Editors Pick
എന്തുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ജനിച്ചത്? ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സ കരയുന്നു
എന്റെ മക്കള്‍ നിരപരാധികളാണ്. അവര്‍ സമാധാനത്തോടെ ജീവിക്കാന്‍ അര്‍ഹരാണ്. ദയവായി ഞങ്ങളെ സഹായിക്കൂ.
ന്യൂഡല്‍ഹി| ഹമാസ്- ഇസ്‌റാഈല്‍ സംഘര്‍ഷം ഏഴാം ദിവസവും തുടരുകയാണ്. ഇപ്പോള്‍ ഗസ്സയിലെ ജനതയുടെ തേങ്ങിക്കരച്ചിലാണ് മനസാക്ഷിയുള്ളവരുടെ കാതില്‍ മുഴങ്ങുന്നത്. ഗസ്സ സിറ്റിയിലെ റിമാല്‍ എന്ന സ്ഥലം ഇസ്‌റാഈല്‍ വ്യോമാക്രമണത്തിന് ശേഷം തകര്‍ന്നടിഞ്ഞതായാണ് റിപ്പോര്‍ട്ട്. റിമാലിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപികയും 37 കാരിയുമായ സുസാന്‍ ബര്‍സാക്ക് തന്റെ നഗരത്തെ ഭീതിയോടെയാണ് ഓര്‍ക്കുന്നത്.
ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് ഗസ്സയ്ക്ക് അടുത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് അവളും കുടുംബവും താമസിച്ചിരുന്നത്. ഇസ്‌റാഈലിന്റെ ആക്രമണത്തെത്തുടര്‍ന്ന് മനസമാധാനം നഷ്ടപ്പെട്ടാണ് തങ്ങള്‍ കഴിയുന്നതെന്ന് ബര്‍സാക്ക് പറഞ്ഞു. ഞങ്ങള്‍ക്ക് ജീവനുണ്ടെന്നേയുള്ളൂവെന്നും പേടിയോടെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതെന്നും ബര്‍സാക്ക് വ്യക്തമാക്കി. ആദ്യത്തെ രണ്ട് ദിവസത്തേക്ക് ഞങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും വൈദ്യുതിയും ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി ഞങ്ങളുടെ മാനസികാഘാതം സംഭവിച്ച കുട്ടികളുമായി ഇടപെടുകയായിരുന്നുവെന്ന് ബര്‍സാക്ക് പറഞ്ഞു. കുട്ടികള്‍ നിരന്തരം കരയുകയും ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് നമ്മള്‍ ഇവിടെ ജനിച്ചത്? എന്തുകൊണ്ടാണ് നമുക്ക് ജീവിക്കാന്‍ കഴിയാത്തത്? എന്തുകൊണ്ടാണ് ഇസ്‌റാഈലി സൈന്യം ഞങ്ങളെ കൊല്ലാന്‍ ആഗ്രഹിക്കുന്നത്? ഇന്ന് രാത്രി നമ്മള്‍ മരിക്കുമോ? അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാല്‍ ഞാന്‍ എന്തുചെയ്യണം? ഞാന്‍ മരിക്കുന്നതിന് മുമ്പ് ആരെങ്കിലും എന്നെ കണ്ടെത്തുമോ? പിതാവിനും മാതാവിനും എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ എവിടെ ജീവിക്കും?ഇതുപോലുള്ള ചോദ്യങ്ങള്‍ കൂടി ചോദിച്ച് കുട്ടികള്‍ ഞങ്ങളുടെ ഉത്തരം മുട്ടിക്കുന്നു.
എന്റെ 12 വയസ്സുള്ള മകന്‍ കരീമും ഗസ്സയുടെ നാശത്തിന്റെ യഥാര്‍ത്ഥ വ്യാപ്തിക്ക് സാക്ഷ്യം വഹിച്ചു. ഞങ്ങളുടെ അയല്‍ക്കാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കളുടെ വീടുകള്‍, കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൂര്‍ണമായും നശിച്ചു. ഞങ്ങളുടെ സ്വന്തം കെട്ടിടവും ഭാഗികമായി നശിപ്പിക്കപ്പെട്ടു. എന്റെ മകന് അവന്റെ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടു, സുഹൃത്തുക്കളെ നഷ്ടപ്പെട്ടു, എന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഭവനരഹിതരായി, അവരുടെ കുടുംബങ്ങളും നഷ്ടപ്പെട്ടു. ഞങ്ങള്‍ എല്ലാവരും തകര്‍ന്നിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസ, ആരോഗ്യ, പൗര, വാണിജ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലനിന്നിരുന്ന ഗസ്സയില്‍ എല്ലാം അവശിഷ്ടങ്ങളായി. ഞാനൊരു മാതാവാണ്, ഞങ്ങളെ സഹായിക്കാന്‍ ലോകത്തോട് യാചിക്കാനാണ് ഞാന്‍ ഈ കഥ വിവരിക്കുന്നത്. എന്റെ മക്കള്‍ നിരപരാധികളാണ്. അവര്‍ സമാധാനത്തോടെ ജീവിക്കാന്‍ അര്‍ഹരാണ്. ദയവായി ഞങ്ങളെ സഹായിക്കൂ-ബര്‍സാക്ക് പറഞ്ഞു.