Kerala
പടക്കം പൊട്ടിക്കുന്നിടത്ത് ആനകളെ നിര്‍ത്തിയതെന്തിന്?; കൊയിലാണ്ടിയിൽ ആനകളിടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി
ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയായ ദേവസ്വത്തിന്റെ കടമ

കൊച്ചി | കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ എന്തിന് നിര്‍ത്തിയെന്ന് ചോദിച്ച കോടതി, ആനകളെ തുടര്‍ച്ചയായി ദീര്‍ഘദൂരം യാത്ര ചെയ്യിപ്പിച്ചതും ചോദ്യം ചെയ്തു. ഒരു ദിവസം ആനകളെ 140 ഓളം കിലോമീറ്ററാണ് യാത്ര ചെയ്യിപ്പിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയായ ദേവസ്വത്തിന്റെ കടമയാണെന്ന് കോടതി വ്യക്തമാക്കി.
രണ്ട് ആനകള്‍ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ തന്നെ വന്യസ്വഭാവം പ്രകടമാക്കും. ആനകള്‍ക്ക് പരുക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജന്‍ റിപോര്‍ട്ട് നല്‍കണം. ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോയെന്നതില്‍ ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ റിപോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനകളായ പീതാംബരനും ഗോകുലും വിരണ്ടോടിയത്. പീതാംബരന്റെ കുത്തേറ്റ് ഗോകുലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ആനകള്‍ പരസ്പരം കൊമ്പുകോര്‍ത്തതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ആന ക്ഷേത്ര ഓഫീസ് തകര്‍ത്തു. ഇതിനിടയില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആനയുടെ ചവിട്ടേറ്റ് മറ്റൊരാളും മരിച്ചു. മുപ്പതോളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.