Connect with us

National

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിനിത്ര ആശങ്ക?; ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാട്. മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ.

Published

|

Last Updated

ന്യൂഡല്‍ഹി | മദ്‌റസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ഇത്ര ആശങ്കയെന്ന് കോടതി ചോദിച്ചു.

കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാട്. മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ. കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദേശമുണ്ടോ. തുടങ്ങിയ ചോദ്യങ്ങള്‍ പരമോന്നത കോടതി ഉന്നയിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെ ചോദ്യം ചെയ്തത്. 2004ലെ യു പി മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം.

യു പി മദ്‌റസാ ബോര്‍ഡ് ആക്ട് മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാര്‍ച്ച് 22ന് പുറപ്പെടുവിച്ച ഈ വിധി ഏപ്രിലില്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

യു പി മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് ആക്ട്-2022നെ അലഹബാദ് ഹൈക്കോടതി പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ലെന്നായിരുന്നു യു പി സര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് സുപ്രീം കോടതിയില്‍ വാദിച്ചത്. ആക്ടിലെ മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ മാത്രമാണ് തള്ളിപ്പറഞ്ഞതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

Latest