Web Special
ഞങ്ങളുടെ സ്വത്ത് ജപ്തി ചെയ്തത് എന്തിന്? കാരണമറിയാതെ മൊയ്തീൻകുട്ടിയും അബ്ദുർറഹ്മാനും
കേരള മുസ്ലിം ജമാഅത്തിന്റെ തണലില്‍ നില്‍ക്കുന്നവരാണ് മൊയ്തീൻകുട്ടിയും അബ്ദുർറഹ്മാൻ മുസ്‍ലിയാരും. സമൂഹത്തില്‍ ഛിദ്രത വളര്‍ത്തുന്ന എല്ലാ ആശയങ്ങളേയും ദൂരെ നിര്‍ത്താന്‍ പഠിച്ചവര്‍. എന്നിട്ടും ഏതുദ്യോഗസ്ഥന്റെ തെറ്റിനാണു തങ്ങള്‍ ഈ വിധം വേദന തിന്നേണ്ടിവന്നത് എന്നാണ് അവരുടെ ചോദ്യം.
കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുന്ന വീട്ടിനു മേല്‍ ഒരു നാള്‍ ഉദ്യോഗസ്ഥരെത്തി ജപ്തി നോട്ടീസ് പതിച്ചിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികള്‍ എങ്ങിനെ തങ്ങളുടെ കവാടം കടന്നെത്തിയെന്നറിയാതെ വേവലാതിയാണ് വയനാട്ടിലെ യു പി അബ്ദുറഹ്മാന്‍ മുസ്ലിയാരും മലപ്പുറം ചെമ്മാട് സി കെ നഗറിലെ പള്ളിയാളി മൊയ്തീന്‍ കുട്ടിയും. പോപ്പുലര്‍ ഫ്രണ്ടിന്റെ ആശയങ്ങളെ എന്നും വെറുപ്പോടെ മാത്രം കണ്ട രണ്ടടുപേർ. പിഎഫ്ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ അടുത്തെങ്ങും പോയിട്ടുപോലുമില്ല ഇവരുവരും. എന്നിട്ടും ജപ്തി ചെയ്യേണ്ടവരുടെ പട്ടികയില്‍ തങ്ങളുടെ പേരെങ്ങിനെ വന്നു എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
കേരള മുസ്ലിം ജമാഅത്തിന്റെ തണലില്‍ നില്‍ക്കുന്നവരാണ് മൊയ്തീൻകുട്ടിയും അബ്ദുർറഹ്മാൻ മുസ്‍ലിയാരും. സമൂഹത്തില്‍ ഛിദ്രത വളര്‍ത്തുന്ന എല്ലാ ആശയങ്ങളേയും ദൂരെ നിര്‍ത്താന്‍ പഠിച്ചവര്‍. എന്നിട്ടും ഏതുദ്യോഗസ്ഥന്റെ തെറ്റിനാണു തങ്ങള്‍ ഈ വിധം വേദന തിന്നേണ്ടിവന്നത് എന്നാണ് അവരുടെ ചോദ്യം.
‘സ്വകാര്യ / പൊതുമുതല്‍ നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച് നിങ്ങള്‍ അടക്കേണ്ട കുടിശ്ശിക 5.2 കോടി രൂപ അടക്കുന്നതില്‍ വീഴ്ച വരുത്തിയിരിക്കയാല്‍ നിങ്ങള്‍ താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ ഇനി ഒരുത്തരവ് ഉണ്ടാകുന്നതു വരേ താഴെ പറയുന്ന സ്ഥാവര സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുകയോ ബാധ്യതപ്പെടുത്തുകയോ ചെയ്യുന്നതില്‍ നിന്ന് ഇതിനാന്‍ നിരോധിച്ചു കൊണ്ടും നിയന്ത്രിച്ചു കൊണ്ടും അപ്രകാരമുളള കൈമാറ്റം ചെയ്യലില്‍ നിന്നോ ബാധ്യതപ്പെടുത്തലില്‍ നിന്നോ യാതൊരു വിധ ലാഭമുണ്ടാക്കുന്നതില്‍ നിന്നും നിരോധിച്ചു കൊണ്ട് ഉത്തരവായികൊള്ളുന്നു. പ്രസ്തുത കുടിശ്ശിക പലിശയും നടപടിച്ചെലവും സഹിതം 15 ദിവസത്തിനകം അടക്കുന്നില്ലെങ്കില്‍ താഴെ പറയുന്ന സ്ഥാവര സ്വത്തുക്കള്‍ നിയമപ്രകാരം വില്‍പന നടത്തുന്നതാണെന്നും ഇതിനാല്‍ ഉത്തരവാകുന്നു ‘ – ജില്ലാ കലക്ടര്‍ അധികാരപ്പെടുത്തിയതനുസരിച്ച് തഹസില്‍ദാര്‍ പുറപ്പെടുവിച്ച ഈ വിധമുള്ള ഉത്തരവ് വീട്ടുചുമരില്‍ പതിച്ച് ഉദ്യോഗസ്ഥർ പോയതുമുതല്‍ തീപ്പിടിച്ച തലയുമായി ഓടിനടക്കുകയാണ് ഈ നിരപരാധികളായ ഗൃഹനാഥന്‍മാര്‍.
ജപ്തി നടപടിയില്‍ പേര് ചേര്‍ക്കപ്പെട്ട വയനാട് മുട്ടില്‍ കുട്ടമംഗലം സ്വദേശി യു പി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കല്‍പ്പറ്റയിലെ മദ്‌റസാ അധ്യാപകനാണ്. ഹര്‍ത്താലുമായോ നിരോധിത സംഘടനയുമായോ അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ 14 സെന്റ് സ്ഥലവും വീടുമാണ് റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അളന്ന് നോട്ടീസ് പതിച്ചത്.
കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും മുട്ടില്‍ യൂനിറ്റ് പ്രസിഡന്റുമാണ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളിലൊന്നും പ്രതിയോ സാക്ഷിയോ അല്ല ഇദ്ദേഹം. ഏതെങ്കിലും കേസില്‍ കോടതിയില്‍ നിന്നോ പോലീസ് സ്റ്റേഷനില്‍ നിന്നോ ജാമ്യമെടുത്തിട്ടുമില്ല. ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബത്തിനു ജപ്തി നടപടി സംബന്ധിച്ച് ഒരു മുന്‍കൂര്‍ സൂചനയും ലഭിച്ചിരുന്നില്ല.
ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കി. മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിച്ചു നിജസ്ഥിതി ഉറപ്പുവരുത്തുമെന്നു എസ് പി ഉറപ്പുനല്‍കിയതിന്റെ ആശ്വാസത്തിലാണ് അദ്ദേഹം. തന്റെ സ്വത്തുക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചത് തെറ്റിദ്ധാരണ പ്രകാരമോ ആള് മാറിമോ ആണെന്നും ഇക്കാര്യത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ട് വസ്തുവകകള്‍ക്ക് നേരെയുള്ള നടപടി അവസാനിപ്പിക്കണമെന്നുമാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.
മലപ്പുറം ചെമ്മാട് സി കെ നഗർ സ്വദേശിയാണ് പള്ളിയാളി മൊയ്തീന്‍ കുട്ടി. ആറ് മക്കളുടെ പിതാവായ ഈ 62 കാരന്‍ കേരള മുസ്ലിം ജമാഅത്ത് അംഗമാണ്. മറ്റൊരു സംഘടനയുമായി യാതൊരു ബന്ധവും ഇല്ല. പോപ്പുലര്‍ ഫ്രണ്ട് നയങ്ങളോടു കടുത്ത വിരോധമുള്ള ഇദ്ദേഹത്തിന്റെ സ്വത്തുവകകള്‍ എങ്ങിനെ ജപ്തിചെയ്യേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതിന് അധികൃതർക്കും വ്യക്തമായ ഉത്തരമില്ല.
20 വര്‍ഷത്തിലേറെയായി വീട്ടില്‍ വെച്ച് മിക്ചര്‍ ഉണ്ടാക്കി വിറ്റ് ഉപജീവനം നടത്തുകയാണ് മൊയ്തീൻകുട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെമ്മാട് വിവിധ രാഷ്ട്രീയ-മത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. നാട്ടിലെ നബിദിന റാലിൽ പങ്കെടുക്കാറുണ്ടെങ്കിലും കൂടുതൽ നടക്കാൻകഴിയാത്തതിനാൽ നാലു വർഷത്തിലേറെയായി നബിദിന റാലിയിൽ പോലും പങ്കെടുക്കാറില്ലെന്ന് മൊയ്തീൻ കുട്ടി പറയുന്നു.
ഇതുവരെയായി പോലീസ് കേസോ മറ്റു നോട്ടീസോ മൊയ്തീന്‍ കുട്ടിക്ക് ലഭിച്ചിട്ടില്ല. ഇദ്ദേഹം തന്റെ നിരപരാധിത്വം വ്യക്തമാക്കി ജില്ലാ കലക്ടര്‍ക്കും പോലീസ് മേധവിക്കും പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ തലങ്ങളില്‍ മുസ്ലിം ജമാഅത്തും നിവേദനം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലങ്ങളില്‍ വന്ന പാളിച്ചയാണ് ഇത്തരത്തില്‍ പിശകു സംഭവിക്കാന്‍ കാരണമെന്നും പരിശോധിച്ച് പരിഹാരം കാണുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിന്റെ പേരിൽ നിരപരാധികളുടെ വസ്തുവഹകൾക്ക് എതിരെ ജപ്തിനടപടി സ്വീകരിച്ചത് തെറ്റാണെന്നും ഈ നടപടികള്‍ നിര്‍ത്തി വെച്ച് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ ആവശ്യപ്പെട്ടു.