ നിഴല്‍ രൂപമാണിന്ന്. മുസ്ലിംകളിലെ മധ്യവര്‍ഗം നിലവാരമുള്ള സ്‌കൂളുകളെയും മദ്റസാ ട്യൂഷനെയും ആശ്രയിക്കുമ്പോള്‍ ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട പാവങ്ങള്‍ക്ക് വെളിച്ചം പകരാന്‍ നൂതനമോ ശാസ്ത്രീയമോ ആയ സംവിധാനങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. തിളങ്ങുന്ന യൂനിഫോമണിഞ്ഞ് പണക്കാരുടെ മക്കള്‍ സ്‌കൂള്‍ വണ്ടിയില്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ സാധാരണക്കാരന്റെ മക്കള്‍ പൊട്ടിപ്പൊളിഞ്ഞ മദ്റസ ലക്ഷ്യമിട്ട് എതിര്‍ദിശയിലേക്ക് നടന്നുനീങ്ങുന്ന ദയാര്‍ഹമായ കാഴ്ചക്ക് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
പരേതയായ ഇന്ദിരാ ഗാന്ധി മരിക്കുന്നതു വരെ തിരഞ്ഞെടുപ്പ് കാലത്ത് പൊക്കിപ്പിടിച്ചു നടന്ന ഒരു രേഖയുണ്ടായിരുന്നു: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള 15 ഇന പരിപാടി. അതില്‍ കാര്യമായി പറഞ്ഞിരുന്നത് മദ്റസകളുടെ ശാക്തീകരണമായിരുന്നു. ഇന്നേവരെ ഒരു കോണ്‍ഗ്രസ്സ് സര്‍ക്കാറും ഒന്നും ചെയ്തില്ല. ബി ജെ പി ഭരിക്കാന്‍ തുടങ്ങിയതോടെ, ഗുണകരമായി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴമയുള്ള മദ്റസാ കെട്ടിടങ്ങള്‍ പോലും അത് വഖ്ഫ് സ്വത്താണെന്നറിയാമായിരുന്നിട്ടും അനധികൃതം എന്ന് മുദ്ര ചാര്‍ത്തി ബുള്‍ഡോസറിന് ഇരയാക്കുന്ന ഭീകര കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അതിനിടയിലാണ് മദ്റസകളെ ഈ മണ്ണില്‍ നിന്ന് പിഴുതെറിഞ്ഞ് ഒരു നാഗരികതയുടെ അവസാന തുടിപ്പും തുടച്ചുമാറ്റണമെന്ന ദുര്‍വാശിയോടെ ആര്‍ എസ് എസ് കുല്‍സിത പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കേരളം ഈ ദിശയില്‍ കൈവരിച്ച വിസ്മയാവഹമായ മുന്നേറ്റം അംഗീകരിക്കാന്‍ മാനസിക പക്വത ഇല്ലാത്തതിനാലാണ്, സര്‍ക്കാറില്‍ നിന്ന് ചില്ലിക്കാശ് കൈപറ്റാതെയാണ് ഇവിടുത്തെ പതിനായിരക്കണക്കിന് മദ്റസകള്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന ഔദ്യോഗിക ഭാഷ്യം പോലും പച്ചക്കള്ളമെന്ന് പറഞ്ഞ് തള്ളാന്‍ പ്രിയങ്ക് കനൂംഗോ മുന്നോട്ടുവന്നത്. മദ്റസകള്‍ക്കെതിരായ ഇപ്പോഴത്തെ നീക്കത്തെ കേവലമൊരു മുസ്ലിം പ്രശ്നമായി ചുരുക്കിക്കെട്ടാതെ, മതേതര വ്യവസ്ഥക്കും അത് ഉദ്ഘോഷിക്കുന്ന ഭരണഘടനക്കും എതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയായി അവതരിപ്പിച്ചാകണം പ്രതിരോധം തീര്‍ക്കാന്‍. അന്യവത്കരണത്തിന്റെ രീതിശാസ്ത്രത്തിന് ഉപയോഗിക്കുന്ന പദാവലികളും മിത്തുകളും വ്യാജസിദ്ധാന്തങ്ങളും എത്ര ഭീകരവും ഞെട്ടിക്കുന്നതുമാണെന്ന് സ്ലോമോ സാന്‍ഡ്, ‘ജൂത ജനതയുടെ കണ്ടുപിടിത്തം’ എന്ന പുസ്തകത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്്ത്രം ഫാസിസത്തിന്റെയും നാസിസത്തിന്റെയും മാത്രമല്ല, സയണിസത്തിന്റെയും സഹപാഠിയാണെന്ന് ആരും മറക്കണ്ട.