National
ലൈംഗികാതിക്രമം; വിവരങ്ങള്‍ നല്‍കാന്‍ രാഹുല്‍ ഭയക്കുന്നതെന്തിനെന്ന് മന്ത്രി അനുരാഗ് താക്കൂര്‍
പാര്‍ലിമെന്റേറിയന്‍ എന്ന നിലയില്‍, ഇത്തരം സംഭവങ്ങള്‍ പോലീസിനെ അറിയിക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമായിരുന്നു.
ന്യൂഡല്‍ഹി| ലൈംഗികാതിക്രമത്തില്‍ നിന്നും അതിജീവിച്ച സ്ത്രീകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്തിനാണ് ഭയപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍തേടി ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് താക്കൂറിന്റെ പരാമര്‍ശം.
പാര്‍ലിമെന്റേറിയന്‍ എന്ന നിലയില്‍, ഇത്തരം സംഭവങ്ങള്‍ പോലീസിനെ അറിയിക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമായിരുന്നു. എന്തിനാണ് രാഹുല്‍ ഭയക്കുന്നതെന്നും സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ലേയെന്നും താക്കൂര്‍ ചോദിച്ചു.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 16 ന് രാഹുലിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. രാഹുല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയാല്‍ സ്ത്രീകള്‍ക്ക് അനുകൂലമായി നടപടിയെടുക്കാമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും താക്കൂര്‍ പറഞ്ഞു.