Connect with us

Kerala

'കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നതെന്തിനാണ്?'; നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തില്‍ പ്രതികരിച്ച് ചീഫ് സെക്രട്ടറി

നിറത്തിന്റെ പേരില്‍ കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു

Published

|

Last Updated

തിരുവനന്തപുരം |  നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദയുടെ വെളിപ്പെടുത്തല്‍. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഈ താരതമ്യം നേരിടേണ്ടിവരുന്നു. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
കുറിപ്പിന് പിറകെ വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ശാരദ മുരളീധരന് ലഭിക്കുന്നത്.വര്‍ണ്ണ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. പിന്നാലെ ഇന്നലെ രാത്രിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്

തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ശാരദാ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിറത്തിന്റെ പേരില്‍ കഴിഞ്ഞ ഏഴ് മാസം മുഴുവന്‍ എന്റെ മുന്‍ഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയില്‍ കറുത്ത നിറമുള്ള ഒരാള്‍ എന്ന് മുദ്ര ചാര്‍ത്തപ്പെടുന്നതിനെപ്പറ്റിയാണിത്. കറുപ്പെന്നാല്‍ കറുപ്പ് എന്ന മട്ടില്‍. നിറമെന്ന നിലയില്‍ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം മോശവുമായ, ഉഗ്രമായ സ്വാച്ഛാധിപത്യത്തിന്റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാര്‍ത്തല്‍.

പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്. കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സര്‍വ്വവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാന്‍ കഴിവുള്ള കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊര്‍ജത്തിന്റെ തുടിപ്പ്.

നാലുവയസുള്ളപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. എനിക്ക് നല്ല നിറമൊന്നുമില്ല എന്ന ആഖ്യാനത്തില്‍ 50 വര്‍ഷത്തിലേറെയായി ഞാന്‍ ജീവിച്ചു. ആ ആഖ്യാനത്തില്‍ സ്വാധീനക്കപ്പെട്ടും പോയിരുന്നു. കറുപ്പില്‍ ഞാന്‍ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്.

കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അടിപൊളിയാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്. ആ കറുപ്പ് അതിമനോഹരമാണ്.

 

Latest