Connect with us

ആത്മായനം

നമ്മളെന്തിന് ടെൻഷനടിക്കണം?

സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത്, നക്ഷത്രങ്ങൾ അതിന്റെ രാശിയിൽ ചലിക്കുന്നത്, ഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥങ്ങളിലായി നീങ്ങുന്നത്, പ്രാപഞ്ചിക പ്രതിഭാസങ്ങൾ ക്രമാനുഗതമായി നിശ്ചയിച്ച പാതയിൽ സഞ്ചരിക്കുന്നത്, കുട്ടി മാതൃത്വം നുകരുന്നത് എല്ലാം ആ സ്നേഹവായ്പിനാലാണ്. വിശേഷിച്ച് ദൈവത്തെ അനുസരിക്കുന്നവർക്ക് സവിശേഷമായ സംരക്ഷണം നേരിട്ടനുഭവിക്കാൻ സാധിക്കും. അടിയുറച്ച വിശ്വാസം, പഴുതടച്ച ജീവിതം, അർപ്പണബോധം, ഇടമുറിയാത്ത ദൈവിക സ്മരണ എന്നിങ്ങനെ വിശ്വാസിയുടെ വിലാസത്തിന്റെ പൂർണതയിലേക്കെത്തുമ്പോൾ ഉത്കണ്ഠകൾ നമുക്ക് മുമ്പിലുണ്ടാവുകയേയില്ല.

Published

|

Last Updated

ണോത്സുകരായ പ്രതിപക്ഷം നബി(സ)യെ തപ്പിനടക്കുകയാണ്. രക്ഷപ്പെട്ട പഴുതന്വേഷിച്ച്, പോയ വഴിയന്വേഷിച്ച്, നാടു മുഴുക്കെ അരിച്ചുപെറുക്കുന്നുണ്ടവർ. ഒടുവിൽ അവരാ ഒളിസങ്കേതത്തിന്റെ പരിസരത്തെത്തി.

“ഇവർ നമ്മെ പിടികൂടുക തന്നെ ചെയ്യും, ശ്രമം വിഫലമായേക്കും’ ഗത്യന്തരമില്ലാതെ അബൂബക്കർ (റ) ഭയന്ന് വിറക്കുന്നു. അവിടുന്ന് ദയനീയമായി നബി (സ)യെ നോക്കി. സൗർ ഗിരിനിരയിൽ രണ്ടാൾക്ക് നിൽക്കാൻ പാകത്തിലൊരു ഗർത്തം. കഷ്ടിച്ച് നീണ്ടുനിവരാം, ഇഴ ജന്തുക്കളുടെ ആവാസ ഗഹ്വരം. അത്ര സുരക്ഷിതമായിരുന്നില്ല. ആ സമയത്ത് തിരുദൂതർ (സ) പറയുന്നൊരു വാചകമുണ്ട്: “ദുഃഖിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട്’ പരമകാരുണികന്റെ കരുതലാണത്. സൃഷ്ടിക്ക് സ്രഷ്ടാവിന്റെ തണലുണ്ടെന്ന ആശ്വാസം.

സൂര്യൻ കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നത്, നക്ഷത്രങ്ങൾ അതിന്റെ രാശിയിൽ ചലിക്കുന്നത്, ഗ്രഹങ്ങൾ കൃത്യമായ ഭ്രമണപഥങ്ങളിലായി നീങ്ങുന്നത്, പ്രാപഞ്ചിക പ്രതിഭാസങ്ങൾ ക്രമാനുഗതമായി നിശ്ചയിച്ച പാതയിൽ സഞ്ചരിക്കുന്നത്, കുട്ടി മാതൃത്വം നുകരുന്നത് എല്ലാം ആ സ്നേഹവായ്പിനാലാണ്. വിശേഷിച്ച് ദൈവത്തെ അനുസരിക്കുന്നവർക്ക് സവിശേഷമായ സംരക്ഷണം നേരിട്ടനുഭവിക്കാൻ സാധിക്കും.

പ്രവാചകൻ ലൂത്വിന്റെ(അ) സമുദായത്തെ ഓർക്കുക. അവരുടെ അശ്ലീല നടപടികൾ മാറ്റാൻ ലൂത്വ്(അ) ഏറെ ശ്രമിച്ചതാണ്. നിരാശയായിരുന്നു ഫലം. അവർ പിൻമാറാൻ കൂട്ടാക്കാത്തതോർത്ത് മനസ്സ് വേദനിച്ച ലൂത്വ് നബിയോട് “ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതില്ല’ എന്ന് അല്ലാഹു പറഞ്ഞത് ഖുർആനിലുണ്ട് (സൂറ: അൻകബൂത്ത് 33). മായാജാലക്കാരോട് വെല്ലുവിളിച്ച സന്ദർഭത്തിൽ ശത്രുപക്ഷത്തിന്റെ കയറും വടിയും പാമ്പായി പരിണമിക്കുന്ന കാഴ്ചകണ്ട് ഭയാശങ്കയോടെ നിന്ന മൂസാ നബി(അ)യോട് ഭയപ്പെടരുത് നീയാണ് ഏറ്റവും മികച്ചവൻ എന്ന് അല്ലാഹു പറഞ്ഞതും ഖുർആനിൽ കാണാം (ത്വാഹാ 68).

ഹാറൂൻ നബി (അ) യും മൂസാ നബി (അ) യും ദൈവകൽപ്പന പ്രകാരം ആദർശ നിലപാടുകൾ ബോധ്യപ്പെടുത്താൻ രാഷ്ട്രത്തലവനെ കാണാൻ പോകാനിരിക്കെ ഉയർത്തിയ ആശങ്ക നമുക്കറിയാം ( സൂറ: ത്വാഹാ 46). ശത്രുതയുടെ കൊടുമ്പിരിക്കാലത്ത് മുഹമ്മദ് നബി (സ) യോട് പറഞ്ഞതും മറ്റൊന്നല്ല (സൂറ: നഹ്ല് 128). “ദുഃഖിക്കരുത്’ എന്ന സാന്ത്വന വാക്ക് തന്നെയാണ് അപ്പോഴൊക്കെ ദൈവത്തിങ്കൽ നിന്ന് വന്നത്. പൗരാണിക നാഗരിക ചരിത്രങ്ങളുടെയൊക്കെ വിപ്ലവ ചിത്രങ്ങൾക്ക് ഊർജം നൽകിയത് ഈ കോഡ് തന്നെയാണ്. കരുതലും സുരക്ഷിതത്വവും കുറുക്കിയാറ്റിയ ഒരൊറ്റ വരി. പ്രബോധന പ്രവർത്തനങ്ങൾക്ക് ഇന്ധനമായത് ആ വരിയാണ്. അല്ലാഹു ഒപ്പമുണ്ടെന്ന ബോധ്യമാണ് അടിമയെ നയിക്കുന്നത്. കടലിരമ്പത്തിനും ശത്രുസേനക്കും മധ്യേ നിസ്സഹായരായ സമുദായത്തോട് മൂസാ നബി(അ) പറഞ്ഞത് ശ്രദ്ധേയമാണ്:
“ഇല്ല, എന്റെ നാഥൻ എന്റെ കൂടെത്തന്നെയുണ്ട്. അവൻ എനിക്ക് ഒരു മോചനമാർഗം കാണിച്ചുതരും.’

ചോരക്കൊതി, വൈര്യത്തിന്റെ പല്ലിറുമ്മൽ, പ്രക്ഷുബ്ധമായ കടൽ, ആളുന്ന തീ, ആട്ടലും തെറിയഭിഷേകവും, അരികുവത്കരണം, എല്ലാം അടഞ്ഞുപോയ സ്തംഭനങ്ങൾ തുടങ്ങി വൈതരണികളുടെ മുൾമൂർച്ചകൾക്കു മുമ്പിൽ ചരിത്രത്തിൽ കാണുന്ന താക്കോൽ വാക്ക് അതു മാത്രം. അതിന്റെ തീക്ഷ്‌ണത പൂർണതയോടെ ലഭ്യമാകുന്നത് അല്ലാഹുവിനെ അറിയുന്നവർക്ക് മാത്രമാണ്. അവന്റെ കാരുണ്യത്തെ പ്രതി ബോധ്യമുള്ളവരാണവർ. “പറയുക: അല്ലാഹുവാണ് അതിൽ നിന്നും മറ്റെല്ലാ പ്രതിസന്ധികളിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നത്’ (സൂറ: അൻആം 64) “ചോദിക്കുക: കരയിലെയും കടലിലെയും ഇരുട്ടുകളിൽ നിന്നു നിങ്ങളെ ആരാണ് രക്ഷിക്കുന്നത്? വിപത്തിൽ നിന്ന് ഞങ്ങളെ അവൻ രക്ഷിച്ചാൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരാകാമെന്ന് തായ്മയോടെയും രഹസ്യമായും നിങ്ങൾ പ്രാർഥിക്കുന്നു’ (സൂറ: അൻആം 63)

ഒടുങ്ങാത്ത കാരുണ്യ പ്രവാഹം

സഹൃദയരേ.. കാരുണ്യം എന്നത് അല്ലാഹുവിന്റെ അടിസ്ഥാനപരമായ വിശുദ്ധ ഗുണമാണ്. ഈ ഗുണത്തിന്റെ പ്രകാശനമാണ് അവന്റെ ഈശ്വരീയത. അതു കാരണമായാണ് പ്രപഞ്ചം അത്യധികം സുന്ദരമായി നിലകൊള്ളുന്നത്. പ്രപഞ്ചത്തിലെ ഓരോ അണുവിലും നിറഞ്ഞുനിൽക്കുന്നത് അപാരമായ കരുണയുടെ ചൈതന്യമാണ്. പ്രപഞ്ചം സുന്ദരമായി അനുഭവപ്പെടുന്നതും അതേ. ” ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതൊക്കെ ആരുടേതാണ്? പറയുക: അല്ലാഹുവിന്റേത് ! കാരുണ്യത്തെ ഒരു ബാധ്യതയായി അവൻ സ്വയം നിശ്ചയിച്ചിരിക്കുന്നു’ (സൂറ അൻആം: 12)

ആകാശത്തും ഭൂമിയിലുമുള്ള അഖിലത്തിന്റെയും നിലനിൽപ്പിന്റെ ആധാരം “റഹ്‌മത്ത്’ ആണ്. എല്ലാ വസ്തുക്കളും അല്ലാഹുവുമായി ബന്ധപ്പെട്ടു മാത്രമാണ് നിലനിൽക്കുന്നത്. സൃഷ്ടികൾക്ക് സ്വതന്ത്രമായ അസ്തിത്വം എന്നൊന്ന് അസംഭവ്യമാണ്. എല്ലാത്തിന്റെയും അസ്തിത്വത്തിന്റെ നിദാനം സദാ പ്രഭാസനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈശ്വര വിശേഷണമായ കാരുണ്യമാണ്. ഓരോ വസ്തുവിനും തങ്ങളുടെ നിലനിൽപ്പിനാവശ്യമായതെല്ലാം അപ്പപ്പോൾ ആ “റഹ്‌മാനിയ്യതി’ൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ താളപ്പൊരുത്തവും ക്രമവും അനുപാതവുമെല്ലാം വിളിച്ചറിയിക്കുന്നത് അല്ലാഹുവിന്റെ റഹ്‌മാനിയ്യത്തിനെയാണ്.

സംഹാര താണ്ഡവമാടുന്ന കൊടുങ്കാറ്റുകളും പാറകളെയും കോട്ടകളെയും കുംഭഗോപുരങ്ങളെയും പൊട്ടിപ്പിളർത്തുന്ന മിന്നൽ പിണറുകളും നഗരങ്ങളെയും ജനപദങ്ങളെയുമെല്ലാം തകർത്ത് കുലംകുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലുമെല്ലാം വാസ്തവത്തിൽ കാരുണ്യത്തിന്റെ പ്രഭാവനത്തിലെ സ്വാഭാവികമായ പ്രകമ്പനങ്ങൾ മാത്രമായേ ചിന്തിക്കുന്നവർക്ക് കണ്ടെത്താനാകൂ. “ചിന്തിച്ചുനോക്കൂ അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ് അവൻ നിങ്ങൾക്ക് കാട്ടിത്തരുന്ന മേഘ ജ്യോതിസ്സ്. ഭീതിക്കെന്ന പോലെ പ്രതീക്ഷക്കും അതിൽ കാരണമുണ്ട്. അതുപോലെ തന്നെയാണ് ആകാശത്തിൽ നിന്ന് നിങ്ങൾക്ക് മഴ ചൊരിഞ്ഞു തന്നുകൊണ്ട് ഭൂമിയെ അതിന്റെ മൃതാവസ്ഥക്കു ശേഷം അവൻ പുനരുജ്ജീവിപ്പിച്ചുതരുന്നതും. ചിന്താ ശേഷിയുള്ളവർക്ക് ഇതിലൊക്കെയും ദൃഷ്ടാന്തങ്ങളിരിക്കുന്നു'(സൂറ: റൂം 24)

അല്ലാഹുവിന്റെ റഹ്‌മാൻ എന്ന വിശേഷണത്തിന് റഹീം എന്നതിനേക്കാൾ കൂടുതലായുള്ള പ്രാധാന്യം ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് റഹ്‌മാൻ എന്നത് അല്ലാഹുവിന് മാത്രം ചേർത്തു പറയാവുന്ന വിശേഷണമാണ് എന്നതാണ്. എന്നാൽ റഹീം എന്ന വിശേഷണമാകട്ടെ സൃഷ്ടികളെക്കുറിച്ചും ഉപയോഗിക്കാറുണ്ട്. പ്രവാചകനെ കുറിച്ച് റഹീം എന്ന വിശേഷണം ഖുർആനിൽ തന്നെ കാണാം. അർറഹ്‌മാൻ എന്ന വിശേഷണം അർറഹീം എന്നതിനേക്കാൾ ബൃഹത്തായ ആശയം ഉൾക്കൊള്ളുന്നു (ബൈളാവി). അതിൽ അഞ്ച് അക്ഷരങ്ങളുണ്ട്.

റഹീമിൽ നാല് അക്ഷരങ്ങളേയുള്ളൂ. അല്ലാഹുവിൽ നിന്നുള്ള ഒരിക്കലും നിലയ്ക്കാത്ത കാരുണ്യത്തിന്റെ ഒഴുക്കിനെ റഹ്‌മാൻ എന്ന പദം വ്യഞ്ജിപ്പിക്കുന്നു. എന്നാൽ റഹീം എന്നത് സൂചിപ്പിക്കുന്നത് കാരുണ്യത്തിന്റെ ഗുപ്തമാനത്തെയാണ്. എല്ലാ സൗന്ദര്യത്തിന്റെ മടക്കസ്ഥാനവും എത്തിച്ചേരുന്ന ദിവ്യമായ സങ്കേതവും അന്തിമമായ അഭയവും എന്നൊ ക്കെയുള്ള ധ്വനികൾ റഹീമിലുണ്ട്. ഭൂമിയിൽ കാരുണ്യത്തിന്റെ താത്പര്യത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവർക്ക് പരലോകത്ത് കണ്ടെത്താൻ കഴിയുന്ന ഒന്നാണ് റഹീമിയത്ത്. ഭൂമിയിൽ കാരുണ്യമുൾക്കൊള്ളുക എന്നതിന് അദ്ധ്യാത്മിക പ്രാധാന്യത്തോടൊപ്പം അല്ലാഹുവിന്റെ റഹ്‌മാനിയ്യതിന്റെ ഉപാധികളായിത്തീരുക എന്ന സവിശേഷതയുമുണ്ട്. എല്ലാവർക്കും സുഖത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ലോകക്രമത്തിനു വേണ്ടിയുള്ള പരിശ്രമമാണ് നമ്മിൽ നിന്നുണ്ടാവേണ്ടത്.

അനാഥയെ ആട്ടി യകറ്റുന്നവരും അഗതിക്ക് ആഹാരം നൽകാൻ പ്രോത്സാഹിപ്പിക്കാത്തവരും മതനിഷേധികളാണെന്നാണ് വിശുദ്ധ സന്ദേശം.നന്മ പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു (ബഖറ: 195). പശ്ചാത്തപിക്കുകയും വിശുദ്ധി നേടുകയും ചെയ്യുന്ന ജനത്തെയാണ് അല്ലാഹു ഇഷ്ടപ്പടുന്നത് (ബഖറ: 222). അല്ലാഹു നീതിമാൻമാരെ സ്നേഹിക്കുന്നവനാണ് (മാഇദ 42). അല്ലാഹു സൂക്ഷ്മാലുക്കളെ ഇഷ്ടപ്പെടുന്നു (തൗബ 4). അല്ലാഹു സഹനശീലരെ തൃപ്തിപ്പെടുന്നു (ആലു ഇംറാൻ 146) എന്നിങ്ങനെ പറയുന്നതോടൊപ്പം അതിക്രമകാരികൾ, വഞ്ചകർ, അഹന്ത കാട്ടുന്നവർ, വീമ്പു പറയുന്നവർ, അശ്ലീലം പ്രചരിപ്പിക്കുന്നവർ, താൻപോരിമക്കാർ തുടങ്ങിയ പ്രശ്‌നക്കാരോടുള്ള പ്രതിഷേധവും ഇഷ്ടക്കേടും അവതരിക്കപ്പെട്ടിട്ടുണ്ട് ( ഉദാ: ബഖറ 190, നിസാഅ 36, 107, ഹജ്ജ് 38, ലുഖ്മാൻ 18, ഖസസ് 76, അൻആം 141, നഹ്ല് 23, ശൂറാ 40).

സത്യവിശ്വാസിയാവുക

സത്യവിശ്വാസിയുടെ പാതി പ്രതീക്ഷയുടേതാണ്. നിരാശയുടേതല്ല. ദുഃഖിച്ചു പരവശനാവാനല്ല അവന്റെ ജീവിതം. “നിങ്ങൾ ദുർബലരാകരുത്, ദുഃഖിക്കുകയുമരുത്. നിങ്ങൾതന്നെയാണ് അത്യുന്നതർ, നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ (ആലു ഇംറാൻ 139).

ദുഃഖിക്കാതിരിക്കുകയെന്നതാണ് യഥാർഥ വിശ്വാസിയുടെ സ്വഭാവം. മാനസികമായ തളർച്ചയും കർമ വിമൂഢമായ അവസ്ഥയുമാണ് ദുഃഖത്തിന്റെ പാർശ്വഫലം. ഹൃദയത്തിനതുകൊണ്ട് നേട്ടമല്ല ഉണ്ടാകുന്നത്. സങ്കടജീവിതം സംവിധാനിക്കൽ പൈശാചികതയുടെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. സ്വയം വഴിയടച്ചു പിണ്ഡംവെക്കുന്ന ഈ രീതി ഗുരുതരമാണ്. മൂന്നാളുള്ളപ്പോൾ രണ്ടാളുകൾ സ്വകാര്യം പറയുന്നത് പ്രവാചകൻ തടഞ്ഞത് അപരന് ദുഃഖമേൽക്കരുതെന്ന നിശ്ചയം ഉള്ളത് കൊണ്ടാണല്ലോ? സത്യവിശ്വാസി ഏതിനെയും തിളക്കമുള്ള ജീവിത പശ്ചാത്തലമാക്കും. ദുഃഖത്തിന്റെ മൂടുപടമിട്ടു മറച്ച ഹൃദയം അവനുണ്ടാകില്ല. നബി (സ) യുടെ നിരന്തരമായ പ്രാർഥന പോലും “അല്ലാഹുവേ, ആശങ്കയിൽ നിന്നും ദുഃഖത്തിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു’ എന്നായിരുന്നു. ഈമാൻ എന്ന പദം വിശ്വാസം എന്ന ആശയം ഉൾക്കൊള്ളുന്ന അതേ വ്യാപ്തിയിൽ സുരക്ഷിതത്വത്തേയും വഹിക്കുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് മനോരോഗികളിൽ മിക്കവരുടെയും അസുഖ കാരണം മതത്തിൽ നിന്നു കുതറിമാറാൻ അവർ നടത്തുന്ന ശ്രമമാണെന്ന് കാൾ യുങ് നിരീക്ഷിക്കുന്നുണ്ട്. അതിനാൽ, മതം നൽകുന്ന ആശ്വാസം അവർക്കു ലഭിക്കാതെപോയി. ശരിയായ ദൈവ വിശ്വാസമില്ലാത്തവരെ ചികിത്സിക്കാൻ കഴിയില്ലെന്നുകൂടി അദ്ദേഹം വ്യക്തമാക്കുന്നു (The Modern Man in Search of spirit P: 264).

ഖുർആൻ പറയുന്നത് ശ്രദ്ധിക്കൂ: “എന്റെ ഉദ്ബോധനം അവഗണിച്ച് ആര് പിന്തിരിയുന്നുവോ തീർച്ചയായും അവന് ഇടുങ്ങിയ ജീവിതമാണുള്ളത്. ഉയിർത്തെഴുന്നേൽപ്പുനാളിൽ അവനെ നാം അന്ധനായി എഴുന്നേൽപ്പിച്ചു കൊണ്ടുവരും (ത്വാഹ: 124). അടിയുറച്ച വിശ്വാസം, പഴുതടച്ച ജീവിതം, അർപ്പണബോധം, ഇടമുറിയാത്ത ദൈവിക സ്മരണ എന്നിങ്ങനെ വിശ്വാസിയുടെ വിലാ സത്തിന്റെ പൂർണതയിലേക്കെത്തുമ്പോൾ ഉത്കണ്ഠകൾ നമുക്ക് മുമ്പിലുണ്ടാവുകയേയില്ല.

Latest