National
ഗവര്‍ണര്‍ക്കെതിരെ എന്തുകൊണ്ട് കേസില്ല; മനീഷ് സിസോദിയ അറസ്റ്റില്‍ എഎപി നേതാവ്
മദ്യനയ അഴിമതി കേസ് വന്നപ്പോള്‍ ആദ്യം വിരല്‍ ചൂണ്ടിയത് ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണറിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി| മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്. സിബിഐ എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
2021-22-ലെ മദ്യനയത്തിന് അംഗീകാരം നല്‍കിയ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയ്ക്കെതിരെ എന്തുകൊണ്ടാണ് എഫ്ഐആര്‍ ഇല്ലാത്തതെന്ന് സിംഗ് ചോദിച്ചു. ഒപ്പം ഞങ്ങളുടെ അഭിഭാഷകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് സിബിഐക്ക് ഉത്തരമില്ലെന്നും മനീഷ് സിസോദിയയുടെ ഓഫീസ് റെയ്ഡ് ചെയ്തിട്ട് ഒന്നും കണ്ടെത്തിയില്ലെന്നും സിംഗ് പറഞ്ഞു. മദ്യനയ അഴിമതി കേസ് വന്നപ്പോള്‍ ആദ്യം വിരല്‍ ചൂണ്ടിയത് ബിജെപി നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണറിലേക്കാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ നേരത്തെ രണ്ട് തവണ എക്സൈസ് പോളിസി അന്വേഷണത്തിന്റെ ഭാഗമായുളള ചോദ്യം ചെയ്യലിനിടെ തൃപ്തികരമായ ഉത്തരം നല്‍കാന്‍ സിസോദിയക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി കോടതിയിലെ ഒരു ട്രയല്‍ ജഡ്ജി പറഞ്ഞു.
ഒപ്പം തന്റെ അറസ്റ്റിനെ സിസോദിയ ഇന്ന് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാദം സുപ്രീം കോടതിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് ദില്ലി ഹൈക്കോടതിയില്‍ പോയില്ലെന്ന് ചോദിച്ചു.
കേസ് ഇന്ന് ഉച്ചകഴിഞ്ഞ് 3.50ന് സുപ്രീം കോടതി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.