Connect with us

Editorial

കേരളത്തോട് എന്തിനീ വിരോധം?

ചേര്‍ന്നുനിന്നും ഒരുമിച്ചു നടന്നും മലയാളികള്‍ പടുത്തുയര്‍ത്തിയ സാമൂഹിക നിലയെ ആണ് ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു മന്ത്രി അധിക്ഷേപിക്കുന്നത്. കേരളം അഭിപ്രായഭേദങ്ങള്‍ മാറ്റിവെച്ച് ഒറ്റശബ്ദത്തില്‍ പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിത്.

Published

|

Last Updated

കേരളം ഇന്ത്യന്‍ യൂനിയനിലെ ഒരു സംസ്ഥാനമാണ്. അത് മറ്റൊരു രാജ്യമോ വേറൊരു ഭൂഖണ്ഡമോ അല്ല. മലയാളികള്‍ക്കും സംസ്ഥാന ഭരണകൂടത്തിനും അക്കാര്യം ബോധ്യമുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കും ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിക്കും ആ ചിന്തയുണ്ടോ? ഉണ്ടെങ്കില്‍ ഇങ്ങനെയാണോ കേരളത്തോട് പെരുമാറേണ്ടത്? കേന്ദ്ര സര്‍ക്കാറിന്റെ സംസ്ഥാനത്തോടുള്ള അവഗണനയുടെ കഥകള്‍ ഒന്നല്ല, ഒരുപാടുണ്ട്. അതിനെല്ലാം പുറമെയാണ് കേരളത്തെ കുറിച്ച് നിറംപിടിപ്പിച്ച നുണകള്‍ ഹിന്ദുത്വ പരിവാര്‍ കെട്ടഴിച്ചുവിടുന്നത്.

സമീപകാലത്ത് ഇറങ്ങിയ കേരള സ്റ്റോറി എന്ന സിനിമ നമ്മുടെ നാടിനെ താറടിക്കാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതായിരുന്നു. സുദീപ്തോ സെന്നിന്റെ ആ സിനിമയുടെ പ്രൊമോട്ടര്‍മാര്‍ സംഘ്പരിവാര്‍ ആയിരുന്നു. കേരളത്തില്‍ ഹിന്ദുക്കളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രചരിപ്പിക്കുന്ന ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇപ്പോഴും സജീവമാണ്! കേരളത്തെ അവര്‍ ഒരു മുസ്ലിം സ്റ്റേറ്റ് ആയാണ് കരുതുന്നത്. ജനസംഖ്യയിലെ അനുപാതമോ ശതമാനമോ പറഞ്ഞുകൊണ്ട് അവരെ തിരുത്താനാകില്ല. കേരളത്തില്‍ നിന്ന് തന്നെയാണ് അവര്‍ക്ക് പ്രധാന പിന്തുണ ലഭിക്കുന്നത്. അക്കാര്യത്തില്‍ സംഘ്പരിവാര്‍ ഒറ്റക്കല്ല, കാസ പോലുള്ള വര്‍ഗീയ ഗ്രൂപ്പുകളുമുണ്ട്. മലയാളികളെ ഒന്നാകെ നാണം കെടുത്തിയിട്ടായാലും ഹിന്ദുത്വ പ്രൊപഗാന്‍ഡ വിജയിക്കണമെന്നേയുള്ളൂ അവര്‍ക്ക്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി നേതാവും സംസ്ഥാന മന്ത്രിസഭാംഗവുമായ നിതേഷ് റാണെയാണ് ഇത്തവണ കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. ‘കേരളം മിനി പാകിസ്താനാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും അവിടെ നിന്ന് ജയിച്ചത്. അവര്‍ക്ക് വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എം പിമാരാകുന്നത്. കേരളത്തിലെ ഹൈന്ദവര്‍ 12,000 ഹിന്ദു പെണ്‍കുട്ടികളെയാണ് രക്ഷിച്ചത്. ഒരു സഹോദരിയെ രക്ഷിക്കാന്‍ എത്രത്തോളം ശ്രമം വേണ്ടിവരുമെന്ന് അറിയാം. എന്നിട്ടും അവര്‍ക്കതിന് കഴിഞ്ഞു. ഞങ്ങള്‍ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്’. ഇതായിരുന്നു ഞായറാഴ്ച പുണെയില്‍ മന്ത്രി നടത്തിയ പ്രസംഗത്തിലെ കേരളവിരുദ്ധ പരാമര്‍ശങ്ങള്‍. വിവാദ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ചയാളാണ് നിതേഷ് റാണെ. പക്ഷേ ഒരു സംസ്ഥാനത്ത് ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് മറ്റൊരു സംസ്ഥാനത്തെ ജനങ്ങളെയാകെ അപഹസിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനം മാത്രമല്ല, മന്ത്രി പദവി ഏറ്റെടുക്കുമ്പോള്‍ ചൊല്ലിയ പ്രതിജ്ഞയുടെ നിരാകരണം കൂടിയാണ്.

കേരള സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കാം, ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് നിശിതമായി തന്നെ വിയോജിക്കാം. അതെല്ലാം ഭരണഘടനാ ദത്തമായ അവകാശമാണ്. പക്ഷേ മഹാരാഷ്ട്ര മന്ത്രി ഇപ്പോള്‍ നടത്തിയ പ്രസ്താവന അങ്ങനെയുള്ളതല്ല. അദ്ദേഹം കേരളത്തെ പാകിസ്താനോട് ഉപമിച്ചു. ഏത് തലത്തിലാണ് കേരളവും പാകിസ്താനും സമാനമാകുന്നത് എന്ന് വിശദീകരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. മറ്റൊരു രാജ്യവുമായി താരതമ്യപ്പെടുത്തുന്നതിലെ രാഷ്ട്രീയ, നൈതിക പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ. കേരളം കൈവരിച്ച സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ നിലവാരത്തെ തത്തുല്യപ്പെടുത്താവുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന് ബി ജെ പി നേതാവിന് തോന്നുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധിശേഷിക്ക് കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുന്നു എന്ന് അനുമാനിക്കേണ്ടി വരും.

കേരളം ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും സംസ്ഥാനത്തെ ഹിന്ദുക്കളുടെ അവസ്ഥയെ കുറിച്ച് പറയാനാണ് ശ്രമിച്ചതെന്നും ഇന്നലെ നിതേഷ് റാണെ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഹിന്ദുക്കള്‍ അപകടത്തിലാണ് എന്ന സംഘ്പരിവാര്‍ പ്രചാരണത്തെ ശരിവെക്കുന്ന ന്യായീകരണമാണ് അദ്ദേഹം നടത്തിയത്. ഇവിടുത്തെ ഹിന്ദുക്കള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയാന്‍ കേരളത്തില്‍ വന്ന് സ്ഥിര താമസമാക്കേണ്ടതില്ല. ഒരൊറ്റനാള്‍ കേരളത്തില്‍ സഞ്ചരിച്ചാല്‍ മതി. മതത്തിന്റെ പേരില്‍ ഒരു ഹിന്ദുവും വിവേചനം നേരിടുന്നില്ല. സാമൂഹിക നീതിയില്‍ നിന്ന് ഒരു മതവിശ്വാസി സമൂഹവും പുറന്തള്ളപ്പെട്ടിട്ടില്ല. ജാതിഭേദങ്ങളില്ലാതെ മികച്ച ജീവിത നിലവാരം സൂക്ഷിക്കുന്ന ഒരു നാടിനെ നോക്കിയാണ് ഹിന്ദുക്കളുടെ അവസ്ഥയെ കുറിച്ച് മഹാരാഷ്ട്ര മന്ത്രി വിലപിക്കുന്നത്!

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല നിലകളില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. വിവിധ കാലങ്ങളില്‍ കേരളം ഭരിച്ച സര്‍ക്കാറുകള്‍ മാത്രമല്ല, രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ കൂടി ചേര്‍ന്നാണ് ആ മികവ് സാധ്യമാക്കിയത്. കനത്ത പ്രതിസന്ധിയുടെ നാളുകളില്‍ പോലും കേരളം തോറ്റുപോകാതിരുന്നത് അടിത്തട്ട് മനുഷ്യര്‍ക്കിടയില്‍ പോലും പ്രബലമായി നില്‍ക്കുന്ന സാമൂഹികത കാരണമാണ്. ചേര്‍ന്നുനിന്നും ഒരുമിച്ചു നടന്നും മലയാളികള്‍ പടുത്തുയര്‍ത്തിയ ആ സാമൂഹിക നിലയെ ആണ് ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു മന്ത്രി അധിക്ഷേപിക്കുന്നത്. കേരളം അഭിപ്രായഭേദങ്ങള്‍ മാറ്റിവെച്ച് ഒറ്റശബ്ദത്തില്‍ പ്രതിഷേധിക്കേണ്ട സന്ദര്‍ഭമാണിത്. കേരളത്തെ ‘അപരവത്കരിക്കാനുള്ള’ സംഘ്പരിവാര്‍ ഹിതം തന്നെയാണ് ആ പ്രസ്താവനയിലുള്ളത്. മലയാളികള്‍ അത് വകവെച്ചു നല്‍കരുത്.

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഭീകരരുടെ വോട്ട് വാങ്ങിയാണ് ജയിച്ചത് എന്നാണ് മന്ത്രിയുടെ പ്രസ്താവനയിലെ മറ്റൊരു ഭാഗം. ഇരുവരും മത്സരിച്ചു ജയിച്ചത് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ജനസംഖ്യാനുപാതികമായി ഹിന്ദുക്കളും മുസ്ലിംകളും തുല്യമാണ്. ക്രിസ്ത്യന്‍ വോട്ടുകളും കുറവല്ല. ആ മണ്ഡലത്തില്‍ നിന്ന് ജയിച്ചുപോകുന്നത് ഭീകരരുടെ വോട്ട് കൊണ്ടാണെന്ന് പറഞ്ഞാല്‍, മത്സര രംഗത്തുണ്ടായിരുന്ന ബി ജെ പിയുടെയും സഖ്യകക്ഷിയുടെയും സ്ഥാനാര്‍ഥികള്‍ക്ക് കൂടി ഭീകരരുടെ വോട്ട് കിട്ടിയിട്ടുണ്ടാകണം.

രാഹുലിനോടും പ്രിയങ്കയോടുമുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കേണ്ടത് ജനങ്ങള്‍ക്ക് മേല്‍ വര്‍ഗീയ ചാപ്പ അടിച്ചുകൊണ്ടാകരുത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സി പി എം നേതാവ് എ വിജയരാഘവനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മതേതര നേതാക്കളുടെ വിവേകമില്ലാത്ത പ്രസ്താവനകള്‍ ഏറ്റുപിടിക്കുന്നത് ഹിന്ദുത്വ വര്‍ഗീയ ശക്തികളാണ്. ആ തിരിച്ചറിവ് നേതാക്കള്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്.

 

Latest