Connect with us

Kerala

ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയതെന്തിന്; ഹൈക്കോടതി

താരങ്ങളും പരിശീലകരും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.

Published

|

Last Updated

കൊച്ചി| ഗോവയില്‍ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസില്‍ നിന്ന് വോളിബോള്‍ ഒഴിവാക്കിയതെന്തിനെന്ന് ഹൈക്കോടതി. താരങ്ങളും പരിശീലകരും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. വിഷയത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് നാളെ തന്നെ ഹരജി വീണ്ടും പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് ഇ മെയില്‍ വഴി നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, കേന്ദ്ര സര്‍ക്കാര്‍, അഡ്‌ഹോക് കമ്മിറ്റി, വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി. വോളിബോള്‍ ഫെഡറേഷനിലെ അധികാര തര്‍ക്കത്തെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റിയ്ക്ക് ടീമുകളെ തെരഞ്ഞെടുക്കാന്‍ സമയം ലഭിച്ചില്ലെന്ന് ചൂണ്ടാകാട്ടിയാണ് വോളിബോള്‍ ഒഴിവാക്കിയത്.

ഈ നടപടി വിവേചനപരവും താരങ്ങളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ആനന്ദ്, അല്‍ന രാജ് റോലി പഥക് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്. ഷെഡ്യൂൾ പ്രകാരം നവംബർ ഒന്നിനാണ് വോളിബാൾ മത്സരം നടക്കേണ്ടത്. അടുത്തിടെ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വോളിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്ന് തവണ സ്വര്‍ണം നേടിയ ദക്ഷിണ കൊറിയയെയും ഉയര്‍ന്ന റാങ്കുള്ള ചൈനീസ് തായ്‌പേയിയെയും ഇന്ത്യന്‍ ടീം അട്ടിമറിച്ചിരുന്നു.