Articles
എന്തുകൊണ്ട് കോണ്‍ഗ്രസ്സ് തോല്‍ക്കുന്നു?
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ബ്ലോക്ക് തലം തൊട്ട് എ ഐ സി സി വരെ മാറ്റം വേണമെന്ന് പ്രസിഡന്റ് ഖാര്‍ഗെ ആവശ്യപ്പെടുകയുണ്ടായി. വൈകിയുണ്ടായ ഈ തോന്നല്‍ എല്ലാ നേതാക്കളും ഉള്‍ക്കൊള്ളുമെങ്കില്‍ കോണ്‍ഗ്രസ്സിന് രക്ഷപ്പെടാനാകും.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം തുടര്‍ന്നു നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന് ലഭിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും? ജമ്മു കശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രകടമായത് കോണ്‍ഗ്രസ്സിന്റെ ശക്തിക്ഷയമായിരുന്നു. ‘ഇന്ത്യ’ മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് ബി ജെ പിയെ തടഞ്ഞു നിര്‍ത്തുകയുണ്ടായി. ഈ വിജയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും പ്രതീക്ഷ വെച്ചുപുലര്‍ത്തിയതും കോണ്‍ഗ്രസ്സായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നത് ജൂണിലാണ്. എന്നാല്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രതീക്ഷ പൂര്‍ണമായും തകര്‍ന്നടിഞ്ഞു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളിലേക്കും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളിലേക്കും ചുരുങ്ങിയ കോണ്‍ഗ്രസ്സ് ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടിയത് പാര്‍ട്ടിയുടെ തിരിച്ചുവരവായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ കടന്നാക്രമണവും വിജയത്തിനു വഴിയൊരുക്കി. വിഭാഗീയത, ഭരണഘടന, സംവരണം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത് വഴി ബി ജെ പിയെയും സഖ്യകക്ഷിയായ എന്‍ ഡി എയെയും സമ്മര്‍ദത്തിലാക്കാന്‍ ഒരു പരിധി വരെ കോണ്‍ഗ്രസ്സിന് സാധിച്ചിരുന്നു.
എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കാതെ പോയി. വിജയം ഉറപ്പിച്ച ഹരിയാനയില്‍ ദയനീയമായി പരാജയപ്പെട്ടു. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സ് അതേ കഥ ആവര്‍ത്തിച്ചു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ കനിവില്‍ 2019ല്‍ തനിച്ചു നേടിയ 16 സീറ്റ് ഇത്തവണ കോണ്‍ഗ്രസ്സിന് ഝാര്‍ഖണ്ഡില്‍ നില നിര്‍ത്താനായി. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 38 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് ജയിച്ചത് ആറിടത്താണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കണ്ട് ആവേശത്തിലായിരുന്ന കോണ്‍ഗ്രസ്സിന് അതിനു ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഈ പരാജയത്തില്‍ നിന്നെങ്കിലും ഉത്തരം കണ്ടെത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാകേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിലും വോട്ടിംഗ് യന്ത്രത്തിലും കുറ്റം ചാര്‍ത്തുന്ന കോണ്‍ഗ്രസ്സ് സ്വന്തം വീഴ്ചയും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
മഹാരാഷ്ട്രയില്‍ ബി ജെ പി, ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ), അജിത് പവാറിന്റെ എന്‍ സി പി ചേര്‍ന്ന മഹായുതി സഖ്യവും പ്രതിപക്ഷമായ ശിവസേന (ഉദ്ധവ്), കോണ്‍ഗ്രസ്സ്, എന്‍ സി പി (പവാര്‍) എന്നിവര്‍ ചേര്‍ന്ന മഹാവികാസ് അഘാഡിയും തമ്മിലായിരുന്നു മത്സരം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില എക്‌സിറ്റ് പോളുകള്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള മഹായുതിയുടെ വിജയം പ്രവചിച്ചപ്പോള്‍ മറ്റു ചില എക്‌സിറ്റ് പോളുകള്‍ മഹാവികാസ് അഘാഡിക്ക് അനുകൂലമായിരുന്നു. എന്നാല്‍ അന്തിമഫലം മഹായുതിയെ പോലും ഞെട്ടിക്കും വിധമായിരുന്നു. സഖ്യം നാലില്‍ മൂന്ന് സീറ്റ് നേടി ചരിത്രം സൃഷ്ടിച്ചു. 288ല്‍ 235 സീറ്റുകള്‍. പ്രതിപക്ഷമായ മഹാവികാസ് അഘാഡിക്ക് ലഭിച്ചത് വെറും 49 സീറ്റുകളാണ്. ഒരു ദശകം മുമ്പ് വരെ കോണ്‍ഗ്രസ്സിന്റെ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ ഇത്തവണ ലഭിച്ചത് 16 സീറ്റുകള്‍. നിയമസഭാ തിരഞ്ഞെടുപ്പാണെന്ന കാര്യം വിസ്മരിച്ചു കൊണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലുയര്‍ത്തിയ വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതിലായിരുന്നു നേതാക്കളുടെ ശ്രദ്ധ. പ്രാദേശിക വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ പിറകോട്ടു പോയി.
സാധാരണ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ നേരിടാറുള്ളത് പ്രവര്‍ത്തകരെയും അനുഭവ സമ്പത്തുള്ള നേതാക്കളെയും ആശ്രയിച്ചായിരുന്നു. എന്നാല്‍ നിലവില്‍ ചില പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെന്നു വിശേഷിപ്പിക്കപ്പെടുന്നവരെ ഉപയോഗപ്പെടുത്തിയാണ്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞരെ കൂടുതലായി ആശ്രയിക്കുന്നത് കോണ്‍ഗ്രസ്സാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ സേവനം ഉപയോഗപ്പെടുത്തുകയുണ്ടായി. കര്‍ണാടക, തെലങ്കാന സംസ്ഥാന തിരഞ്ഞെടുപ്പ് വിജയത്തിനു സുനില്‍ കനുഗോലുവിന്റെ സേവനം കോണ്‍ഗ്രസ്സിന് തുണയായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ മിടുക്ക് കൊണ്ട് മാത്രം പാര്‍ട്ടിക്ക് ജയിക്കാനാകില്ല എന്നാണ് ഹരിയാനയും മഹാരാഷ്ട്രയും കോണ്‍ഗ്രസ്സിനു നല്‍കുന്ന പാഠം. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത് സുനില്‍ കനുഗോലുവായിരുന്നു. പാര്‍ട്ടി യോഗത്തില്‍ കനുഗോലുവിന്റെ യോഗ്യതയില്‍ സംശയം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവിനെ രാഹുല്‍ ഗാന്ധി യോഗത്തില്‍ വെച്ച് കുറ്റപ്പെടുത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലും ടിക്കറ്റ് വിതരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി. സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നതിലും താഴെത്തട്ടിലെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിലും പാര്‍ട്ടി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ബ്ലോക്ക് തലം തൊട്ട് എ ഐ സി സി വരെ മാറ്റം വേണമെന്ന് പ്രസിഡന്റ് ഖാര്‍ഗെ ആവശ്യപ്പെടുകയുണ്ടായി. വൈകിയുണ്ടായ ഈ തോന്നല്‍ എല്ലാ നേതാക്കളും ഉള്‍ക്കൊള്ളുമെങ്കില്‍ കോണ്‍ഗ്രസ്സിന് രക്ഷപ്പെടാനാകും. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ ഹിന്ദുക്കള്‍ കശാപ്പ് ചെയ്യപ്പെടും എന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെയും വോട്ട് ജിഹാദെന്ന ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെയും വിഷലിപ്തമായ പ്രചാരണങ്ങളെ കോണ്‍ഗ്രസ്സും സഖ്യ കക്ഷികളും ഗൗരവമായി കാണാതിരുന്നതും കോണ്‍ഗ്രസ്സിന്റെ വോട്ട് ചോര്‍ച്ചക്കു കാരണമായി. മഹാവികാസ് അഘാഡി നേതാക്കള്‍ക്കിടയിലും ഐക്യമുണ്ടായിരുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ നാനാ പട്ടോളും എന്‍ സി പി നേതാവ് ശരദ് പവാറും തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നടത്തിയ പ്രസ്താവനകള്‍ വ്യത്യസ്ത സ്വരങ്ങളിലായിരുന്നു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ഈ ഭിന്നത ഗൗരവമായി കണ്ടതുമില്ല.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റം, ആദിവാസികളുടെ ഭൂമി മുസ്ലിംകള്‍ തട്ടിയെടുക്കുന്നു എന്നു തുടങ്ങി പഴകിപ്പുളിച്ച ലവ് ജിഹാദ് വരെ ആവര്‍ത്തിച്ചിട്ടും ഝാര്‍ഖണ്ഡിലെ ജനത ബി ജെ പിയെ പ്രതിപക്ഷത്തു തന്നെ ഇരുത്തുകയാണുണ്ടായത്. ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച മിന്നും വിജയം കാഴ്ചവെച്ചപ്പോള്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഒരു സീറ്റ് പോലും അധികം നേടാന്‍ കോണ്‍ഗ്രസ്സിനു സാധിച്ചില്ല. ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ഝാര്‍ഖണ്ഡില്‍ ആ വിഭാഗത്തില്‍ നിന്ന് ഒരു നേതാവിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ്സിന് ഇതേവരെ സാധിച്ചിട്ടില്ല. അര്‍ജുന്‍ മുണ്ട, ബാബുലാല്‍ മറാണ്ടി തുടങ്ങിയ ഗോത്രവര്‍ഗ നേതാക്കളെ ബി ജെ പി മുഖ്യമന്ത്രിമാരാക്കിയപ്പോള്‍ ആദിവാസി വിഭാഗത്തില്‍ നിന്നുയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ്സിന് ഒരു നേതാവ് പോലുമില്ല. മാത്രമല്ല ഇവിടുത്തെ പ്രാദേശിക നേതൃത്വവും ദുര്‍ബലമാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ജമ്മു കശ്മീര്‍, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വീഴ്ചകളെ കുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും ഝാര്‍ഖണ്ഡിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്. സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് ഹേമന്ത് സോറന്റെ കനിവില്‍ ഭരണപക്ഷത്താണെന്ന് നേതൃത്വം ആശ്വസിക്കുന്നുണ്ടാകാം. ഫാറൂഖ് അബ്ദുല്ലയുടെയും മകന്‍ ഉമര്‍ അബ്ദുല്ലയുടെയും തണലുള്ളതു കൊണ്ട് ജമ്മു കശ്മീരിലെ കോണ്‍ഗ്രസ്സിനും ഇതു പോലെ താത്കാലിക ആശ്വാസം കൊള്ളാം. ഭരണവിരുദ്ധ വികാരവും കര്‍ഷകരുടെയും ഗുസ്തി താരങ്ങളുടെയും പിന്തുണയുമുണ്ടായിട്ടും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെടുകയായിരുന്നു. മൂന്നാം തവണയും ബി ജെ പി ഹരിയാനയില്‍ അധികാരത്തിലെത്തിയത് തനിച്ചു മത്സരിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ തീരുമാനം കാരണമായിരുന്നു. ഹൂഡയും സെല്‍ജയും തമ്മിലുണ്ടായ ആഭ്യന്തര പോരും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അവിടെയും കണ്ണടക്കുകയായിരുന്നു.