Articles
സൂയസിന് ബദലായി ഇസ്‌റാഈല്‍ കനാല്‍ നിര്‍മ്മിക്കുന്നതെന്തിന്
ചരക്ക് കപ്പലുകള്‍ക്ക് ചെങ്കടലിലൂടെ അറബിക്കടലിലേക്കും അതിനപ്പുറത്തേക്കും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഗള്‍ഫ് ഓഫ് അഖബ.
ഗസ്സയില്‍ ആക്രമണങ്ങള്‍ തുടരുന്നിനിടെ സൂയസിന് ബദലായി ഇസ്‌റാഈല്‍ കനാല്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ട്. പുതിയ കനാലിന് ബെന്‍ ഗുറിയോണ്‍ കനാല്‍ എന്ന് പേരിടും എന്നാണ് വാര്‍ത്തകള്‍. സൂയസ് കനാലിന് പകരമായി ഈ കനാല്‍ മെഡിറ്ററേനിയന്‍ കടലിനെ അറബിക്കടലുമായി ബന്ധിപ്പിക്കും. യുദ്ധനിയമങ്ങള്‍ പോലും പാലിക്കാതെയുള്ള 15 മാസത്തെ കിരാതമായ ആക്രമണങ്ങളാണ് ഇസ്‌റാഈലിനെയും ഫലസ്തീനേയും മാത്രമല്ല, ലോകരാഷ്ട്രങ്ങളെ തന്നെ രണ്ടു ചേരിയായി നിര്‍ത്തിയിരിക്കുന്നതായാണ് വിവിധ പ്രതികരണങ്ങളിലൂടെ പ്രകടമാകുന്നത്.
ഈ സമരം അമേരിക്കയും അതിന്റെ എതിരാളികളും, പ്രത്യേകിച്ച് ചൈനയും തമ്മിലുള്ള ആഗോള ഭൗമ-സാമ്പത്തിക യുദ്ധം കൂടിയായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സഹായത്തോടെ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത ഒരു ബദല്‍ കനാല്‍ സൃഷ്ടിക്കാന്‍ ഇസ്‌റാഈല്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ ബെന്‍ ഗുറിയോണ്‍ പുതിയ ആശയമല്ല. ഇങ്ങനെയൊരു കനാലിന്റെ ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1963 ലാണ്. 260 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഒരു കൃത്രിമ ജലപാത നെഗേവ് മരുഭൂമിയിലൂടെ കടന്നുപോകുന്നു. ഇത് മെഡിറ്ററേനിയന്‍ കടലിനെ അക്കാബ ഉള്‍ക്കടലിലേക്കും ചെങ്കടലിലേക്കും ബന്ധിപ്പിക്കുന്നു. ഇത് അന്നത്തെ ആശയമാണ്. കനാലിന്റെ നിര്‍ദ്ദിഷ്ട റൂട്ട് മാപ്പില്‍ സെന്‍ട്രല്‍ ഗാസ മുനമ്പും ഉള്‍പ്പെട്ടിട്ടുണ്ട്. ഗസ്സയില്‍ നിന്ന് തുടങ്ങി അഖബ ഉള്‍ക്കടലില്‍ ചേരുന്ന തരത്തിലാണ് ഇതിന്റെ പ്ലാന്‍. ചരക്ക് കപ്പലുകള്‍ക്ക് ചെങ്കടലിലൂടെ അറബിക്കടലിലേക്കും അതിനപ്പുറത്തേക്കും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്ഥലമാണ് ഗള്‍ഫ് ഓഫ് അഖബ. കനാലിന്റെ ഒരറ്റത്ത് ഈജിപ്തും മറ്റേ അറ്റത്ത് സഊദി അറേബ്യയുമാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.
വലിയ കപ്പലുകളെ ഉള്‍ക്കൊള്ളാന്‍ 50 മീറ്റര്‍ ആഴവും 200 മീറ്റര്‍ വീതിയുമുള്ള രണ്ട് പാതകള്‍ പദ്ധതി വിഭാവനം ചെയ്യുന്നു. ബെന്‍ ഗുറിയോണുമായി താരതമ്യപ്പെടുത്തുമ്പോള്‍, സൂയസ് കനാലിന് ഒരു പാത മാത്രമേയുള്ളൂ. അതായത് കനാലിലെ തിരക്ക് ഗണ്യമായ കാലതാമസത്തിന് കാരണമാകും. 2021-ല്‍, എവര്‍ ഗിവന്‍ കണ്ടെയ്നര്‍ കപ്പല്‍ കുടുങ്ങിപ്പോയതിനാല്‍ 9.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ ആറ് ദിവസത്തേക്ക് കനാലില്‍ കുടുങ്ങിപ്പോയിരുന്നു. അതിനാല്‍, ഇസ്‌റാഈലിലെ നിര്‍ദിഷ്ട ജലപാതയില്‍ തിരക്കുകള്‍ ഒഴിവാക്കാനുള അസാധാരണമായ സംവിധാനങ്ങള്‍ ഒരുക്കിയായിരിക്കും നിര്‍മ്മാണം. അതിനുള്ള ‘ആണവ ഉത്ഖനന’ പദ്ധതിയുടെ ഭാഗമായി 520 മെഗാടണ്‍ വീതമുള്ള രണ്ട് ന്യൂക്ലിയര്‍ ബോംബുകള്‍ ഉപയോഗിക്കും എന്നാണ് വാര്‍ത്തകള്‍. ഒരു ജിഗാ ടണ്‍ ന്യൂക്ലിയര്‍ ഇതിനായി ഉപയോഗിക്കും.
എന്നാല്‍ ബെന്‍ ഗുറിയോണ്‍ കനാല്‍ നിര്‍മ്മാണവും നടത്തിപ്പും അത്ര എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പദ്ധതിയില്‍ ഇസ്‌റാഈല്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പദ്ധതിയിലെ ഏറ്റവും വലിയ തടസ്സം അതിന്റെ നിര്‍മ്മാണച്ചെലവ് തന്നെ. ഇരട്ടപ്പാതകള്‍ക്കായി വേണ്ടത് വന്‍ ബജറ്റ് തന്നെയാണ്. കനാലിന്റെ നിര്‍മ്മാണത്തിന് കോടിക്കണക്കിന് ഡോളര്‍ ചിലവ് വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ഇസ്‌റാഈലിന് മാത്രം നിര്‍മ്മിക്കുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, സുരക്ഷാ ആശങ്കകളും പ്രധാനമായിട്ടുണ്ട്. കനാലിന്റെ ഒരറ്റം ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന് സമീപമാണ്. അവര്‍ക്ക് വിലകുറഞ്ഞ ഡ്രോണുകള്‍ ഉപയോഗിച്ച് കപ്പലുകളെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയും. അതുപോലെ, ഗാസയിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് തുടങ്ങിയ ഗ്രൂപ്പുകള്‍ കനാലിന്റെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്നും ഭയമുണ്ട്.
എന്നാല്‍ ഇതിലൂടെ ഇസ്‌റാഈലിനുള്ള നേട്ടങ്ങളും നിസ്സാരമല്ല. ബെന്‍ ഗുറിയോണ്‍ കനാലിലൂടെ ഇസ്‌റാഈലിനും അമേരിക്കയ്ക്കും ദീര്‍ഘകാലത്തേക്ക് തന്ത്രപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ പന്ത്രണ്ട് ശതമാനത്തിന്റെ ഒരു പങ്ക് ഇരു രാജ്യങ്ങള്‍ക്കും പിടിച്ചെടുക്കാനും സയണിസ്റ്റ് സഖ്യത്തിലെ പങ്കാളികള്‍ക്കും മറ്റ് സഖ്യകക്ഷികള്‍ക്കും കുറഞ്ഞ നിരക്കില്‍ ചരക്ക് ഗതാഗതം വാഗ്ദാനം ചെയ്യാനും കഴിയുമെന്നതാണ് ഒരു കാര്യം. സൂയസിലെ പ്രധാന എതിരാളിയായ ചൈനക്കെതിരെ ഒരു പ്രതിരോധവും ഇതിലൂടെ സയണിസ്റ്റ് സഖ്യം ലക്ഷ്യമിടുന്നുണ്ട്. കനാലിന്റെ പേരിലും ഇസ്‌റാഈല്‍ അനുകൂലികളും സയണിസ്റ്റ് വിരുദ്ധരും രണ്ടു ചേരിയിലാകുമെന്നാണ് സൂചന.