Connect with us

National

ഞങ്ങളുടെ മന്‍ കീ ബാത്ത് എന്തുകൊണ്ട് കേള്‍ക്കുന്നില്ല; പ്രധാനമന്ത്രിയോട് ഗുസ്തി താരങ്ങള്‍

.പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് താരങ്ങളുടെ ആവശ്യം.

Published

|

Last Updated

ന്യൂഡല്‍ഹി| തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ കണ്ട് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് താരങ്ങളുടെ ആവശ്യം.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിച്ചതിനെത്തുടര്‍ന്ന് താരങ്ങള്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ആറംഗ മേല്‍നോട്ട സമിതിയുടെ കണ്ടെത്തലുകള്‍ കായിക മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

എല്ലാവരുടെയും ‘ മന്‍ കി ബാത്ത് ‘ പ്രധാനമന്ത്രി കേള്‍ക്കുന്നു. പക്ഷേ അദ്ദേഹം ഞങ്ങളുടെ’മന്‍ കി ബാത്ത്’ മാത്രം കേള്‍ക്കുന്നില്ല. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുമ്പോള്‍ അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു. ഇനി ഞങ്ങള്‍ക്ക് പറയാനുള്ളത് അദ്ദേഹം കേള്‍ക്കണമെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.