Connect with us

editorial

ജുമുഅ ഖുതുബക്ക് വഖ്ഫ് ബോര്‍ഡ് അനുമതിയെന്തിന്?

വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും ദുരുപയോഗം തടയുകയുമാണ് വഖ്ഫ് ബോര്‍ഡിന്റെ ചുമതല. അതിനപ്പുറം പള്ളികളിലെ ആരാധനകള്‍ നിര്‍വഹിക്കേണ്ടതെങ്ങനെയെന്ന് നിര്‍ദേശം വെക്കാനോ ആരാധനാ കര്‍മങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവിറക്കാനോ വഖ്ഫ് ബോര്‍ഡിന് അധികാരമില്ല.

Published

|

Last Updated

ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് കത്തിവെക്കുന്ന നടപടിയാണ് ജുമുഅ ഖുതുബക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന ഛത്തീസ്ഗഢ് വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവ്. ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാളെ മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരും. സംസ്ഥാനത്തെ 3,800 പള്ളികള്‍ക്കും ഈ നിര്‍ദേശം അടങ്ങുന്ന സര്‍ക്കുലര്‍ അയച്ചതായി വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും ബി ജെ പി ന്യൂനപക്ഷ സെല്‍ മേധാവിയുമായ സലിംരാജ് വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ മുഴുവന്‍ പള്ളികളും.

വഖ്ഫ് ബോര്‍ഡിന്റെ അധികാര പരിധിക്ക് പുറത്തു വരുന്നതാണ് ഈ ഉത്തരവ്. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുകയും ദുരുപയോഗം തടയുകയുമാണ് വഖ്ഫ് ബോര്‍ഡിന്റെ ചുമതല. അതിനപ്പുറം പള്ളികളിലെ ആരാധനകള്‍ നിര്‍വഹിക്കേണ്ടതെങ്ങനെയെന്ന് നിര്‍ദേശം വെക്കാനോ ആരാധനാ കര്‍മങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ഉത്തരവിറക്കാനോ ഇസ്‌ലാമിക കലാലയങ്ങളില്‍ എന്ത് പഠിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കാനോ വഖ്ഫ് ബോര്‍ഡിന് അധികാരമില്ല. ജുമുഅ വേളയില്‍ രാഷ്ട്രീയ പ്രസംഗം നടത്തുന്നുവെന്ന പരാതിയാണ് ഛത്തീസ്ഗഢ് വഖ്ഫ് ബോര്‍ഡ് ഉത്തരവിന് കാരണമെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തന്നെ അത് നിരീക്ഷിക്കാന്‍ രാജ്യത്ത് നിയമപാലകരുണ്ട്. അവരാണ് അത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച്, നിയമവിരുദ്ധമായി വല്ലതും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുവെങ്കില്‍ നടപടി സ്വീകരിക്കേണ്ടത്. വഖ്ഫ് ബോര്‍ഡല്ല. തീര്‍ത്തും അധികാര ദുര്‍വിനിയോഗമാണ് ഛത്തീസ്ഗഢ് വഖ്ഫ് ബോര്‍ഡിന്റെ നടപടി.

തങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജോലികള്‍ തന്നെയുണ്ട് വഖ്ഫ് ബോര്‍ഡുകള്‍ക്ക് നിര്‍വഹിക്കാന്‍ ധാരാളം. രാജ്യത്തെ വഖ്ഫ് സ്വത്തുക്കളില്‍ ഭൂരിഭാഗവും അന്യാധീനപ്പെട്ടു കിടക്കുകയാണ്. 31,594 ഏക്കര്‍ വഖ്ഫ് ഭൂമി രാജ്യത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും കൈവശത്തിലാണെന്നാണ് ഒരു വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ 2020 ജൂലൈയില്‍ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ വെളിപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് നിയമസഭ സ്ഥിതി ചെയ്യുന്ന ലഖ്‌നോവിലെ “വിധാന്‍ ഭവന്‍’ വഖ്ഫ് ഭൂമിയിലാണ്. യു പിയിലെ ഏഴ് സര്‍ക്കാര്‍ ഓഫീസുകളുള്ളത് വഖ്ഫ് ഭൂമിയിലാണെന്നാണ് 2022 ജൂലൈ 22ന് ലോക്‌സഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയത്.

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിലുള്ള “വഖ്ഫ് അസ്സറ്റ് മാനേജ്‌മെന്റ്സിസ്റ്റം ഓഫ് ഇന്ത്യ’ (wafi) പുറത്തുവിട്ട കണക്കനുസരിച്ച് 57,171 വഖ്ഫ് സ്വത്തുക്കള്‍ മറ്റുള്ളവരുടെ പക്കല്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്. അതിലുപരി 4.35 ലക്ഷം സ്വത്തുക്കളെക്കുറിച്ച് തങ്ങള്‍ക്കൊരു വിവരവുമില്ലെന്ന് വഖ്ഫ് അസ്സറ്റ് മാനേജ്‌മെന്റ്സിസ്റ്റം ഓഫ് ഇന്ത്യ പറയുന്നു. ഛത്തീസ്ഗഢ് അടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലുമുണ്ട് പലരും അനധികൃതമായി കൈവശപ്പെടുത്തിയ വഖ്ഫ് സ്വത്തുക്കള്‍. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നതിനു പകരം അന്യാധീനപ്പെട്ട ഇത്തരം വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെടട്ടെ വഖ്ഫ് ബോര്‍ഡുകള്‍. മുസ്‌ലിം ആരാധനകളില്‍ കൈകടത്താനുള്ള ബി ജെ പി നിയന്ത്രിത വഖ്ഫ് ബോര്‍ഡിന്റെ നീക്കത്തിനെതിരെ മതേതര ഇന്ത്യ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

മോദി സര്‍ക്കാറിന്റെയും ബി ജെ പി ആധിപത്യത്തിലുള്ള സംസ്ഥാന ഭരണകൂടങ്ങളുടെയും കീഴില്‍ നടന്നു വരുന്ന മുസ്‌ലിംവിരുദ്ധ നീക്കങ്ങളുടെ ഭാഗമായി വേണം ഛത്തീസ്ഗഢ് വഖ്ഫ് ബോര്‍ഡിന്റെ പുതിയ ഉത്തരവിനെ കാണാന്‍. വഞ്ചനയിലൂടെയും അധികാരത്തിന്റെ ബലത്തിലും ബാബരി മസ്ജിദ് പിടിച്ചെടുത്ത് ക്ഷേത്രമാക്കിയതു മുതൽ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊല, മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കല്‍, മുസ്‌ലിംകളുടെ പൗരത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന പൗരത്വ നിയമ ഭേദഗതി, മദ്‌റസകള്‍ ഇടിച്ചു നിരപ്പാക്കല്‍, പര്‍ദക്കും മഫ്തക്കും വിലക്ക്, വഖ്ഫ് നിയമഭേദഗതി ബില്‍ തുടങ്ങിയ ഗൂഢ അജന്‍ഡകളുടെ തുടര്‍ച്ചയാണിതും.

ആരാധനകളുടെ നിര്‍വഹണം സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ നിയന്ത്രണത്തിലായിരിക്കണമെന്ന സ്ഥിതി വന്നു കഴിഞ്ഞാല്‍ എങ്ങനെയാണ് മുസ്‌ലിം സമുദായത്തിന് ആര്‍ട്ടിക്കിള്‍ 25-28 ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം ലഭിക്കുക? ആഗസ്റ്റ് എട്ടിന് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചതും പാര്‍ലിമെന്റ് ജോയിന്റ് സമിതിയുടെ പരിഗണനയിലുള്ളതുമായ വഖ്ഫ് ഭേദഗതി ബില്ല് നിയമമായാല്‍ എന്തായിരിക്കും ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളുടെ സ്ഥിതി? മുസ്‌ലിം സമുദായത്തിന് അപകടകരവും വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയാക്കുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് നിര്‍ദിഷ്ട ബില്ല്.

മുസ്‌ലിം സമുദായം നിയന്ത്രിക്കുന്ന വഖ്ഫ് ബോര്‍ഡുകളില്‍ നിന്നും ട്രൈബ്യൂണലുകളില്‍ നിന്നും വഖ്ഫ് സ്വത്തുക്കളെ നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കാനാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതനുസരിച്ച് ഒരു സ്വത്ത് വഖ്ഫാണോ അല്ലയോ എന്ന് തര്‍ക്കമുയര്‍ന്നാല്‍ പ്രശ്‌നപരിഹാരത്തിനുള്ള അധികാരം വഖ്ഫ് ട്രൈബ്യൂണലിനല്ല, കലക്ടര്‍ക്കാണ്. അദ്ദേഹമാണ് ഇത്‌സംബന്ധിച്ച് അന്വേഷണം നടത്തി തീരുമാനമെടുക്കുക. സംഘ്പരിവാറിനോട് ആഭിമുഖ്യമുള്ള കലക്ടർമാരാണെങ്കിൽ ഇതിന്റെ അനന്തരഫലം ഊഹിക്കാവുന്നതേയുള്ളൂ. ആര്‍ എസ് എസ് ബുദ്ധിയില്‍ ഉദയം കൊണ്ടതായിരിക്കണം ഈ വ്യവസ്ഥകള്‍.

രാജ്യത്ത് ഇക്കാലമത്രയും രൂപംകൊണ്ട വഖ്ഫ് നിയമങ്ങളെല്ലാം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും, ദുരുപയോഗവും കൈയേറ്റവും തടയലുമാണ് ലക്ഷ്യമാക്കിയിരുന്നതെങ്കില്‍, വഖ്ഫ് സ്വത്തുക്കള്‍ കൂടുതല്‍ അന്യാധീനപ്പെടാനും ഇതുവഴി മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ മുന്നേറ്റം തടയാനും ലക്ഷ്യം വെക്കുന്നതാണ് മോദി സര്‍ക്കാറിന്റെ പുതിയ വഖ്ഫ് ബില്ല്.

Latest